Connect with us

Kozhikode

സംസ്ഥാന ശരാശരിയേക്കാള്‍ ജില്ലക്ക് മികച്ച വിജയം

Published

|

Last Updated

കോഴിക്കോട്: എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ മികച്ച വിജയം. സംസ്ഥാനത്ത് 94.17 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ജില്ലയില്‍ 95.43 ശതമാനം പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ജില്ലയില്‍ 47,358 പേരാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. അതില്‍ 22,371 പേര്‍ പെണ്‍കുട്ടികളാണ്. മികച്ച നേട്ടം കരസ്ഥമാക്കിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ 95.97 ശതമാനമെന്ന നേട്ടം കൈവരിക്കാന്‍ ജില്ലക്ക് കഴിഞ്ഞില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ കോഴിക്കോട് ജില്ലയില്‍ നിന്നാണ്. 1413 പേരാണ് എ പ്ലസ് ഗ്രേഡ് നേടിയത്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 531, വടകരയില്‍ 475, താമരശ്ശേരി 407 എ പ്ലസുകാരുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 383ഉം താമരശ്ശേരിയില്‍ 265ഉം വടകരയില്‍ 292ഉം പെണ്‍കുട്ടികളാണ് എ പ്ലസ് നേടിയത്. ജില്ലയിലെ കഴിഞ്ഞ വര്‍ഷത്തെ എ പ്ലസ് നേട്ടം 1023 ആയിരുന്നു. കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലായി 45,192 പേരാണ് ഉപരി പഠനത്തിന് അര്‍ഹരായത്.
മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 40 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ പതിമൂന്ന് സ്‌കൂളുകളും താമരശ്ശേരിയില്‍ പതിനാറ് സ്‌കൂളുകളും വടകരയില്‍ പതിനൊന്ന് സ്‌കൂളുകളുമാണ് 100 ശതമാനം വിജയം നേടിയത്. ഇതില്‍ നാലെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. കഴിഞ്ഞ വര്‍ഷം 37 സ്‌കൂളുകളായിരുന്നു നൂറ് ശതമാനം കൊയ്തത്.
പതിനേഴ് സ്‌കൂളുകള്‍ക്ക് നേരിയ വിത്യാസത്തിനാണ് സമ്പൂര്‍ണ വിജയമെന്ന നേട്ടം നഷ്ടമായത്. പരീക്ഷ എഴുതിയതിലെ ഒരു വിദ്യാര്‍ഥിക്ക് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാന്‍ കഴിയാതെ പോയതാണ് ഈ സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം നഷ്ടപ്പെടുത്തിയത്.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ വിജയോത്സവം പദ്ധതിയാണ് ജില്ലയിലെ റെക്കോര്‍ഡ് വിജയത്തിന് കാരണമായത്. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ 192 സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയാണ് വിജയോത്സവം പദ്ധതി നടപ്പാക്കിയിരുന്നത്.

Latest