ആദിവാസി ഗോത്രമഹാസഭ പ്രക്ഷോഭത്തിലേക്ക്

Posted on: April 30, 2013 6:00 am | Last updated: April 30, 2013 at 12:45 am

കോഴിക്കോട്:ആദിവാസികളുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ ഗുരുതര വീഴ്ചകള്‍ തുറന്നുകാട്ടാന്‍ ഗോത്ര മഹാസഭ ഒരുങ്ങുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഒപ്പ് ശേഖരിച്ച് അടുത്ത ആഴ്ച തന്നെ സര്‍ക്കാറിന് സമര്‍പ്പിക്കും. നടപടി കൈക്കൊള്ളുന്നില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് ഉയരുന്നത് മന്ത്രി പി കെ ജയലക്ഷ്മിയുടെ അനാസ്ഥ മൂലമാണെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു ആവശ്യപ്പെട്ടു. ആദിവാസികളുടെ ക്ഷേമത്തിനായി ഒരു വകുപ്പും അതിനൊരു മന്ത്രിയും ഉണ്ട്. എന്നാല്‍ അവര്‍ വിനോദയാത്ര നടത്തുന്നതുപോലെയാണ് ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്. സൂക്ഷ്മ തലത്തിലുള്ള തീവ്രവാദമാണ് സര്‍ക്കാര്‍ നടത്തുന്നത്. പോഷകാഹാരക്കുറവ് മൂലം 30ല്‍ അധികം ശിശുക്കള്‍ മരിച്ചിട്ടും അന്വേഷണമോ നടപടിയോ സ്വീകരിച്ചിട്ടില്ല. കുട്ടികളുടെ മരണത്തിലൂടെ സംഭവിക്കുന്നത് ഒരു വംശത്തിന്റെ തന്നെ ഇല്ലായ്മയാണ്. ഐ ടി ഡി പി എന്ന ദേശീയ ആദിവാസി നയം പുന:സ്ഥാപിക്കണം. അട്ടപ്പാടിയിലെ ആദിവാസികളുടെ അതിജീവനം ഉറപ്പ് വരുത്താനുള്ള സമഗ്ര പദ്ധതിക്ക് രൂപം നല്‍കാന്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു കമ്മീഷന് രൂപം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആദിവാസികളുടെ ക്ഷേമത്തിനായി ഒരുപാട് പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇവയുടെ ഗുണഫലങ്ങളൊന്നും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല. ഉദ്യോഗസ്ഥ ലോബിയും ഇടനിലക്കാരും വീതം വെച്ചെടുക്കുന്നതോടെ പദ്ധതിക്ക് വകയിരുത്തിയ തുക തീരും. മന്ത്രി ജയലക്ഷ്മിയുടെ വകുപ്പ് നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥരാണെന്നും അവര്‍ ആരോപിച്ചു. ആരോഗ്യ വകുപ്പിന്റെ പദ്ധതി, എന്‍ ആര്‍ എച്ച് എം, ഐ സി ഡി എസ്, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയൊന്നും ആദിവാസി മേഖലകളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല. ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് കുടുംബശ്രീ വഴി നടപ്പാക്കിയ പോഷകാഹാര പദ്ധതിയിലും ന്യൂട്രീമിക്‌സ് ഉത്പാദന പദ്ധതിയിലുമാണ്. സി എ ജി റിപ്പോര്‍ട്ട് പോലും യു ഡി എഫ് സര്‍ക്കാര്‍ മറച്ചുവെച്ചു. അട്ടപ്പാടിയിലെ പോലീസ് സംവിധാനം കുറ്റവാളികള്‍ക്കും അക്രമികള്‍ക്കും ഒപ്പമാണെന്നും അവര്‍ ആരോപിച്ചു. പണ്ട് പ്രകൃതിയോടിണങ്ങി ജീവിച്ചപ്പോള്‍ ആദിവാസികള്‍ക്കിടയില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടായിരുന്നില്ല. അവര്‍ കൃഷി ചെയ്ത് അന്നം കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ തന്നെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയും കാറ്റാടി മരങ്ങള്‍ സ്ഥാപിക്കുകയും വന്‍കിടക്കാര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ആദിവാസികള്‍ കൂലിപ്പണിക്കാരാകുകയും അവര്‍ക്ക് ജീവിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാകുകയും ചെയ്തു. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട പദ്ധതികളും ആനുകൂല്യങ്ങളും ഔദാര്യമല്ലെന്നും അവകാശമാണെന്നും ഭൂപരിഷ്‌കരണ സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടി.