ആഴമേറിയ ചര്‍ച്ചകള്‍; അമ്പരപ്പിക്കുന്ന അച്ചടക്കം

Posted on: April 28, 2013 10:25 am | Last updated: April 28, 2013 at 11:03 am

rallyരിസാല സ്‌ക്വയര്‍: ആഴമേറിയ ചര്‍ച്ചകളാല്‍ രിസാല സ്‌ക്വയര്‍ സമ്പന്നം. ഗഹനമേറിയ പഠനങ്ങളിലൂടെ സമര സഖാക്കള്‍ വരും നാളുകളിലേക്കുള്ള ഊര്‍ജം സംഭരിക്കുകയാണ്. അത്യുഷ്ണത്തിന്റെ കാഠിന്യം ഇവരെ തളര്‍ത്തുന്നില്ല. ഒരേമനസുമായി ഒരു ലക്ഷ്യത്തിലേക്ക് സമരമുഖം തുറന്നിരിക്കുകയാണിവര്‍. വിശ്രമത്തിന്റെ ഇടവേളകളില്ലാതെ ഗൗരവമായ ഇടപെടലുകള്‍ക്ക് കോപ്പ് കൂട്ടുകയാണ് പ്രതിനിധികള്‍. സമരത്തെ നിര്‍ണയിക്കുകയും അതിന്റെ ദിശയും മാര്‍ഗവും നിര്‍വചിക്കുകയുമാണിവിടെ. നിലവിലുള്ള സാഹചര്യം ഇത് അനിവാര്യമാക്കിയിട്ടുണ്ടെന്ന തിരിച്ചറിവിലൂടെയാണ് രിസാല സ്‌ക്വയറിലെ ചര്‍ച്ചകളുടെ സഞ്ചാരം. പക്വമായ കാഴ്ചപ്പാടിലൂന്നി പുതിയ സമരമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. അധര്‍മങ്ങള്‍ക്കും അനീതിക്കുമെതിരെ നിലപാടുകള്‍ ഇല്ലാതിരിക്കുന്നത് അപഹാസ്യമാണെന്ന് സമ്മേളനം ബോധ്യപ്പെടുത്തുന്നു. നിലപാടില്ലായ്മ അരാഷ്ട്രീയമാണെന്നും തിന്മയുമായുള്ള ഒത്തുകളിയാണെന്നും വിളിച്ചുപറയുന്നു. ഈ ഒത്തുകളിക്കെതിരെ സന്ധിയില്ലാ സമരം തുടരുമെന്ന് മുന്നറിയിപ്പും നല്‍കുന്നു.
പതിനായിരം പ്രതിനിധികള്‍ ഒരുമിച്ചു കൂടിയ സമ്മേളനം കൊച്ചി നഗരവും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. അച്ചടക്കം തന്നെയാണ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണം. അതിഥികളെയും ആതിഥേയരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ഈ ഒരുമയും ഐക്യവും. നേതാക്കളുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന പ്രതിനിധികളുടെ ഇടപെടല്‍ സമ്മേളനത്തെ കൃത്യമായി മുന്നോട്ടുനയിക്കുന്നു. നിശ്ചയിച്ച സമയത്ത് തന്നെ ഓരോ സെഷനും നടക്കുന്നതിന് പ്രതിനിധികളുടെ കൃത്യത സഹായകമാകുന്നുണ്ട്. അടുക്കും ചിട്ടയോടെയുമാണ് എല്ലാ ക്രമീകരണങ്ങളും. സംഘടനാ സംവിധാനത്തിലെ കണ്‍ട്രോള്‍ ബോര്‍ഡും പ്ലാനിംഗ് ബോര്‍ഡും അപ്പപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നു. കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് സമ്മേളന നടപടികള്‍ വിലയിരുത്തുന്നു. മാര്‍ഗനിര്‍ദേശം നല്‍കാന്‍ സമുന്നതരായ നേതാക്കള്‍ സമ്മേളന നഗരിയില്‍ തന്നെയുണ്ട്.
ഭക്ഷണ വിതരണത്തിന് പ്രത്യേകം പരിശീലനം നല്‍കിയ വളണ്ടിയര്‍ സംഘമുണ്ട്. സമ്മേളന ഹാളിനടുത്ത് തന്നെ നിസ്‌കരിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയങ്ങളില്‍ തന്നെ ഘട്ടംഘട്ടമായി നിസ്‌കാരം നടക്കുന്നു. അംഗശുദ്ധി വരുത്താനും പ്രാഥമിക കര്‍മ്മങ്ങള്‍ക്കുമെല്ലാം വിപുലമായ ക്രമീകരണങ്ങള്‍.
സമ്മേളനങ്ങള്‍ കണ്ട് പരിചയിച്ചവരാണ് കൊച്ചിക്കാര്‍. എന്നാല്‍ ഇങ്ങനെയൊന്ന് ആദ്യമാണെന്ന് കണ്ടവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. മാറി നിന്ന് സമ്മേളനം വീക്ഷിക്കുന്നവര്‍ അധികം വൈകാതെ ആതിഥേയരാകുന്നു. കൊച്ചി നഗരം ഈ സമ്മേളനം ഏറ്റെടുക്കുകയാണ്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഇന്നത്തെ റാലിയും പൊതുസമ്മേളനവും കാണാനും അനുഭവിക്കാനും കാത്തിരിക്കുകയാണിവര്‍.
സമരത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം നാരിഴ കീറി ചര്‍ച്ച ചെയ്യുകയാണ് സമ്മേളനത്തിലെ ഓരോ സെഷനും.
സംഘശക്തിയുടെ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഭാഷണത്തോടെയാണ് ഇന്നലെ രിസാല സ്‌ക്വയര്‍ ഉണര്‍-ത്. ഗുരുമുഖം സെഷനില്‍ ‘അറിവ് ഉണര്‍വിന്റെ ആയുധം’ എന്ന വിഷയത്തില്‍ പ്രതിനിധികള്‍ക്ക് കാന്തപുരം വിശദമായ ക്ലാസെടുത്തു. സമസ്തയുടെ സമുന്നതരായ നേതാക്കളും ഗുരുമുഖത്തിലെത്തി. പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പി ഹസന്‍ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി തുടങ്ങിയവര്‍ ഈ സെഷനില്‍ സാന്നിധ്യമറിയിച്ചു.
സമരത്തിന്റെ പാഠവും ചരിത്രവും അയവിറക്കിയ പഠനമായിരുന്നു രണ്ടാമത് സെഷന്‍. പാറ്റ്‌ന സര്‍വകലാശാല പ്രൊഫ. ശമീം മുന്‍ഇമി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ വിഷയാവതരണം നടത്തി. എം മുഹമ്മദ് സ്വാദിഖ് ആമുഖ ഭാഷണം നടത്തി. മാധ്യമ രംഗത്തെ പ്രമുഖര്‍ അണിനിരന്ന മാധ്യമ സെമിനാര്‍ സമ്മേളനത്തിലെ വേറിട്ട അനുഭവമായി. എന്‍ എസ് മാധവന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, തോമസ് ജേക്കബ്, ജോണി ലുക്കോസ്, അഡ്വ. എ ജയശങ്കര്‍, എം പി ബഷീര്‍, ടി കെ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവരാണ് മാധ്യമ സെമിനാറില്‍ അണിനിരന്നത്.
അറിവിന്റെ സാമൂഹിക ശാസ്ത്രമാണ് തുടര്‍ന്ന് വിശകലനവിധേയമാക്കിയത്. വിദ്യാഭ്യാസ പണ്ഡിതര്‍ക്കൊപ്പം വിദ്യാര്‍ഥി സംഘടനാപ്രതിനിധികളും ഈ സെഷനില്‍ അണിനിരന്നു.