കേന്ദ്ര മന്ത്രിതല സംഘം 27ന് സഊദിയിലേക്ക്

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 12:40 am

കോഴിക്കോട്: സഊദിയിലെ സ്വദേശിവത്കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രിതല പ്രതിനിധി സംഘം ഈ മാസം 27, 28 തീയതികളില്‍ സഊദി സന്ദര്‍ശിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദും സംഘത്തിലുണ്ടാകും. സഊദിയിലെ തൊഴില്‍ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും. അംബാസഡര്‍മാര്‍, വിവിധ അസിസോയേഷന്‍ ഭാരവാഹികള്‍ എന്നിവരെയും സംഘം കാണും. സഊദിയിലേക്ക് വളരെ വൈകിയാണ് താന്‍ പോയതെന്ന പരാമര്‍ശം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സഊദിയിലുള്ള 24 ലക്ഷം ഇന്ത്യക്കാരില്‍ 20 ലക്ഷം പേര്‍ക്കും സ്വദേശി വത്കരണം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ല. നിയമപരമായി ജോലി ചെയ്യുന്നവരെല്ലാം സുരക്ഷിതരാണ്. ഗ്രൂപ്പ് വിസയില്‍ പോയവരാണ് സ്‌പോണ്‍സര്‍മാരില്ലാതെ ബുദ്ധിമുട്ടുന്നത്. ഇങ്ങനെ വിദേശത്തേക്ക് പോകുന്നത് സംബന്ധിച്ച് ചില നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരും. ഭാവിയില്‍ ആരും ഏജന്റുമാരുടെ വലയില്‍ വീഴാതിരിക്കാന്‍ ഇത് ഉപകരിക്കും. സ്വദേശിവത്കരണത്തെക്കുറിച്ച് ഇന്ത്യക്കാര്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും നിയമപരമായി പോയവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.