Connect with us

Ongoing News

പാട്രീസ് ലുമുംബയുടെ കൊലപാതകത്തിന് പിന്നില്‍ ബ്രിട്ടീഷ് ചാരസംഘടനയെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ലണ്ടന്‍: പാന്‍ ആഫ്രിക്കന്‍ ദേശീയതയുടെ ശുഭ്ര നക്ഷത്രമായിരുന്ന പാട്രീസ് ലുമുംബയുടെ കൊലപാതകത്തിന് പിന്നില്‍ ബ്രിട്ടീഷ് ചാരസംഘടനയായ എം16നുള്ള പങ്ക് മുതിര്‍ന്ന ബ്രിട്ടീഷ് രാഷ്ട്രീയ നേതാവായ ഡേവിഡ് എഡ്വാര്‍ഡ് ലിയ പ്രഭു പുറത്തു വിട്ടു. 1961ല്‍ നടന്ന അതിനിന്ദ്യമായ ഒരു കൊലപാതകത്തില്‍ അമ്പത് വര്‍ഷമായി മറയിട്ട് വെക്കപ്പെട്ട നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ വെളിപ്പെടുത്തല്‍. ഹിന്ദു പത്രത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. ഇതുവരെ ലുമുംബയുടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയും ബെല്‍ജിയവും അവയുടെ ചാരസംഘടനകളുമാണെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. കേംഗോയിലെ ബെല്‍ജിയന്‍ കോളനിവാഴ്ചക്കെതിരായ ജനതയുടെ പോരാട്ടത്തിലെ വീരനായകനായിരുന്ന ലുമുംബയെ ഉന്‍മൂലനം ചെയ്യാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയും ബെല്‍ജിയന്‍ ഇന്റലിജന്‍സും തീരുമാനിച്ചത് അദ്ദേഹം പാശ്ചാത്യ ശക്തികള്‍ക്കെതിരെ സോവിയറ്റ് യൂനിയനോട് പക്ഷം ചേര്‍ന്ന് നില്‍ക്കുന്നു എന്നത് കൊണ്ടാണ്. ബ്രിട്ടീഷ് ഇന്റലിജന്‍സിനെ പറ്റി കാള്‍ഡര്‍ വാള്‍ടണ്‍ എഴുതിയ “എംപയര്‍ ഓഫ് സീക്രട്ട്‌സ്: ബ്രിട്ടീഷ് ഇന്റലിജന്‍സ്, കോള്‍ഡ് വാര്‍ ആന്‍ഡ് ദി ടൈ്വലൈറ്റ് ഓഫ് എംപയര്‍” എന്ന പുതിയ പുസ്തകത്തിലെ അവകാശവാദങ്ങള്‍ക്ക് ലണ്ടന്‍ റിവ്യു ഓഫ് ബുക്‌സിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ഡേവിഡ് എഡ്വാര്‍ഡ് ലിയ പ്രഭു എഴുതിയ പത്രാധിപര്‍ക്കുള്ള കത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഗ്രന്ഥകാരന്‍ പറയുന്നത്, ലുമുംബയെ കൊല്ലാന്‍ ബ്രിട്ടന്‍ ഗൂഢാലോചന നടത്തിയോ എന്നത് ചോദ്യമായിത്തന്നെ തുടരുകയാണ് എന്നാണ്.
എന്നാല്‍ ലിയ പ്രഭു എഴുതിയ പത്രാധിപര്‍ക്കുള്ള കത്തില്‍ ഇതില്‍ ബ്രിട്ടനുള്ള പങ്ക് സ്ഥിരീകരിക്കുന്നുണ്ട്. 1959 മുതല്‍ 1961വരെ ലിയോപോള്‍ഡ്‌വില്ലയിലെ(ഇപ്പോഴത്തെ കിന്‍ഷാസ) ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ കോണ്‍സലും ഫസ്റ്റ് സെക്രട്ടറിയുമായിരുന്ന ഡാഫ്‌നി പാര്‍ക്കുമായി നടത്തിയ സംഭാഷണത്തെ ആധാരമാക്കിയാണ് ലിയ പ്രഭുവിന്റെ വെളിപ്പെടുത്തല്‍. 2010ല്‍ ഡാഫ്‌നി മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്. ലിയോപോള്‍ഡ്‌വില്ലയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ ബ്രിട്ടീഷ് ചാരസംഘടനയുടെ ചുമതലക്കാരിയുമായിരുന്നു ഡാഫ്‌നി. വിരമിച്ചതിന് ശേഷം അവര്‍ക്ക് ബ്രിട്ടന്‍ ആയുഷ്‌കാല പ്രഭ്വി പദവി നല്‍കി. സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസിന്റെ വക്താവെന്നാണ് പ്രഭുസഭയിലെ സഹയാത്രികര്‍ ഡാഫിനിയെ വിശേഷിപ്പിച്ചിരുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സോമെര്‍ വില്ലെ കോളജിന്റെ മേധാവിയുമായിരുന്നു. അവരുമായി നടത്തിയ കൂടിക്കാഴ്ചാ വേളയില്‍ ലുമുംബയുടെ കൊലപാതകത്തിന് പിന്നില്‍ എം16നുള്ള സംശയാസ്പദമായ പങ്കിനെ കുറിച്ചാരാഞ്ഞപ്പോള്‍, “ഞങ്ങള്‍ അത് ചെയ്തു. ഞാനാണ് അത് സംഘടിപ്പിച്ചത്”-എന്ന് ഡാഫിനി അര്‍ഥശങ്കക്കിടയില്ലാതെ പറഞ്ഞു എന്ന് പത്രാധിപര്‍ക്കുള്ള കത്തില്‍ ലിയ പ്രഭു രേഖപ്പെടുത്തിയിട്ടുണ്ട്. “പാശ്ചാത്യ ശക്തികള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍, കോംഗോയിലെ സമ്പന്നമായ ധാതുനിക്ഷേപങ്ങളാകെ ലുമുംബ റഷ്യക്ക് കൈമാറുമായിരുന്നു എന്നും ഡാഫിനി ന്യായീകരിച്ചു. ഈ കൂടിക്കാഴ്ചയിലെ പരാമര്‍ശത്തെക്കുറിച്ച് പത്രാധിപര്‍ക്കുള്ള കത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് ലിയ പ്രഭുവിനോട് “ഹിന്ദു” ആരാഞ്ഞപ്പോള്‍ അദ്ദേഹം അത് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ലിയ പ്രഭുവിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ ബ്രിട്ടീഷ് ചാരസംഘടനയായ എം16ന്റെ അധികൃതര്‍ വിസമ്മതിച്ചു. “ഇന്റലിജന്‍സ് കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ പ്രതികരിക്കാറില്ല”- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
1960ല്‍ ബെല്‍ജിയത്തിന്റെ കോളനി വാഴ്ചയില്‍ നിന്നുള്ള വിമോചനത്തിനായി കോംഗോ ജനത നടത്തിയ വിജയകരമായ പോരാട്ടത്തിലെ വീരനായകനായിരുന്നു പാട്രീസ് ലുമുംബ. 1961 ജനുവരി 17ന് അമേരിക്കയും ബെല്‍ജിയവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയില്‍ ലുമുംബയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം അട്ടിമറിക്കപ്പെടുകയായിരുന്നു. പിടികൂടിയ ലുമുംബയെ അവര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസം പിന്നിടുന്നതിനിടയിലാണ് ലുമുംബയെ അതിനിന്ദ്യമായി വധിച്ചത്. ഈ കൃത്യത്തില്‍ ബ്രിട്ടീഷ് സൈനിക ചാരസംഘടനയായ എം16ന് കൂടി പങ്കുണ്ടെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.

Latest