Connect with us

Gulf

സഊദി തൊഴില്‍ വകുപ്പ് ഡയറക്ടറുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

Published

|

Last Updated

nivedanam

സൗദിതൊഴില്‍കാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ.അഹ്മദ്ഹുമൈദാന് കാന്തപുരം എ.പി അബൂബക്കര്‍മുസ്‌ലിയാര്‍ നിവേദനം സമര്‍പ്പിക്കുന്നു

റിയാദ്:സഊദി തൊഴില്‍കാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹ്മദ് ഹുമൈദാനുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി. റിയാദില്‍ തൊഴില്‍ മന്ത്രാലയത്തില്‍ വെച്ചു നടന്ന കൂടിക്കാഴ്ചയില്‍, പുതിയ സാഹചര്യത്തില്‍ സഊദിയിലെ ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയും സഊദിയും തമ്മില്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദം കൂടിക്കാഴ്ചയില്‍ പ്രത്യേക പരാമര്‍ശവിധേയമായി. രാജ്യത്തിന്റെ പുരോഗതിയില്‍ ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും രാജ്യത്തു നടപ്പാക്കുന്ന പുതിയ തൊഴില്‍ പരിഷ്‌കരണങ്ങള്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ദോഷകരമായി ബാധിക്കില്ലെന്നും ഡോ. അഹ്മദ് ഹുമൈദാന്‍ പറഞ്ഞു.
അതേസമയം, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സഊദിയിലെ ഇന്ത്യന്‍ സമൂഹം പങ്ക് വെക്കുന്ന കടുത്ത ആശങ്കകള്‍ കാന്തപുരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. സ്‌പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയിലാണെന്നും അവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പും പ്രൊഫഷനും മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. നേരത്തെ സഊദി വിദേശകാര്യമന്ത്രി സഊദ് അല്‍ഫൈസലിന്റെ മകന്‍ ഖാലിദ്ബിന്‍ സഊദ് അല്‍ഫൈസല്‍രാജകുമാരനുമായും കാന്തപുരം കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്റെതല്ലാത്ത കാരണത്താല്‍ വിസ ഹുറൂബായി വര്‍ഷങ്ങളോളമായി നാട്ടിലേക്കു പോകാന്‍ സാധിക്കാതെ ഇന്ത്യക്കാരായ ആയിരങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്ന വിവരവും തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. അവര്‍ക്ക് നിയമാനുസൃതം നാട്ടിലേക്കു പോകാനുള്ള സാഹചര്യമൊരുക്കുകയോ ആവശ്യമെങ്കില്‍ ജോലിക്കായി വീണ്ടും തിരിച്ചുവരാവുന്ന രൂപത്തില്‍ അവരെ കയറ്റി അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. അഹ്മദ് ഹുമൈദാന് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്. ഹുറൂബ് ഇരകള്‍ നേരിടുന്ന പ്രതിസന്ധി തൊഴില്‍ മന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ കാന്തപുരത്തെ അറിയിച്ചു.
കാന്തപുരത്തോടൊപ്പം ഡോ.അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഗാമോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് റഫീഖ് എന്നിവരുമുണ്ടായിരുന്നു. കാന്തപുരത്തിന് സഊദിയില്‍ ഗംഭീര യാത്രയയപ്പു നല്‍കി. സഊദി രാജാവിന്റെ ജേഷ്ഠന്റെ പുത്രന്‍ ഹിസ്‌റോയല്‍ ഹൈനസ് സുഊദ് ഇബ്‌നു മുസാഇദ് ഇബ്‌നു അബ്ദുല്‍ അസീസ്, ശൈഖ് റഫീഖ് ജാമൂന്‍, അബൂ മാജിദ് അബ്ദുല്ല അല്‍ ഹുളരി, അബൂ ഉമര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest