ഊരകത്ത് ഡെങ്കിപ്പനിക്ക് കുറവില്ല ; രോഗം പടര്‍ത്തിയത് ജലക്ഷാമം

Posted on: April 11, 2013 6:16 am | Last updated: April 11, 2013 at 1:17 am

വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തിലെ കരിയാരത്ത് ഡങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുന്നു. ഒരാഴ്ച മുമ്പ് കണ്ടെത്തിയ ഡെങ്കിപ്പനി ഇപ്പോഴും പടരുകയാണ്.

ഇന്നലെ ഒരാള്‍കൂടി ചികിത്സ തേടിയിട്ടുണ്ട്. ഇതുവരെ അന്‍പതിലധികം പേരാണ് വിവിധ ഘട്ടങ്ങളിലായി ചികിത്സ തേടിയിട്ടുള്ളത്. രോഗം പടര്‍ത്തിയത് പ്രദേശത്ത് അനുഭവപ്പെടുന്ന കടുത്ത ജലക്ഷാമമാണെന്നാണ് പറയപ്പെടുന്നത്. രോഗം കണ്ടെത്തിയതോടെ ഊരകം കരിയാരം കോളനിയിലെ വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
കോളനിയിലെ നൂറോളം വീടുകളിലേക്ക് എട്ടാം വാര്‍ഡ് കരിയാരം കുടിവെള്ള പദ്ധതിയില്‍ നിന്നാണ് കുടിവെള്ളമെത്തിക്കുന്നത്. കുടിവെള്ളം ലഭ്യമാവുമ്പോള്‍ വീട്ടുകാര്‍ പാത്രങ്ങളിലും മറ്റും വെള്ളം ശേഖരിച്ചു വെക്കുകയാണ് പതിവ്. ദിവസങ്ങളോളം ശേഖരിച്ചു വെച്ച വെള്ളത്തില്‍ നിന്നാണ് രോഗകാരിയായ ഈഡീസ് കൊതുക് വളര്‍ന്ന് രോഗം പരത്തുന്നത്. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു വെച്ച വെള്ളം ഒഴുക്കി നശിപ്പിച്ചെങ്കിലും ആവശ്യക്കാര്‍ വീണ്ടും ശേഖരിച്ച് വെക്കുന്നുണ്ട്.
യഥാസമയം കോളനിയില്‍ കുടിവെള്ളം എത്തിച്ചു കൊടുത്ത് രോഗ കാരണം ഇല്ലാതാക്കാന്‍ ഇതേ വരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. അതേ സമയം രോഗം പടരാന്‍ കാരണം വെള്ളം ശേഖരിച്ച് വെക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോളനിയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഊരകം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി.
പരിപാടിയുടെ ഭാഗമായി കോളനിയിലെ എല്ലാ വീടുകളിലും സൗജന്യമായി കൊതുക് വലകള്‍ വിതരണം ചെയ്യലും ജലാശയങ്ങളില്‍ അണുക്കളെ നശിപ്പിക്കാന്‍ ഗപ്പി ഇനത്തില്‍പെട്ട മീനുകളെ ജലസംഭരണികളില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടും സ്ഥിരം കുടിവെള്ളമെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.