തമിഴ്‌നാട് കേരള സെക്രട്ടേറിയറ്റില്‍ നിന്നും വിവരം ചോര്‍ത്തി

Posted on: April 26, 2013 3:29 pm | Last updated: April 26, 2013 at 10:32 pm

niyamasabhaതിരുവനന്തപുരം: നദീജല തര്‍ക്കങ്ങളുടെ ഫയലിലെ വിവരങ്ങള്‍ സെക്രട്ടറിയേറ്റല്‍ നിന്ന് തമിഴ്‌നാട് ചോര്‍ത്തുന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള നദീജലതര്‍ക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് സെക്രട്ടറിയേറ്റില്‍ നിന്നും തമിഴ്‌നാട്ടിലെ പി.ആര്‍.ഡി ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനും മലയാളിയുമായ ഉണ്ണികൃഷ്ണനെതിരെയാണ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.ഉണ്ണികൃഷ്ണനെ സെക്രട്ടേറിയറ്റില്‍ പ്രവേശിപ്പിക്കനനതില്‍ വിലക്കണമെന്നാവശ്യപ്പെടുന്ന ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരിലൂടെ കഴിഞ്ഞ 22 വര്‍ഷമായി തമിഴ്‌നാട് ഇങ്ങനെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.നദീജലതര്‍ക്കങ്ങളില്‍ കേരളത്തിന്റെ തീരുമാനങ്ങള്‍ ചോര്‍ത്തി തമിഴ്‌നാടിന് നല്‍കുന്നതാണ് പല കേസുകളിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്നതെന്നും ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പറമ്പിക്കുളംആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലുള്ള ഫയലിലെ വിവരങ്ങള്‍ ചോദിച്ചതോടെയാണ് ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന സംശയം ഉടലെടുത്തത് . തുടര്‍ന്നു നടത്തിയ ഇന്റലിജന്‍സ് അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്‍ നടത്തിയ ചാരവൃത്തിയുടെ വിവരങ്ങള്‍ വെളിപ്പെടുകയായിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആഭ്യന്തര വകുപ്പിലെ ഒരു അണ്ടര്‍ സെക്രട്ടറി നല്‍കിയ പാസ് ഉപയോഗിച്ചാണ് ഇയാള്‍ സെക്രട്ടറിയേറ്റിലും മന്ത്രിമാരുടെ ഓഫീസിലും പ്രവേശിക്കുന്നത്. രേഖകള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ മുന്‍കൈയെടുത്ത് തമിഴ്‌നാട്ടില്‍ വിനോദയാത്രകള്‍ ഒരുക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായി.