കുടിവെളള പൈപ്പ് നീട്ടല്‍ കണ്ണൂരില്‍1.64 കോടിയുടെ പദ്ധതിക്ക് നിര്‍ദേശം

Posted on: April 26, 2013 6:04 am | Last updated: April 26, 2013 at 12:05 pm

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡത്തിലെ വിവിധയിടങ്ങളില്‍ കുടിവെളള പൈപ്പ് നീട്ടുന്നതിനായി 1.64 കോടിയുടെ പദ്ധതി നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും 30 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായും എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ. 79 സ്ഥലത്തെ റോഡുകളില്‍ പൈപ്പ് ലൈന്‍ നീട്ടാനാണ് പ്രൊപ്പോസല്‍. 13 കോടിയോളം രൂപ ജില്ലയില്‍ വരള്‍ച്ച നേരിടുന്നതിനായി അനുവദിച്ചു കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കണ്ണൂര്‍ നിയോജക മണ്ഡലം വരള്‍ച്ചാ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 17ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല വരള്‍ച്ചാ അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ യോഗംചേര്‍ന്നത്. അടിയന്തിരം,ഹ്രസ്വകാലം, ദീര്‍ഘകാലാടിസ്ഥാനത്തിലുളള കുടിവെളള പ്രശ്‌നപരിഹാര നടപടികള്‍തുടങ്ങിക്കഴിഞ്ഞതായും മണ്ഡലത്തിലെ പൊതു കുളങ്ങള്‍, കിണറുകള്‍ കുഴല്‍ കിണറുകള്‍ എന്നിവയുടെ പുനരുദ്ധാരണം, കുടിവെളള കണക്ഷന്‍ നല്‍കല്‍, പൊതു പൈപ്പ് ലൈന്‍ നീട്ടല്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. കുടിവെളള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്ന വിവരം അറിയിച്ചാലും വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അറിയിച്ചു. പഞ്ചായത്തുകള്‍ എസ്റ്റിമേറ്റ് തുക വാട്ടര്‍ അതോറിറ്റിയില്‍ അടച്ചാലും ടെണ്ടര്‍ എടുക്കാന്‍ ആളില്ലെന്ന കാരണത്താല്‍ റീടെണ്ടര്‍ നടപടികളില്‍ കുരുങ്ങി കുടിവെളള പദ്ധതികള്‍ നടപ്പാക്കാത്ത അവസ്ഥയുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു.
ചേലോറ പഞ്ചായത്തിലെ കുടിവെളള പൈപ്പ് ലൈന്‍ നീട്ടുന്നതിന് ആവശ്യപ്പെട്ട മുഴുവന്‍ പദ്ധതികളും എം എല്‍ എ അംഗീകരിച്ച്‌നല്‍കിയിട്ടുണ്ടെന്നുംവാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഇതേ സമീപനമുണ്ടായാല്‍ നാട്ടിലെ കുടിവെളള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നും പ്രസിഡണ്ട് പുരുഷോത്തമന്‍ മാസ്റ്റര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ കുടിവെളള വിതരണത്തിനായി സ്വന്തമായി ടാങ്കര്‍ ലോറി വാങ്ങുന്നതിന് അനുമതി ഉണ്ടാകണമെന്നും എം എല്‍ എ ഫണ്ട് അനുവദിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ എം സി ശ്രീജ അഭിപ്രായപ്പെട്ടു. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും വാര്‍ഡു മെമ്പര്‍മാരും അതാത് പഞ്ചായത്തിലെ കുടിവെളള വിതരണ പദ്ധതികളിലെ അടിയന്തിരാവശ്യങ്ങള്‍ ജില്ലാ കലക്ടറെ രേഖാമൂലം അറിയിക്കണമെന്നും എം എല്‍ എ യോഗത്തില്‍ അറിയിച്ചു.