സ്വദേശിവല്‍ക്കരണ നടപടികള്‍ മൂന്നു മാസത്തേക്ക് സൗദി നിര്‍ത്തിവെച്ചു

  Posted on: April 7, 2013 7:30 am | Last updated: April 7, 2013 at 9:11 am
  abdulla
  അബ്ദുല്ല രാജാവ്‌

  ദുബായ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നിതാഖാത് നിയമം നടപ്പില്‍ വരുത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നിതാഖാത് നിയമം നടപ്പിലാക്കുന്നതിന് മൂന്നുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് രാജാവാണ് ഉത്തരവിട്ടത്. തൊഴില്‍ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവയ്ക്കാണ് രാജാവ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

  എന്നാല്‍ മൂന്നുമാസത്തിനുശേഷം കര്‍ശനമായും നിയമം നടപ്പിലാക്കാനും രാജാവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ അനധികൃതമായി സൗദിയില്‍ കഴിയുന്നവര്‍ക്ക് രാജ്യം വിടാനുള്ള അവസരമാണ് നല്‍കുന്നത്. സ്‌പോണ്‍സറുടെ കീഴില്‍ അല്ലാത്തവര്‍ക്ക് സ്‌പോണ്‍സറെ കണ്ടെത്താന്‍ സാധിച്ചാലും സൗദിയില്‍ തുടരാനാകും. നിയമാനുസൃതമായ വിസയിലേക്ക് മാറാനും ഈ മൂന്നുമാസത്തിനുള്ളില്‍ ശ്രമിക്കേണ്ടതാണ്.

  സൗദി രാജാവിന്റെ പുതിയ നിര്‍ദ്ദേശം പതിനായിരകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഇഖാമ കൈവശമുള്ള ഫ്രീ വിസക്കാര്‍ക്ക് നിയമാനുസൃതമായി സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ ഇതോടെ സാവകാശം ലഭിക്കും. ഭര്‍ത്താവിന്റെ കുടുംബവിസയിലെത്തി വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവിടത്തെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറാനും അവസരമുണ്ടാകും.

  നിതാഖത് നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ റിയാദ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ നിതാഖാത് നിയമം നടപ്പാക്കേണ്ടിയിരുന്ന 11 തരം സ്ഥാപനങ്ങള്‍ക്കാണ് റിയാദ് ഗവര്‍ണര്‍ ഇളവ് നല്‍കിയിരുന്നത്. ബാങ്കുകള്‍, സ്വകാര്യ സ്‌കൂളുകള്‍, ജ്വല്ലറികള്‍, റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍, പച്ചക്കറി സ്‌റാളുകള്‍, പലചരക്കു കടകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇളവ് നല്‍കിയത്. നിര്‍മാണ മേഖലയില്‍ ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാത്തതും തിരിച്ചടിയാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.