ഗാഡ്ഗില്‍: കസ്തൂരിരംഗന്‍ കമ്മീഷന്‍ ഇന്ന് ഇടുക്കി സന്ദര്‍ശിക്കും

Posted on: April 9, 2013 9:48 am | Last updated: April 9, 2013 at 9:48 am

ഇടുക്കി: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ ഇന്ന് ഇടുക്കിയിലെത്തും. ഏപ്രില്‍ 15നു മുമ്പ് കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കേണ്ടതിന്റെ ഭാഗമായാണു രാവിലെ ഇടുക്കിയിലും വയനാട്ടിലും കസ്തൂരി രംഗന്‍ സന്ദര്‍ശനം നടത്തുന്നത്.മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ നിയമസഭയും പ്രമേയം പാസാക്കിയതാണ്. ഇതിനെ തുടര്‍ന്നാണു വിവാദവിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു നല്‍കുന്നതിനായി കസ്തൂരി രംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഇന്നലെ വരാനിരുന്ന കമ്മീഷന്‍ മോശം കാലാവസ്ഥ മൂലം സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. ഇത് പ്രതിഷേധത്തിനിടയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് ഇന്നു സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.