നിലമ്പൂരില്‍ കുടിവെള്ള വിതരണത്തിന് 63 ലക്ഷം രൂപയുടെ പദ്ധതികള്‍

Posted on: April 27, 2013 6:00 am | Last updated: April 27, 2013 at 1:24 am

നിലമ്പൂര്‍: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂരില്‍ ഉന്നതതല യോഗം ചേര്‍ന്നു. കടുത്ത വരള്‍ച്ച മൂലം കുടിവെള്ളം പോലും മുടങ്ങിയ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം മന്ത്രി ആര്യാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിനായി 63 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അനുമതിയായി. ഇതോടൊപ്പം ഹില്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി വര്‍ഗീസ്, ഒ ടി ജയിംസ്, പി ഉസ്മാന്‍, സി ഡി സെബാസ്റ്റ്യന്‍, ഓമന നാഗലോടി, നഫീസ റദീസ്, എന്‍ എം ബശീര്‍, ലിസി ജോസഫ്, ഡി എഫ് ഒ സി വി രാജന്‍ സംബന്ധിച്ചു.