പദ്ധതികളും തുകയുമില്ല; കോര്‍പറേഷനുകളിലെ ബജറ്റില്‍ സ്ത്രീകള്‍ക്ക് അവഗണന

Posted on: April 8, 2013 4:10 pm | Last updated: April 8, 2013 at 4:10 pm

കൊച്ചി: സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും കൊട്ടിഘോഷിക്കുമ്പോഴും കോര്‍പറേഷന്‍ ബജറ്റുകള്‍ സ്ത്രീ മുന്നേത്തിനായി മാറ്റിവെച്ചത് തുച്ഛമായ തുക മാത്രം. കോഴിക്കോട് കോര്‍പറേഷന്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കൊച്ചിയാണ് ഏറ്റവും പിറകില്‍.
സ്ത്രീകളുടെ വികസനത്തിനായി അഞ്ച് കോടിയിലധികം രൂപയാണ് കോഴിക്കോട് കോര്‍പറേഷന്‍ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട രണ്ട് പദ്ധതികളാണുള്ളത്. ഇ- സേവന കേന്ദ്രങ്ങളും ഷോട്ട് സ്റ്റേ ഹോമും. ഇ സേവനകേന്ദ്രമെന്ന പദ്ധതി പ്രകാരം കോര്‍പറേഷനില്‍ നിന്ന് ലഭിക്കാനുള്ള 1970 മുതലുള്ള ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ ഈ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകും. കുടുംബശ്രീയിലെ സ്ത്രീകള്‍ക്കാണ് ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് അനുമതി. ഇതു പോലെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും ഇതുവഴി ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ പോലെ തന്നെയാണ് ഈ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനം. സ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ ദിവസം തങ്ങാനുള്ള ഷോട്ട് സ്റ്റേ ഹോമാണ് കോഴിക്കോട് കോര്‍പറേഷന്റെ രണ്ടാമത്തെ പദ്ധതി. ഇതിനായി 25 ലക്ഷം രൂപ നീക്കിവെച്ചതായി ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്‍ലത്വീഫ് സിറാജിനോട് പറഞ്ഞു. ഇ ടോയ്‌ലറ്റിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതോടോപ്പം, ഇ ഷോപ്പും ഇവര്‍ക്കായി തുറന്നു കൊടുക്കും. സ്റ്റേഷനറി സാധനങ്ങളാണ് ഇ ഷോപ്പിലുണ്ടാവുക. കഴിഞ്ഞ ബജറ്റുകളില്‍ നടക്കാതെ പോയ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെ പണി പൂര്‍ത്തീകരിക്കാനും ഈ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. മൊത്തം പദ്ധതി വിഹിതത്തിന്റെ പത്ത് ശതമാനം സ്ത്രീകളുടെ ഉന്നമനത്തിനായി മാറ്റി വെച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
തൃശൂരില്‍ വനിതാ ശിശു ക്ഷേമത്തിനായി മൊത്തം നാല് കോടി മാറ്റിവെച്ചതൊഴിച്ചാല്‍ സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികളൊന്നും തന്നെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് ഇ ടോയ്‌ലറ്റുകളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായി മേയര്‍ ഐ പി പോള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി പദ്ധതികള്‍ കൊണ്ടുവന്നാല്‍ പഞ്ചായത്തുകളില്‍ നടപ്പാക്കുന്നതു പോലെ നഗര സഭകളില്‍ നടപ്പാക്കാന്‍ പ്രയാസമാണ് അതുകൊണ്ടാണ് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തതെന്നും കുടുംബശ്രീയുടെ വികസനത്തിനായി തുക മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോര്‍പറേഷനില്‍ സക്കു പറമ്പില്‍ ഒരു വനിതാ ഹോസ്റ്റല്‍ പണി കഴിപ്പിക്കാന്‍ ഒരു കോടി ഇരുപത് ലക്ഷം രൂപ നീക്കിവെച്ചത് മാത്രമാണ് ആകെയുള്ള ആശ്വാസം.
വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് കൊല്ലം കോര്‍പറേഷന്‍ പ്രാമുഖ്യം നല്‍കിയത്. വിദ്യാര്‍ഥിനികള്‍ ക്ലാസിലെത്തിയാല്‍ അത് രക്ഷിതാക്കളെ മൊബൈല്‍ സന്ദേശം വഴി അറിയിക്കുന്ന പദ്ധതിയാണ് ഇതില്‍ മുന്നില്‍. വിദ്യാര്‍ഥിനികള്‍ക്കുള്ള കരാട്ടെ പരിശീലനം, കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബോധവത്കരണം തുടങ്ങിയവയും ബജറ്റില്‍ ഉള്‍പ്പെടുത്തിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കായി കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല.
സ്ത്രീകള്‍ക്കായി എട്ട് പദ്ധതികളാണ് തിരുവനന്തപുരം കോര്‍പറേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ കണക്കിലെടുത്ത് സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്കായി പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരത്തിലെത്തുന്ന വനിതകളെ സഹായിക്കുന്നതിനായി വനിതാ ഹെല്‍പ്പ് ഡെസ്‌ക്, സ്ത്രീ സംരക്ഷണത്തിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, തമ്പാനൂരില്‍ സ്ത്രീകള്‍ക്കായി ക്ലോക്ക് റൂം, ഡല്‍ഹിയിലെ ഹട്ട് മോഡലില്‍ കുടുംബശ്രീ മൊത്തവിപണന കേന്ദ്രം സ്ഥാപിക്കുന്ന പദ്ധതി തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് മേയര്‍ കെ ചന്ദ്രിക പറഞ്ഞു.
മൊത്തം പദ്ധതി വിഹിതത്തിന്റെ പത്ത് ശതമാനം സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിവെക്കണമെന്നാണെങ്കിലും കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകളൊഴികെ മറ്റു കോര്‍പറേഷനുകളില്‍ മിക്കപ്പോഴും ഈ വിഹിതം ലാപ്‌സായി പോകുകയാണ് പതിവ്. യു ഡി എഫ് ഭരിക്കുന്ന കൊച്ചിമാണ് സ്ത്രീകള്‍ക്കു വേണ്ടി പദ്ധതി പ്രഖ്യാപിക്കുന്നതില്‍ ഏറ്റവും പിറകില്‍. കോഴിക്കോടും തിരുവനന്തപുരവും സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവ നടപ്പാക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.