Connect with us

Editorial

യു പി എയും പുറം പിന്തുണക്കാരും

Published

|

Last Updated

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും രാഷ്ട്രീയ ശത്രുക്കളാണെന്നാണ് വെപ്പ്. കോണ്‍ഗ്രസിനും യു പി എ ഭരണകൂടത്തിനുമെതിരെ അത്രയും രൂക്ഷമായാണ് മുലായം പ്രതികരിക്കാറ്. പ്രധാനമന്ത്രി സ്വതവേ വിമര്‍ശനങ്ങളോട് അധികം പ്രതികരിക്കാറില്ല. മൗനം വിദ്വാന് ഭൂഷണമെന്നാണല്ലോ വെപ്പ്. പക്ഷേ മുന്നണി ഭരണത്തില്‍ സഖ്യകക്ഷികളെ നിയന്ത്രിക്കുന്നതും ഒന്നിച്ച് കൊണ്ടുപോകുന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്, ശരിക്കും ഗതികെട്ടതുകൊണ്ടാകണം പ്രധാനമന്ത്രി പ്രതികരിച്ചത്. (ഇത്തരം ബുദ്ധിമുട്ടുകളൊന്നും പുറം പിന്തുണക്കാരുടെ കാര്യത്തിലില്ലെന്ന് പ്രധാനമന്ത്രി മനഃപ്പൂര്‍വം പറയാതിരുന്നതാകും.) വ്യാപകമായ അഴിമതി ഒരു പ്രധാന പ്രശ്‌നമായി കാണുന്ന അദ്ദേഹം സമ്പദ്ഘടനയുടെ വളര്‍ച്ച പിന്നോട്ടടിച്ചതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, വരും മാസങ്ങളില്‍ ഡീസലിന്റെ വില നിയന്ത്രണം പൂര്‍ണമായും എടുത്ത് കളഞ്ഞും സബ്‌സിഡികള്‍ കര്‍ശനമായി നിയന്ത്രിച്ചും സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിലോ അതിന് മുകളിലോ എത്തിക്കാമെന്നതില്‍ പ്രധാനമന്ത്രിക്ക് സംശയമില്ല. രാജ്യത്തെ ധനകമ്മി ഭീതിതമാം വിധം പെരുകി വരുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കൊന്നും ഫലമുണ്ടായിട്ടില്ല. നടപടികള്‍ ഫലപ്രദമായില്ലെന്ന് മാത്രമല്ല സമ്പദ്ഘടനയുടെ പോക്ക് “എന്നെ തല്ലേണ്ട അമ്മാമ, ഞാന്‍ നന്നാവില്ലെ”ന്ന് പറഞ്ഞ മരുമകന്റെ അവസ്ഥയിലാണ്. സാര്‍വത്രികമായ അഴിമതിയിലൂടെയും ക്രമക്കേടുകളിലൂടെയും ഒരുപറ്റം രാഷ്ട്രീയക്കാരും വ്യവസായികളും വ്യാപാരികളും ഉദ്യോഗസ്ഥപ്രമുഖരും മറ്റും രാജ്യത്ത് സൃഷ്ടിക്കുന്ന കള്ളപ്പണത്തിന്റേതായ സമാന്തര സമ്പദ്ഘടനക്ക് ചൊട്ടുവിദ്യാ ചികിത്സകള്‍ ഫലപ്രദമാകില്ലെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല. കള്ളപ്പണം കുന്നുകൂട്ടിയേടത്താണ് നടപടി വേണ്ടത്. ഈവിധം വഴിവിട്ട് ധനസമ്പാദനം നടത്തിയവര്‍ക്കെതിരെയാണ് കടുത്ത ചികിത്സവേണ്ടത്. അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാറിനായാല്‍ കള്ളപ്പണം കുമിഞ്ഞുകൂടുന്നത് പരിമിതപ്പെടുത്താം. ധനക്കമ്മി വലിയൊരു പരിധിവരെ നിയന്ത്രിക്കാനും കഴിയും. പക്ഷേ, പൂച്ചക്ക് ആര് മണികെട്ടും?
ഘടകക്ഷികള്‍ കൊഴിഞ്ഞുപോകുന്ന സാഹചര്യത്തില്‍ പാര്‍ലിമെന്റില്‍ ന്യൂനപക്ഷമായ യു പി എ സര്‍ക്കാറിന് ആകെ ആശ്വാസം ലോക്‌സഭയില്‍ 22 അംഗങ്ങളുള്ള സമാജ്‌വാദി പാര്‍ട്ടിയും 21 അംഗങ്ങളുള്ള ബി എസ് പിയും നല്‍കുന്ന കലവറയില്ലാത്ത പിന്തുണയാണ്. ഇവിടെ എസ് പിയെയും ബി എസ് പിയെയും കോണ്‍ഗ്രസിനെയും കൂട്ടിയിണക്കുന്ന ഘടകം വര്‍ഗീയശക്തിയായ ബി ജെ പി അധികാരത്തിലെത്തുകയെന്ന വന്‍ ദുരന്തം ഒഴിവാക്കുക എന്ന ലക്ഷ്യമാണ്. പാര്‍ലിമെന്റിനെ MULAYAM SINGHവിശ്വാസത്തിലെടുക്കാതെ ഒന്നാം യു പി എ സര്‍ക്കാര്‍ അമേരിക്കയുമായി ആണവ കരാര്‍ ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് യു പി എക്ക് പുറത്തുനിന്നുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ മന്‍മോഹന്‍ സര്‍ക്കാറിന് താങ്ങായത് പുറം പിന്തുണക്കാര്‍ തന്നെ. ചില്ലറ വില്‍പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ് ഡി ഐ) അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് യു പി എയും മന്ത്രിസഭയും വിട്ടപ്പോഴും കോണ്‍ഗ്രസിന് താങ്ങായത് ഇവര്‍ തന്നെ. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടവിധം പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി എം കെ, യു പി എയും മന്ത്രിസഭയും വിട്ടപ്പോഴും സര്‍ക്കാറിനെ പിന്തുണക്കാന്‍ എസ് പിയും ബി എസ് പിയും തന്നെയാണുണ്ടായിരുന്നത്. ബി ജെ പി അധികാരം പിടിക്കാതിരിക്കാനുള്ള മഹാത്യാഗം!
ഇതൊക്കെയാണെങ്കിലും ചില നേരങ്ങളില്‍ എസ് പിയുടെ “നേതാജി”ക്ക് നിയന്ത്രണങ്ങള്‍ വിട്ടുപോകാറുണ്ട്. കോണ്‍ഗ്രസ് “ബുദ്ധിമാനായ വഞ്ചകനാ”ണെന്നും കോണ്‍ഗ്രസിനെതിരെ പൊരുതാന്‍ ഒരു കക്ഷിക്കും ആകില്ലെന്നുമെല്ലാം അപ്പോഴാണ് മുലായം വെടിപൊട്ടിക്കുന്നത്. കഷ്ടകാലത്ത് യു പി എയെ സഹായിക്കുന്ന എസ് പിയോട് കോണ്‍ഗ്രസ് ഉപകാരസ്മരണ പോലും കാണിക്കുന്നില്ലെന്നും മുലായം കുറ്റപ്പെടുത്തി. “ആര്‍ക്കും കോണ്‍ഗ്രസിനെതിരെ പോരാടാനാകില്ല. പോരാടിയാല്‍ അധികാരത്തിന്റെ ആയിരം കൈകള്‍ ഉപയോഗിച്ച് അവരെ ജയിലിലാക്കും. അതല്ലെങ്കില്‍ സി ബി ഐയെ അവര്‍ക്ക് പിറകെ വിടും”- ബുധനാഴ്ച ലക്‌നൊയില്‍ മുലായം നടത്തിയ ഈ പരസ്യ പ്രസ്താവനയെ അവിശ്വസിക്കേണ്ട കാര്യമില്ല. മുലായത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മക്ക് അതുയര്‍ത്തിയ പൊല്ലാപ്പില്‍ നിന്നും ഊരിമാറാന്‍ മാപ്പ് പറയേണ്ടിവന്നത് ചരിത്രം. അപ്പോഴെല്ലാം പാര്‍ലിമെന്റില്‍ ന്യൂനപക്ഷമായ യു പി എ “ഭൂരിപക്ഷ”മാകുകയായിരുന്നു. “സര്‍ക്കാറിന് ലോക്‌സഭയില്‍ എണ്ണം തികക്കാന്‍ പ്രയാസമില്ല. അതിലാര്‍ക്കും സംശയം വേണ്ട”- പ്രധാനമന്ത്രി ഉറക്കെ പ്രഖ്യാപിച്ചു. ഏകകക്ഷിഭരണം അസാധ്യമായപ്പോള്‍ മുന്നണിഭരണമായിരുന്നു കോണ്‍ഗ്രസിന് ആശ്രയം. ബി ജെ പിയും എന്‍ ഡി എയിലൂടെ അത് തെളിയിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വ്യത്യസ്ത മുന്നണികളുണ്ടായി. എന്നാലിപ്പോള്‍ ഭരണം നടത്താന്‍ സ്ഥായിയായ മുന്നണിയും അതിന് ഭൂരിപക്ഷ പിന്തുണയും ആവശ്യമില്ലെന്ന് മന്‍മോഹന്‍ സിംഗ് തെളിയിച്ചിരിക്കുന്നു. നയപരമായിവിരുദ്ധ ചേരിയിലാണെങ്കിലും എഫ് ഡി ഐ ബില്ലിന്റെ കാര്യത്തിലെന്നപോലെ, പാര്‍ലിമെന്റിനെ മാനഭംഗപ്പെടുത്താന്‍ മടിയില്ലാത്തവര്‍ ഇപ്പോള്‍ ശക്തരായിരിക്കുന്നു. സാമൂഹിക ദുരന്തമാതി മാറാന്‍ ഇടയുള്ള ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാന്‍ പോലും ബില്‍ കൊണ്ടുവന്ന് പാസ്സാക്കിയെടുക്കാനുള്ള വിദ്യ യു പി എക്കും അതിന് നേതൃത്വം നല്‍കുന്ന മന്‍മോഹന്‍ സിംഗിനും അറിയാമെന്നാണ് അവസ്ഥ. ഇവിടെ മന്‍മോഹന്‍ സിംഗോ സോണിയാ ഗാന്ധിയോ മുലായം സിംഗോ മായാവതിയോ അല്ല നാണം കെടുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെയാണ് വിവസ്ത്രയാക്കി അപമാനിക്കുന്നത്.

Latest