Connect with us

Kozhikode

കനത്ത വെയിലില്‍ കര്‍ഷക പ്രതീക്ഷകള്‍ 'കരിയുന്നു'

Published

|

Last Updated

മുക്കം: ശക്തമായ വരള്‍ച്ചയില്‍ മലയോരത്തെ നൂറുകണക്കിന് കൃഷിയിടങ്ങളില്‍ വിളകള്‍ നാശത്തിലേക്ക്. പ്രതീക്ഷയോടെ വെള്ളവും വളവും നല്‍കി ഫലമെടുപ്പിന് കാത്തിരിക്കുമ്പോഴാണ് കര്‍ഷകര്‍ക്ക് കടുത്ത നിരാശ പകര്‍ന്ന് വിളകള്‍ നശിക്കാന്‍ തുടങ്ങിയത്.
വാഴ, റബ്ബര്‍, ജാതിക്ക, കമുക് എന്നിവക്കാണ് പ്രധാനമായും നാശം നേരിടുന്നത്. പച്ചക്കറികളുടെയും സ്ഥിതി വ്യത്യസ്തമല്ല.
ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ ഇക്കുറി വേനല്‍ കടുത്തത് കാരണം ജനങ്ങള്‍ കുടിവെള്ളത്തിന് പരക്കം പായുമ്പോഴാണ് വ്യാപക കൃഷിനാശമുണ്ടാകുന്നത്.
ആഴ്ചയിലൊരിക്കല്‍ നനച്ചിരുന്ന വാഴകള്‍ ഇപ്പോള്‍ ദിവസവും നനക്കേണ്ട അവസ്ഥയാണ്. രാവിലെ വെള്ളം നനച്ച് വൈകുന്നേരമാകുമ്പോഴേക്ക് വാടുന്ന അവസ്ഥയാണിപ്പോള്‍. വെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പൈപ്പിലൂടെ വെള്ളമടിച്ച് നനക്കാനും പറ്റുന്നില്ല. ദിവസവും നനക്കുന്നത് സാമ്പത്തികമായി വന്‍ ചെലവാണുണ്ടാക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ കനത്ത കാറ്റിലും മഴയിലും പതിനായിരക്കണക്കിന് വാഴകളാണ് നശിച്ചിരുന്നത്. കനത്ത വെയിലിനെ തുടര്‍ന്ന് മലയോരത്ത് നിരവധി റബ്ബര്‍ മരങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടുണ്ട്.
പ്രധാനമായും തൈകള്‍ക്കാണ് വെയില്‍ ക്ഷീണം വരുത്തുന്നത്. പ്രധാനമായും കുന്നിന്‍ പ്രദേശങ്ങളിലാണ് റബ്ബറുകളുണ്ടാകുക. ഇവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്നത് കര്‍ഷകരെ കഷ്ടത്തിലാക്കുന്നു. കമുകുകളെയും വരള്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്. ഉത്പാദനക്കുറവും ഉണക്കവും ഈ കൃഷിയേയും ബാധിച്ചിട്ടുണ്ട്. അടക്കക്ക് നല്ല വിലയുള്ള സമയമാണിത്. കശുവണ്ടി, ജാതിക്ക കൃഷികള്‍ക്കും നാശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പച്ചക്കറികള്‍ ഉണങ്ങുന്നത് മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മെയ് അവസാനത്തില്‍ അനുഭവപ്പെടുന്ന ജലക്ഷാമം ഏപ്രില്‍ തുടക്കത്തില്‍തന്നെ വന്നതോടെയാണ് നനക്കാനും സംരക്ഷിക്കാനും കഴിയാതെ കര്‍ഷകര്‍ പ്രയാസത്തിലായത്.

 

Latest