എസ് വൈ എസ് ജല സംരക്ഷണ പദ്ധതി നാടെങ്ങും സജീവമായി

Posted on: April 9, 2013 6:07 am | Last updated: April 9, 2013 at 12:13 am

കോഴിക്കോട്: കേരളം വരള്‍ച്ചയെ നേരിടുകയും ജലദൗര്‍ലഭ്യം രൂക്ഷമാകുകയും ചെയ്തിരിക്കെ എസ് വൈ എസ് ആവിഷ്‌കരിച്ച ജല സംരക്ഷണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും സജീവമായി. ‘വെള്ളം അമൂല്യമാണ് – കുടിക്കുക, പാഴാക്കരുത്’ എന്ന പ്രമേയത്തെ മുന്‍നിര്‍ത്തി വ്യാപകമായ ബോധവത്കരണം നടന്നുവരികയാണ്. വിവിധ ജില്ലാ, സോണല്‍, സര്‍ക്കിള്‍, യൂനിറ്റ് ഘടകങ്ങള്‍ തയ്യാറാക്കിയ ലഘുലേഖകള്‍ വീടുകളിലും കവലകളിലും വിതരണം ചെയ്തുവരുന്നു. ലോക ജല ദിനമായ മാര്‍ച്ച് 22 മുതല്‍ പള്ളികളില്‍ പ്രഭാഷണങ്ങളും നടക്കുന്നു.

പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ജല സംരക്ഷണ യാത്ര ഏറെ ആകര്‍ഷകമായി. ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, സാമൂഹിക – പരിസ്ഥിതി നേതാക്കളായ കെ പി എ റഹീം, ഭാസ്‌കരന്‍ വെള്ളൂര്‍, സി എം കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ യാത്രയെ അഭിവാദ്യം ചെയ്തു. കാന്തപുരത്തിന്റെ കേരളയാത്രയോടനുബന്ധിച്ച് പ്രഖ്യാപിച്ച തവനൂര്‍ പ്രതീക്ഷാ ഭവനിലെ കുടിവെള്ള പദ്ധതി മൂന്നര ലക്ഷത്തോളം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച് ജല സംരക്ഷണ പദ്ധതി കാലയളവില്‍ തന്നെ അന്തേവാസികള്‍ക്ക് സമര്‍പ്പിക്കാനായത് ശ്രദ്ധേയമായ നേട്ടമാണ്.
പദ്ധതിയുടെ ഭാഗമായി 21ന് മലപ്പുറം ജില്ലാ കമ്മിറ്റി എടവണ്ണ ചാലിയാര്‍ തീരത്ത് ജല സംരക്ഷണ കൂട്ടായ്മയും പ്രാര്‍ഥനാ സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്. പ്രാസ്ഥാനിക നേതാക്കള്‍ക്കു പുറമെ പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും കൂട്ടായ്മയില്‍ സംബന്ധിക്കും.
വെള്ളത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയും ദുരുപയോഗം നിരുത്സാഹപ്പെടുത്തിയും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി വൈവിധ്യമാര്‍ന്ന സ്റ്റിക്കറുകളും പോസ്റ്ററുകളും പള്ളികളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബോര്‍ഡുകളും സംസ്ഥാന കമ്മിറ്റി രൂപകല്‍പ്പന ചെയ്തു നല്‍കിയിട്ടുണ്ട്. ഘടകങ്ങള്‍ എസ് വൈ എസ് സൈറ്റില്‍ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കണമെന്ന് സംസ്ഥാന നേതാക്കള്‍ നിര്‍ദേശിച്ചു.
പദ്ധതിയുടെ ഭാഗമായി പൊതു കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ള സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. കൂടാതെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണവും ആരംഭിച്ചുകഴിഞ്ഞു. ഉപയോഗശൂന്യമായിക്കിടക്കുന്ന കിണറുകളും കുളങ്ങളും മറ്റു ജലസ്രോതസ്സുകളും എസ് വൈ എസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി സംരക്ഷിക്കും. പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടക്കല്‍ ഉണ്യാലുങ്ങല്‍ ലക്ഷംവീട് കോളനിയിലെ പൊതു കിണര്‍ വൃത്തിയാക്കി. മലപ്പുറം സോണല്‍ കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഡൂരിലെ പൊതുകുളം ശുചീകരിച്ചു.
കൊണ്ടോട്ടി സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജല ബോധവത്കരണ സെമിനാറില്‍ വെള്ളത്തിന്റെ പ്രാധാന്യം സംബന്ധിച്ച ഖുര്‍ആനിക വീക്ഷണവും ജല സംരക്ഷണ, വിതരണ മേഖലയില്‍ പൗരാണിക മുസ്‌ലിം ഭരണകൂടങ്ങളും നേതൃത്വങ്ങളും നല്‍കിയ അമൂല്യമായ സംഭവനകളും വിശദീകരിച്ചുകൊണ്ട് ഐ എസ് ആര്‍ ഒ മുന്‍ അംഗം ഡോ. അബ്ദുസ്സലാം വിഷയവതരണം നടത്തി.
മുഴുവന്‍ ഘടകങ്ങളും അവരവരുടെ പരിധിയിലെ ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി പൊതുസമൂഹത്തോടുള്ള ബാധ്യത നിറവേറ്റണമെന്നും ജലസംരക്ഷണ പദ്ധതി സമ്പൂര്‍ണമായി വിജയിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ആഹ്വാനം ചെയ്തു.

ALSO READ  എസ് വൈ എസ് സാന്ത്വനവും ഐ സി എഫും കൈകോര്‍ത്തു; സഊദിയിലെ ബെംഗളൂരു സ്വദേശിക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിച്ച് നല്‍കി