നരോദ്യ പാട്യാ കൂട്ടക്കൊല:പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

Posted on: April 17, 2013 11:23 am | Last updated: April 17, 2013 at 1:33 pm
narodhyapatya.1
മുന്‍മന്ത്രി കോഡ്‌നാനി,ബജ്‌റങ്ദള്‍ നേതാവ് ബാബു ബജ്‌റിംഗ്

അഹമ്മദാബാദ്:ഗുജറാത്ത് കലാപത്തോടനുബന്ധിച്ചുള്ള നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി കോഡ്‌നാനി,ബജ്‌റങ്ദള്‍ നേതാവ് ബാബു ബജ്‌റിംഗ് തുടങ്ങിയ എട്ട് പേര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.ഹരജി സമര്‍പ്പിക്കാന്‍ ഗുജറാത്ത് നിയമ വകുപ്പ് അനുമതി നല്‍കുകയും മൂന്ന് അഭിഭാഷകരുടെ പാനല്‍ തയാറാക്കുകയും ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടര്‍(എ.പി.പി) ഗൗരങ് വ്യാസ് പറഞ്ഞു. വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിച്ച സമയം കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് പ്രത്യേക അന്വേഷണ കമ്മീഷന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നത്.ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായത്തില്‍പെട്ട 97 പേരെ ക്രൂരമായി കൊലപ്പെടുത്തിയ നരോദ പാട്യ കേസില്‍ മുന്‍മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ മായാ കൊഡ്‌നാനിയെ 28 വര്‍ഷം കഠിനതടവിനും ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗിയെ മരണംവരെ തടവിനും ശിക്ഷിച്ചിരുന്നു.ഇവര്‍ക്ക് പുറമെ 32 പേര്‍ കുറ്റക്കാരാണെന്ന് നേരത്തേ പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്. ബാക്കിയുള്ളവരില്‍ ഏഴുപേര്‍ക്ക് 21 വര്‍ഷത്തെ കഠിന തടവും 22 പേര്‍ക്ക് 14 വര്‍ഷത്തെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ ഒളിവിലാണ്.2002 ഫെബ്രുവരി 27നായിരുന്നു സംഭവം നടന്നത്. ഗോധ്ര തീപിടിത്തത്തിനുപിന്നാലെ വി.എച്ച്.പി ആഹ്വാനം ചെയ്ത ബന്ദിനിടയിലാണ് 28ന് നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. മായാ കൊഡ്‌നാനിയുടെയും ബാബു ബജ്‌റംഗിയുടെയും നേതൃത്വത്തില്‍ തോക്കും ബോംബും വാളും ശൂലവും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി 1,500 ഓളം പേര്‍ നടത്തിയ പ്രകടനത്തിനിടയിലാണ് നരോദയിലെ കുട്ടികളും സ്ത്രീകളുമടക്കം 97 മുസ്ലിംഗള്‍ കൊലചെയ്യപ്പട്ടത്.