ആസിഡ് വില്‍പ്പന: സുപ്രീം കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി

Posted on: April 16, 2013 9:43 pm | Last updated: April 16, 2013 at 9:43 pm

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിന് ആസിഡുകള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് ആരാഞ്ഞു. സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നടപടി. ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തിന് ഇരായായ പെണ്‍കുട്ടി 2006ല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്.
ഏഴ് വര്‍ഷമായി ഈ ഹരജി തീര്‍പ്പാകാതെ കിടക്കുന്നതില്‍ കോടതി അസന്തുഷ്ടി പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് പരിഹാരം നിര്‍ദേശിച്ചില്ലെങ്കില്‍ ഗാര്‍ഹിക ആവശ്യത്തിന് ആസിഡുകള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം കോടതി പരിഗണിക്കുമെന്നും ജസ്റ്റിസ് ആര്‍ എം ലോധ്യയുടെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി.