സെമി കാണാന്‍ റയല്‍

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 1:28 am

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഗലാത്‌സരെയുടെ തട്ടകത്തില്‍ ഇന്ന് റയല്‍മാഡ്രിഡ് കളിക്കാനിറങ്ങും. ആദ്യ പാദം ഹോംഗ്രൗണ്ടില്‍ 3-0ന് ജയിച്ച റയല്‍ സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ആദ്യ പാദം ഗോള്‍രഹിതമായതിനാല്‍ ജര്‍മനിയില്‍ ബൊറുസിയ ഡോര്‍ട്മുണ്ട്-മലാഗ പോരാട്ടം ആവേശകരമാകും. ബാഴ്‌സലോണ-പാരിസ് സെയിന്റ് ജെര്‍മെയിന്‍ (2-2), ജുവെന്റസ്-ബയേണ്‍ മ്യൂണിക്(0-2)മത്സരങ്ങള്‍ നാളെ.

ഫാത്വിഹ് ടെറിം പരിശീലനം നല്‍കുന്ന ഗലാത്‌സരെക്ക് തിരിച്ചുവരവ് കഠിനാണ്. റയലിനെതിരെ മൂന്ന് ഗോളുകളുടെ കണക്ക് തീര്‍ക്കുക അത്ര എളുപ്പമല്ല. പ്രതിരോധത്തില്‍ പിഴവുകളില്ലാത്ത റയല്‍ നിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരീം ബെന്‍സിമയും ഹിഗ്വെയിനും മെസുറ്റ് ഒസിലും ഖെദീറയും ചേരുന്ന അറ്റാക്കിംഗ് പ്ലെയേഴ്‌സ് തകര്‍പ്പന്‍ ഫോമിലാണ്. ലാലിഗയില്‍ അഞ്ച് ഗോളുകളടിച്ചു കയറ്റിയാണ് റയല്‍ തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം തുര്‍ക്കി ടീം രക്ഷപ്പെടും. തന്റെ സുഹൃത്ത് ടെറിമിന്റെ കളിക്കാരെ എഴുതിത്തള്ളാന്‍ റയല്‍മാഡ്രിഡ് കോച്ച് മൗറിഞ്ഞോ ഒരുക്കമല്ല. സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടി വരുമെന്ന ഉപദേശമാണ് മൗറിഞ്ഞോ തന്റെ ശിഷ്യന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.
ഫുട്‌ബോളാണ് അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം എന്നും റയല്‍ കോച്ച് അഭിപ്രായപ്പെടുന്നു. മൗറിഞ്ഞോയുടെ രണ്ട് ഇഷ്ടതാരങ്ങള്‍ ഗലാത്‌സരെയിലുണ്ട്. ദിദിയര്‍ ദ്രോഗ്ബയും വെസ്‌ലെ സ്‌നൈഡറും. ചെല്‍സിയില്‍ കോച്ചായിരുന്നപ്പോള്‍ ദ്രോഗ്ബ ആയിരുന്നു മൗറിഞ്ഞോയുടെ പ്രധാന ആയുധം. ഇന്റര്‍മിലാനില്‍ കോച്ചായിരുന്നപ്പോള്‍ സ്‌നൈഡറെ കേന്ദ്രീകരിച്ചായിരുന്നു മൗറിഞ്ഞോ തന്ത്രമൊരുക്കിയത്. യാദൃച്ഛികമെങ്കിലും ദ്രോഗ്ബയും സ്‌നൈഡറും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ്. ഇവരുടെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തുക എന്നതാണ് ഗലാത്‌സരെക്ക് മുന്നിലുള്ള ഏക പോംവഴി.
കഴിഞ്ഞ വര്‍ഷം ഫേവറിറ്റുകളായ ബയേണ്‍ മ്യൂണിക്കിനെ ഫൈനലില്‍ ചെല്‍സി കീഴടക്കിയത് ദ്രോഗ്ബയുടെ മാരക ഫോമിലായിരുന്നു. നിശ്ചിത സമയത്ത് ചെല്‍സിക്ക് സമനില നേടിക്കൊടുത്ത ദ്രോഗ്ബയുടെ ഹെഡര്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഇടം നേടിയതാണ്. സ്പാനിഷ് ടീമില്‍ നിന്ന് വലിയൊരു പാഠം പഠിച്ചു. റയലിന്റെ നിലവാരത്തിലുള്ള ടീമല്ല ഗലാത്‌സരെ. പരിചയ സമ്പത്ത് കുറവുള്ള നിരയാണിത്. യുവതാരങ്ങള്‍ ഏറെയുള്ള തുര്‍ക്കി ടീം തിരിച്ചുവരവിന് ആത്മാര്‍ഥമായി ശ്രമിക്കുമെന്ന് ദ്രോഗ്ബ പറഞ്ഞു. അതേ സമയം, പ്രധാന സ്‌ട്രൈക്കര്‍ ബുര്‍കാസ് യില്‍മാസ് സസ്‌പെന്‍ഷനിലായത് ഗലാത്‌സരെക്ക് തിരിച്ചടിയായി. എന്നാല്‍, സസ്‌പെന്‍ഷന്‍ ഒഴിവായി കിട്ടാന്‍ യുവേഫക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഡാനി നൗന്‍കേക്കും സസ്‌പെന്‍ഷന്‍ കാരണം ഇന്ന് കളിക്കാനാകില്ല.
കഴിഞ്ഞ ദിവസം ലാ ലിഗയില്‍ ലെവന്റയെ 1-5ന് തകര്‍ത്ത റയലിന്റെ ആദ്യ ലൈനപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ ഏഴ് പ്രമുഖര്‍ ഇല്ലായിരുന്നു. രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ കളത്തിലെത്തിയത്. സീസണിലെ ഇരുപത്തൊമ്പതാം ഗോളോടെ റൊണാള്‍ഡോ റയലിനെ 2-1ന് മുന്നിലെത്തിക്കുകയും ചെയ്തു. ജര്‍മന്‍ പ്ലേ മേക്കര്‍ മെസുറ്റ് ഒസിലും പകരക്കാരനായിറങ്ങിയ സ്‌കോര്‍ ചെയ്തു. സസ്‌പെന്‍ഷന്‍ കാരണം ഇന്ന് കളത്തിലിറങ്ങാന്‍ സാധിക്കാത്ത സെന്റര്‍ ബാക്ക് സെര്‍ജിയോ റാമോസും മിഡ്ഫീല്‍ഡര്‍ ഷാബി അലോണ്‍സോയും ലെവന്റക്കെതിരെ മുഴുവന്‍ സമയവും കളിച്ചു. സീസണിലെ ഏറ്റവും മികച്ച ഫോമിലാണ് റയല്‍. കളിക്കാരെ ആരെയും തന്നെ പരുക്ക് അലട്ടുന്നില്ല. ഇതൊരു അനുകൂല ഘടകമാണ് – ക്രിസ്റ്റ്യാനോ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ ഒമ്പത് ഗോളുകള്‍ നേടി ടോപ്‌സ്‌കോറര്‍ സ്ഥാനത്താണ് പോര്‍ച്ചുഗല്‍ വിംഗര്‍. ഇസ്താംബൂളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എ സി മിലാനെതിരെ ലിവര്‍പൂള്‍ നടത്തിയ തിരിച്ചുവരവ് ചരിത്രമാണ്. റാഫേല്‍ബെനിറ്റസിന്റെ ലിവര്‍പൂള്‍ സ്റ്റീവന്‍ ജെറാര്‍ഡ് നല്‍കിയ ഊര്‍ജമുള്‍ക്കൊണ്ട് കിരീടം ചൂടിയപ്പോള്‍ ഫുട്‌ബോള്‍ ലോകം അമ്പരന്നു. ഇത്തവണയും മികച്ച രണ്ടാം പാദ തിരിച്ചുവരവുകള്‍ കണ്ടതാണ്. ബാഴ്‌സലോണ മൂന്ന് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം എ സി മിലാനെ നൗകാംപില്‍ മുട്ടുകുത്തിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ബയേണ്‍ മ്യൂണിക്കിന്റെ ഗ്രൗണ്ടില്‍ ആഴ്‌സണല്‍ തുടക്കത്തില്‍ തന്നെ ലീഡെടുത്ത് ഞെട്ടിച്ചതും ഗലാത്‌സരെക്ക് പാഠമാണ്.
സാധ്യതാ ടീം (റയല്‍): ഡിയഗോ ലോപ്പസ് (ഗോളി), അല്‍വാരോ ആര്‍ബെലോവ, റാഫേല്‍ വരാനെ, പെപെ, ഫാബിയോ കോയിന്‍ട്രാവോ, സമി ഖെദീറ, ലൂക മോഡ്രിച്, ഏഞ്ചില്‍ ഡി മാരിയ, മെസുറ്റ് ഒസില്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സിമ.
ഗലാത്‌സരെ: ഫെര്‍നാണ്ടോ മുസ്‌ലെര(ഗോളി), ഇമ്മാനുവല്‍ എബോ, സെമിയ കയ, ആല്‍ബര്‍ട്ട് റിയറ, നോര്‍ദിന്‍ അബ്രാബാത്, വെസ്‌ലെ സ്‌നൈഡര്‍, ഫെലിപ് മെലോ, സെചുക് ഇനാന്‍, ഹമിദ് ആള്‍ട്ടിന്‍ടോപ്, ഉമുത് ബുലുത്, ദിദിയര്‍ ദ്രോഗ്ബ.
സ്പാനിഷ് ക്ലബ്ബ് മലാഗ പതറിച്ചയോടെയാണ് ജര്‍മനിയിലേക്ക് വരുന്നത്. തയ്യാറെടുപ്പുകള്‍ക്കിടെ കോച്ച് മാനുവല്‍ പെല്ലെഗ്രിനി പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതാണ് കാരണം. മത്സരത്തിന് മുന്നോടിയായി പെല്ലെഗ്രിനി ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന. കോച്ചിന് ചെറിയൊരു സന്തോഷം നല്‍കാനാണ് കളിക്കാരുടെ തീരുമാനമെന്ന് ടീം ക്യാപ്റ്റന്‍ വെലിംഗ്ടന്‍ പറഞ്ഞു. അതേ സമയം സസ്‌പെന്‍ഷന്‍ കാരണം വെലിംഗ്ടന് ഇന്ന് ഇറങ്ങാനാകില്ല. ലാ ലിഗയില്‍ റയല്‍ സോസിഡാഡിനോട് 4-2ന് തോറ്റത് മലാഗയുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നില്ല. കാരണം പ്രധാന കളിക്കാരില്ലാതെ രണ്ടാം നിരയുമായാണ് മലാഗ സോസിഡാഡിന്റെ തട്ടകത്തില്‍ കളിച്ചത്. പ്ലേമേക്കര്‍ ഇസ്‌കോ, വിംഗര്‍ ജോക്വിന്‍, മിഡ്ഫീല്‍ഡര്‍ ജെറെമി ടുലാലന്‍, സ്‌ട്രൈക്കര്‍ സാവിയോള ഇവര്‍ ഇന്ന് ആദ്യ ലൈനപ്പില്‍ തിരിച്ചെത്തും. അതേ സമയം ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്മുണ്ട് 4-2ന് ആഗ്‌സ്ബര്‍ഗിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് ടീമിനെ നേരിടാന്‍ തയ്യാറെടുത്തത്.
ബൊറുസഗലാത്‌സരെ – റയല്‍മാഡ്രിഡ് (രാത്രി 11.00 മുതല്‍ ടെന്‍ ആക്ഷനില്‍
തത്‌സമയം)

ബൊറുസിയ ഡോര്‍ട്മുണ്ട് – മലാഗ (രാത്രി 11.00 മുതല്‍ ടെന്‍ സ്‌പോര്‍ട്‌സില്‍
തത്‌സമയം)ഗലാത്‌സരെ – റയല്‍മാഡ്രിഡ് (രാത്രി 11.00 മുതല്‍ ടെന്‍ ആക്ഷനില്‍
തത്‌സമയം)

ബൊറുസിയ ഡോര്‍ട്മുണ്ട് – മലാഗ (രാത്രി 11.00 മുതല്‍ ടെന്‍ സ്‌പോര്‍ട്‌സില്‍
തത്‌സമയം)