Connect with us

Gulf

വിവാഹ ചെലവുകള്‍ സ്വദേശികളുടെ നടുവൊടിക്കുന്നു

Published

|

Last Updated

മസ്‌കത്ത്:  വിവാഹ ചെലവുകള്‍ സ്വദേശി യുവാക്കളുടെ നടുവൊടിക്കുന്നു. പതിനായിരം മുതല്‍ 15000 റിയാല്‍ വരെയാണ് ചെലവുകള്‍. മിക്കവരും ബേങ്ക് ലോണെടുത്താണ് വിവാഹ ചെലവുകള്‍ നടത്തുന്നതും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15,000 റിയാല്‍ വരെയാണ് സ്ത്രീധനമായി നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ വന്‍ തുകയാണ് ഇപ്പോള്‍ ചെലവ് വരുന്നത്. സുല്‍ത്താനേറ്റില്‍ ഇപ്പോള്‍ വിവാഹ സീസണാണ്.
പതിനായിരം റിയാലാണ് ഈയിടെ ഒരു യുവാവ് വിവാഹത്തിന് വേണ്ടി ബേങ്ക് ലോണെടുത്തത്. 5000 റിയാല്‍ സ്ത്രീധനമായി നല്‍കി. അപ്പാര്‍ട്ട്‌മെന്റിനായി 3000 റിയാല്‍ നല്‍കി. ഭക്ഷണത്തിന് 1800 ഉം ചെലവായി. 650 റിയാല്‍ ഹാളിനു വാടകയും, 800 അലങ്കാല ചെലവുകളും മറ്റുമായി തീര്‍ന്നുവെന്നും ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ ബേങ്ക് ലോണ്‍ എങ്ങനെ അടച്ചുതീര്‍ക്കാനാകുമെന്ന് കരുതി വിഷമിക്കുകയാണ് ഇയാള്‍.
വിവാഹത്തിനായി പണമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് സഹായത്തിന് മംഗല്യ ഫണ്ട് രൂപവത്കരിക്കണമെന്ന് മജ്‌ലിസ് അശൂറ ശിപാര്‍ശ ചെയ്തിരുന്നു. സ്ത്രീധനം 8000 റിയാല്‍ ആയി മിക്കയിടത്തും വര്‍ധിച്ചിട്ടുണ്ടെന്ന് സ്വദേശി യുവാക്കള്‍ പറയുന്നു. കല്യാണ ചെലവുകള്‍ക്ക് 3000 റിയാല്‍ ചുരുങ്ങിയത് വേണം. പതിനായിരം റിയാല്‍ ഇല്ലെങ്കില്‍ വിവാഹം സ്വപ്‌നം മാത്രമാകുമെന്ന അവസ്ഥയാണിപ്പോള്‍.
പണം തികയാത്തതിനാല്‍ വിവാഹം നടക്കുന്നില്ലെന്ന് ഒരു യുവാവ് പറഞ്ഞു. ബേങ്ക് ലോണാണ് ഏക ആശ്രയമെന്നും എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ലോണെടുത്തിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
വിവാഹ പാര്‍ട്ടികള്‍ക്ക് ഹാളുകള്‍ കനത്ത നിരക്കാണ് വാടകയിനത്തില്‍ ഈടാക്കുന്നത്. ഒമാനി വുമണ്‍സ് അസോസിയേഷന്റെ (ഒ ഡബ്യു എ) യുടെ ഹാളാണ് മിക്കവരും ബുക്ക് ചെയ്യുന്നത്.
600 റിയാലാണ് വാടക. നികുതിയായി 50 റിയാലും നല്‍കണം. മറ്റിടങ്ങളില്‍ 800 റിയാലിന് മുകളിലാണ് വാടക. ഭക്ഷണവും, അലങ്കാരവും ആവശ്യമെങ്കില്‍ ചെയ്ത് നല്‍കാനും സൗകര്യമുണ്ട്. ഇതിനുള്ള ചെലവുകള്‍ വേറെ നല്‍കണം. മസ്‌കത്തിലെ ഹാളിന് 2,100 റിയാലാണ് വാടക. ഭക്ഷണത്തിന് ഒരാള്‍ക്ക് അഞ്ച് മുതല്‍ 16.5 റിയാല്‍ വരെ ചെലവ് വരും. ചില ഹോട്ടലുകള്‍ 300 പേരുടെ വിവാഹ പാര്‍ട്ടിക്ക് ഒരാള്‍ക്ക് 24 റിയാലാണ് ഭക്ഷണത്തിന് വില ഈടാക്കുന്നത്.

Latest