ടുജി സ്‌പെക്ട്രം:പ്രധാനമന്ത്രിക്ക് ജെപിസിയുടെ ക്ലീന്‍ ചിറ്റ്

Posted on: April 18, 2013 9:19 pm | Last updated: April 20, 2013 at 3:54 pm

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ധനമന്ത്രി പി.ചിദംബരത്തിനും സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ക്ലീന്‍ ചിറ്റ് നല്‍കിയതായി സൂചന.ടെലികോം നയത്തെ കുറിച്ച് മുന്‍ മന്ത്രി രാജ പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ല.തീരുമാനത്തില്‍ മുഖ്യപങ്ക് രാജക്കാണെന്നും ജെപിസി വ്യക്തമാക്കി. റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കാനുള്ള ജെപിസി യോഗം ഈ മാസം 25ന് നടക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജെപിസിക്ക് മുമ്പില്‍ ഹാജറായി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജെപിസിക്ക് മുമ്പില്‍ പ്രധാനമന്ത്രി ഹാജറാകേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട്.അഴിമതിയെക്കുറിച്ച് അന്വേഷിച്ച പി.സി.ചാക്കോ അധ്യക്ഷനായ സമിതിയാണ് ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സമിതിയിലെ അംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഇനി പാര്‍ലമെന്റില്‍ വയ്ക്കും.ജെപിസി ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്താന്‍ സാധ്യതയുണ്ട്. ഇടപാടില്‍ പങ്കില്ലെങ്കില്‍ പ്രധാനമന്ത്രി അക്കാര്യം തെളിയിക്കണമെന്നും ജെപിസിക്ക് മുമ്പാകെ ഹാജാറാകാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചത് ഇടപാടില്‍ എന്തോ മറച്ചുവയ്ക്കാനാണെന്ന് സമിതിയിലെ ബിജെപി അംഗം യശ്വന്ത് സിന്‍ഹ ആരോപിച്ചിരുന്നു.