Connect with us

Gulf

അല്‍ ബദാഹ് മത്സ്യത്തെ പിടിക്കുന്നത് രണ്ട് മാസത്തേക്ക് സര്‍ക്കാര്‍ നിരോധിച്ചു

Published

|

Last Updated

അബുദാബി: സ്വദേശികളുടെ പ്രിയ മത്സ്യമായ അല്‍ ബദാഹിനെ പിടിക്കുന്നത് രണ്ട് മാസത്തേക്ക് നിരോധിച്ചുകൊണ്ട് അബുദാബി സര്‍ക്കാര്‍ ഉത്തരവിറക്കി. മത്സ്യത്തിന്റെ വംശ വര്‍ധനവ് ഉറപ്പാക്കാനും വംശനാശ ഭീഷണിയെ അതിജീവിക്കാനുമായാണ് മത്സ്യം പിടിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഈ മാസം ഒന്ന് മുതലാണ് കടലില്‍ നിന്നും അല്‍ ബദാഹ് മത്സ്യത്തെ പിടിക്കുന്നത് നിരോധിച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ ലോജ് ടെയില്‍ സില്‍വര്‍ ബിഡ്ഡിയെന്ന് അറിയപ്പെടുന്ന ഈ മത്സ്യം കോര വര്‍ഗത്തില്‍ ഉള്‍പ്പെട്ടതാണ്. ജല-പരിസ്ഥി മന്ത്രാലയമാണ് മത്സ്യം പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കാനും പ്രജനനകാലത്ത് മത്സ്യം പിടിക്കുന്നതിലൂടെ വംശവര്‍ധന ഇല്ലാതാവുന്ന സാഹചര്യം ഒഴിവാക്കാനുമാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ അല്‍വാന്‍ വ്യക്തമാക്കി. ജൂണ്‍ ഒന്നാം തീയതി വരെയാവും അല്‍ ബദാഹ് മത്സ്യത്തെ പിടികൂടുന്നതിനുള്ള നിരോധനം തുടരുക. ഇതോടെ എമിറേറ്റില്‍ മത്സ്യബന്ധനം നടത്തുന്ന 1,500 ഓളം ബോട്ടുകള്‍ ഈ മത്സ്യത്തെ ഒഴിവാക്കിയാവും മത്സ്യബന്ധനം നടത്തുക.
ഏപ്രില്‍ മാസത്തിലാണ് ഈ മത്സ്യത്തിന്റെ പ്രജനനകാലം ആരംഭിക്കുക. ഓഗസ്റ്റ് വരെ മത്സ്യം മുട്ടയിടുമെങ്കിലും മഹാഭൂരിപക്ഷത്തിന്റെയും പ്രജനന കാലമായി കണക്കാക്കുന്നത് ഏപ്രില്‍, മെയ് മാസങ്ങളാണ്.
മൊത്തം പിടിച്ചെടുക്കുന്ന മത്സ്യത്തിന്റെ 1.2 ശതമാനം മാത്രമാണ് അല്‍ ബദാഹിന്റേത്. 45.4 ടണ്‍ മത്സ്യമാണ് കഴിഞ്ഞ വര്‍ഷം പിടിച്ചത്. 7,45,000 ദിര്‍ഹത്തിന്റെ വ്യാപാരമാണ് അല്‍ ബദാഹിനുള്ളത്. എമിറേറ്റിലെ അല്‍ മര്‍ഫ, അല്‍ സാദിയാത്ത് എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അല്‍ ബദാഹ് മത്സ്യവേട്ട നടക്കുന്നത്. അല്‍ ബത്തീനില്‍ നിന്നും ചെറിയ തോതില്‍ മത്സ്യം ലഭിക്കുന്നതായാണ് സര്‍ക്കാറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
യു എന്‍ കണക്ക് പ്രകാരം യാതൊരു വംശനാശ ഭീഷണിയും ഈ മത്സ്യം നേരിടുന്നില്ല. യു എന്നിന്റെ കീഴിലുള്ള ഇന്റര്‍നഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആണ് ഈ മത്സ്യവുമായി ബന്ധപ്പെട്ട മേഖലയില്‍ പഠനം നടത്തിയത്. സുസ്ഥിര മത്സ്യബന്ധനം അല്‍ ബദാഹിന്റെ കാര്യത്തില്‍ ഉറപ്പാക്കാനാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നെന്നും സുല്‍ത്താന്‍ അബ്ദുല്ല വിശദീകരിച്ചു.

Latest