Connect with us

Kozhikode

പേരാമ്പ്ര ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടമായി

Published

|

Last Updated

പേരാമ്പ്ര: ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വളരെയേറെ ദുരിതം സഹിച്ച് സേവന രംഗത്ത് വര്‍ഷങ്ങളായി സ്ത്യുത്യര്‍ഹമായ സേവനമനുഷ്ടിച്ചുവന്ന പേരാമ്പ്ര ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം സജ്ജമായി. 60 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ പ്രവൃത്തി ഏറ്റെടുത്ത് സമയബന്ധിതമായാണ് പണി പൂര്‍ത്തീകരിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍, 5 അസിസ്റ്റന്റ്, 11 ഫയര്‍മാന്‍മാര്‍, ആറ് ട്രെയിനികള്‍ ഉള്‍പ്പെടെ 22 പേരാണ് പഴയ പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ നിന്ന് തിരിയാനിടമില്ലാതെ വിഷമിച്ചിരുന്നത്. കെട്ടിടം പണിപൂര്‍ത്തിയായതോടെ ഈ അവസ്ഥക്ക് പൂര്‍ണമായും മാറ്റം വരും.
നാല് വാഹനങ്ങള്‍ക്ക് ഏത് സമയത്തും നിമിഷങ്ങള്‍ക്കകം പുറപ്പെടാന്‍ പാകത്തിലാണ് പാര്‍ക്കിംഗ് സജ്ജീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ രണ്ട് ഫയര്‍ എന്‍ജിന്‍ വാഹനങ്ങളും ഒരു ആംബുലന്‍സുമാണ് ഇവിടെ സേവനത്തിനായുള്ളത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഒരു വാഹനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സേനാംഗങ്ങളും നാട്ടുകാരും. മലയോര പ്രദേശങ്ങളുള്‍പ്പെടെ സാധാരണ ഗതിയില്‍ 30 കിലോമീറ്റര്‍ ചുറ്റളവില്‍ പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നാണ് സേവനം ലഭിക്കേണ്ടത്.
പുതുതായി നിര്‍മിച്ച ഇരുനിലകെട്ടിടത്തില്‍ താഴെ നിലയില്‍ ഓഫീസ് പ്രവര്‍ത്തനവും മുകളില്‍ ജീവനക്കാര്‍ക്കുള്ള വിശ്രമ കേന്ദ്രം, വിശാലമായ ഹാള്‍ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ കുഞ്ഞമ്മദ് എം എല്‍ എ അധ്യക്ഷത വഹിക്കും.
വിവിധ രാഷ്ട്രീയ-സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ കുമാരന്‍, ടി പി കുഞ്ഞനന്തന്‍, പി ബാലന്‍ അടിയോടി, കൂളിക്കണ്ടി കരീം, കെ കെ രാജന്‍, എം കെ കുഞ്ഞിക്കണ്ണന്‍, എന്‍ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest