Connect with us

Sports

ഐ പി എല്‍: രാജസ്ഥാന് നാടകീയ ജയം

Published

|

Last Updated

ന്യൂഡല്‍ഹി: പത്മഭൂഷിതനായ രാഹുല്‍ദ്രാവിഡിന്റെ തകര്‍പ്പന്‍ ഹാഫ് സെഞ്ച്വറി…സ്റ്റുവര്‍ട് ബിന്നിയുടെ വെടിക്കെട്ട് ബാറ്റിംഗ്…പന്തെടുത്തപ്പോള്‍ പിശുക്കത്തരം കാണിച്ച ശ്രീശാന്ത്….ബ്രാഡ് ഹോഗിന്റെ ഫീല്‍ഡിംഗ്…അവസാന ഓവറില്‍ ലൈനും ലെംഗ്തും പാളാതെ പന്തെറിഞ്ഞ കെവന്‍ കൂപ്പര്‍….പ്രഥമ ഐ പി എല്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ കീഴടക്കിയത് ഈ ചേരുവകളുടെ സഹായത്തോടെ. അവസാന പന്ത്രണ്ട് പന്തില്‍ പതിനേഴ് റണ്‍സ്, അവസാന ഓവറില്‍ ഒമ്പത് റണ്‍സ്. ഡല്‍ഹിക്ക് മുന്നില്‍ സാധ്യമായ ടാര്‍ഗറ്റ് തെളിഞ്ഞപ്പോള്‍ രാഹുല്‍ദ്രാവിഡും സംഘവും തോല്‍വിയുടെ വക്കിലായിരുന്നു. എന്നാല്‍, അവസാന ഓവര്‍ എറിഞ്ഞ കെവിന്‍ കൂപ്പര്‍ വിട്ടുകൊടുത്തത് മൂന്ന് റണ്‍സ് മാത്രം. ഈ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ആറാം സീസണിലെ ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ ആവേശ ജയം റോയല്‍ നിരക്ക് സ്വന്തം. തുടരെ രണ്ടാം മത്സരവും തോറ്റ് ഡല്‍ഹി താരങ്ങള്‍ നിരാശയിലാണ്ടു.
സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 165; ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 160.
ടോസ് ജയിച്ച രാഹുല്‍ദ്രാവിഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്നാം നമ്പറിലെത്തിയ ദ്രാവിഡ് ക്യാപ്റ്റന്‍ ഇന്നിംഗ്‌സുമായി കളം വാണു. 40 പന്തില്‍ അര്‍ധശതകം തികച്ച ദ്രാവിഡ് 51 പന്തില്‍ 65 റണ്‍സടിച്ചാണ് മടങ്ങിയത്. ആറ് ഫോറും രണ്ട് സിക്‌സറും നേടിയ ദ്രാവിഡ് ഉമേഷ് യാദവിന്റെ പന്തില്‍ ജയവര്‍ധനെക്ക് ക്യാച്ചാവുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 22 റണ്‍സാണ് രാജസ്ഥാന്‍ ഓപണര്‍മാരായ അജിങ്ക്യരഹാനെ കുശല്‍ പെരേര സഖ്യംചേര്‍ത്തത്. 14 റണ്‍സെടുത്ത പെരേരയാണ് ആദ്യം മടങ്ങിയത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. 28 റണ്‍സെടുത്ത രഹാനെ ഷഹബാസ് നദീമിന് റിട്ടേണ്‍ ക്യാച്ചായി. ഇരുപത് പന്തില്‍ നാല്‍പത് റണ്‍സടിച്ച ബിന്നിയെ യാദവ് ക്ലീന്‍ ബൗള്‍ഡാക്കി. ബിന്നി മടങ്ങുമ്പോള്‍ 16.1 ഓവറില്‍ 142-3 എന്നതായിരുന്നു റോയല്‍സിന്റെ നില.
ദ്രാവിഡ് പുറത്താകുന്നത് പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തിലാണ്. ടീം സ്‌കോര്‍ നാലിന് 161. ക്യാപ്റ്റന്‍ പുറത്തായതിന് ശേഷം നാല് റണ്‍സ് മാത്രമാണ് റോയല്‍സിന് ചേര്‍ക്കാനായത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രാഹുല്‍ദ്രാവിഡിന്റെ ക്ലാസിക് ബാറ്റിംഗ് ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചതിന്റെ ആഹ്ലാദമായിരുന്നു മത്സരം കണ്ടവരില്‍ നിറഞ്ഞുനിന്നത്. നാല് വിക്കറ്റെടുത്ത ഉമേഷ് യാദവിന് പുറമെ ഡല്‍ഹി ബൗളിംഗില്‍ തിളങ്ങിയത് ബീഹാര്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ ഷഹ്ബാസ് നദീമാണ്. നാല് ഓവറില്‍ 22 റണ്‍സിന് നദീം ഒരു വിക്കറ്റെടുത്തു. ഇര്‍ഫാന്‍ പത്താന്‍ നാല് ഓവറില്‍ 31 റണ്‍സും നാല് ഓവറില്‍ 35 റണ്‍സും വഴങ്ങി. നെഹ്‌റക്ക് രണ്ട് വിക്കറ്റുണ്ട്. മൂന്ന് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത ആന്ദ്രെ റസലാണ് ഡല്‍ഹി നിരയിലെ ധാരാളി.
ലക്ഷ്യം അനായാസം പിന്തുടര്‍ന്ന ഡല്‍ഹിക്ക് വേണ്ടി ആസ്‌ത്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ 56 പന്തില്‍ 77 റണ്‍സടിച്ചു. ഒമ്പത് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സ്. പത്തൊമ്പതാം ഓവറിലെ മൂന്നാം പന്തില്‍ മറ്റൊരു ആസ്‌ത്രേലിയന്‍ ബ്രാഡ് ഹോഗിന്റെ നേരിട്ടുള്ള ഏറില്‍ വാര്‍ണര്‍ റണ്ണൗട്ടായത് മത്സരഗതി മാറ്റി മറിച്ചു. 23 റണ്‍സെടുത്ത ഉന്‍മുക്ത് ചന്ദിന്റെ കുറ്റിയിളക്കി ശ്രീശാന്ത് റോയല്‍സിന് ആദ്യ ബ്രേക്ക് നല്‍കി. ഒന്നാം വിക്കറ്റില്‍ റോയല്‍സ് ഓപണര്‍മാര്‍ 39 റണ്‍സ് ചേര്‍ത്തിരുന്നു. ജയവര്‍ധനെ (19), ജുനേജ (20), റസല്‍ (7), ബോഥ(2) എന്നിവര്‍ പുറത്തായി. നമന്‍ ഓജ(0), ഇര്‍ഫാന്‍ പത്താന്‍ (1) നോട്ടൗട്ട്. അവസാന ഓവറില്‍ ബോഥയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ കെവിന്‍ കൂപ്പര്‍ റസലിന്റെ കുറ്റിയിളക്കി. ജുനേജയുടെ വിക്കറ്റും വീഴ്ത്തി കൂപ്പര്‍ ഡല്‍ഹിക്ക് വലിയ തിരിച്ചടിയൊരുക്കി.
ഐ പി എല്ലിലെ അരങ്ങേറ്റത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 22 റണ്‍സിന് പൂനെ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി.

Latest