സിറിയന്‍ പ്രധാനമന്ത്രി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

Posted on: April 30, 2013 6:00 am | Last updated: April 30, 2013 at 1:09 am

ദമാസ്‌കസ്: സിറിയന്‍ പ്രധാനമന്ത്രി വാഇല്‍ അല്‍ ഹല്‍ഖി കാര്‍ ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പശ്ചിമ ജില്ലയായ മേസായുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ഹല്‍ഖിയുടെ അകമ്പടി വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ബോംബ് വെച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാറിന് നിയന്ത്രണമുള്ള സ്ഥലത്താണ് ബോംബ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭരണ കക്ഷിയായ ബഅത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് ഹല്‍ഖി. സിറിയന്‍ സൈന്യവും തമ്മില്‍ വിമതരും മാസങ്ങളായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടായിരിക്കുന്നത്. 2011 മാര്‍ച്ചില്‍ തുടങ്ങിയ ഏറ്റുമുട്ടലുകളില്‍ ഇതുവരെ എഴുപതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.