കൊച്ചി, പരിയാരം മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

Posted on: April 3, 2013 6:00 am | Last updated: April 4, 2013 at 12:35 am
pariyaram-medical-college-kannur-500x334
പരിയാരം മെഡിക്കല്‍ കോളജ

തിരുവനന്തപുരം:കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച യു ഡി എഫ് ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ തള്ളിയാണ് മന്ത്രിസഭാ തീരുമാനം. പരിയാരം മെഡിക്കല്‍ കോളജില്‍ സി പി എം നേതൃത്വത്തില്‍ വ്യാജ അംഗങ്ങളെ ചേര്‍ത്തതും അധികമായി നടത്തിയ നിയമനവും റദ്ദാക്കണമെന്നുള്ള നിര്‍ദേശം അവഗണിച്ചാണ് ഈ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. അതേസമയം, ഈ തീരുമാനം സി എം പിയെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയും പ്രകോപിപ്പിച്ചിട്ടുണ്ട്.രണ്ട് മെഡിക്കല്‍ കോളജുകളുടെയും ആസ്തികളും ബാധ്യതകളും വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് കൈമാറാന്‍ എറണാകുളം, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തീരുമാനിക്കുക. അടുത്തിടെ ചേര്‍ന്ന യു ഡി എഫ് യോഗം കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ സി പി എം നേതൃത്വത്തില്‍ വ്യാജ അംഗങ്ങളെ ചേര്‍ത്തതും അധികമായി നടത്തിയ നിയമനവും റദ്ദാക്കണമെന്നുമുള്ള നിര്‍ദേശത്തിലൂടെ പരിയാരം മെഡിക്കല്‍ കോളജ് തങ്ങളുടെ പരിധിയില്‍ കൊണ്ടുവരാമെന്നാണ് സി എം പി പ്രതീക്ഷിച്ചിരുന്നത്. മന്ത്രിസഭാ തീരുമാനത്തിലൂടെ ഇതിന് തിരിച്ചടിയേറ്റിരിക്കുകയാണ്.1993ല്‍ എം വി രാഘവന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് പരിയാരം മെഡിക്കല്‍ കോളജ്. സി എം പിയുടെ ഭരണത്തിലായിരുന്ന മെഡിക്കല്‍ കോളജ് ഭരണസമിതി 2011ലാണ് എം വി ജയരാജന്റെ നേതൃത്വത്തില്‍ സി പി എം പിടിച്ചെടുത്തത്. യു ഡി എഫ് അധികാരത്തില്‍ വന്നതു മുതല്‍ മെഡിക്കല്‍ കോളജ് ഭരണസമിതിയും സര്‍ക്കാറും ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ആദായനികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ആദായനികുതി വകുപ്പ് ബേങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താളംതെറ്റി. നാല് കോടിയോളം രൂപയാണ് മെഡിക്കല്‍ കോളജ് ആദായ നികുതി ഇനത്തില്‍ അടക്കാനുണ്ടായിരുന്നത്. ഇതിലേക്കായി മെഡിക്കല്‍ കോളജിന്റെ രണ്ട് അക്കൗണ്ടുകളില്‍ നിന്നായി ആദായ നികുതി വകുപ്പ് 1.19 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതിനെതിരെ ഭരണസമിതി നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സര്‍ക്കാറിന്റെ ഏറ്റെടുക്കല്‍ തീരുമാനം വന്നിരിക്കുന്നത്.