Connect with us

Malappuram

രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു: കോടിയേരി ബാലകൃഷ്ണന്‍

Published

|

Last Updated

തിരൂര്‍: രാജ്യത്ത് മുസ്‌ലിംസഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും ആര്‍ എസ് എസ് നടത്തിയ കുറ്റകൃത്യങ്ങള്‍ മുസ്‌ലിം യുവാക്കളുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരൂരില്‍ ഡി വൈ എഫ് ഐ ജില്ലാസമ്മേളനത്തിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി ജെ പി സര്‍ക്കാര്‍ തുടങ്ങിവെച്ച ഇത്തരം നടപടികള്‍ റദ്ദാക്കാനോ വിവിധ ജയിലുകളില്‍ കഴിയുന്ന നിരപരാധികളെ വിട്ടയക്കാനോ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ശ്രമിക്കുന്നില്ലെന്നും മുസ്‌ലിംലീഗ് പോലും ഈ യുവാക്കളുടെ രക്ഷക്കെത്തുന്നില്ലെന്നും കോടിയേരി ആരോപിച്ചു. 12 കോടി തൊഴിലാളികളുടെ ശബ്ദം കേള്‍ക്കാതെ 55 ശതകോടീശ്വരന്‍മാരുടെ കാര്യത്തിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ.
ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. സമാധാനവും ശാന്തിയും നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ട രമേശ് ചെന്നിത്തല റാലി നടത്തേണ്ടത് കേന്ദ്രത്തിലേക്കാണെന്ന് അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേരളത്തിലെ ആശുപത്രികളിലെ ഐ സി യുകള്‍ അവര്‍ക്കായി ബുക്ക് ചെയ്തിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
പ്രമേയം പാസാക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനായി ബഹുജനങ്ങളെ അണിനിരത്തി പോരാട്ടങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് പുതിയ മാറ്റങ്ങള്‍ കാണുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ജില്ലാപ്രസിഡന്റ് എം ബി ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി ശ്രീരാമകൃഷ്്്ണന്‍ എം എല്‍ എ, കെ ടി ജലീല്‍ എം എല്‍ എ, സി പി എം ജില്ലാസെക്രട്ടരി പി പി വാസുദേവന്‍, എം സ്വരാജ്, വി ശശികുമാര്‍, വേലായുധന്‍ വള്ളിക്കുന്ന്, കൂട്ടായി ബശീര്‍, ഇ ജയന്‍, ടി സത്യന്‍, പി കെ കലീമുദ്ദീന്‍, എ ശിവദാസന്‍, അബ്ദുള്ള നവാസ്, തുടങ്ങിയവര്‍ സംസാരിച്ചു. ശക്തിപ്രകടനത്തോടയാണ് ഇന്നലെ പൊതുസമ്മേളനം ആരംഭിച്ചത്.
പയ്യനങ്ങാടിയില്‍ നിന്ന് വൈകിട്ട് 5.30 ഓടെ ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമ്മേളനനഗരിയായ സ്റ്റേഡിയത്തില്‍ സമാപിക്കുകയായിരുന്നു. എം ബി ഫൈസല്‍, അബ്ദുല്ല നവാസ്, ടി സത്യന്‍, പി കെ കലീമുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.