Connect with us

National

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: സ്വിസ് കമ്പനി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടത്തിയതായി കോടതി വ്യക്തമാക്കിയ വിദേശികള്‍ക്കുള്ള സമന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സി ബി ഐ കൈമാറി. സ്വിസ്റ്റര്‍ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വിസ് ടൈമിംഗ് ലിമിറ്റഡിന്റെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കുള്ള സമന്‍സാണ് സി ബി ഐ കൈമാറിയത്.
അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിക്കൊപ്പം പങ്കുള്ളവരാണ് ഇവര്‍. ഇത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിന്റെ കോപ്പി ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് മുമ്പ് സമന്‍സുമായി ബന്ധപ്പെട്ട നിജസ്ഥിതി വ്യക്തമാക്കാന്‍ ഡല്‍ഹി കോടതി സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നു. സ്വിസ് ടൈമിംഗ് ജനറല്‍ മാനേജര്‍ ക്രിസ്റ്റഫര്‍ ബെര്‍ത്വാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ് ചിയാന്‍സ്, സെയില്‍സ് മാനേജര്‍ ജെ സ്പിരി എന്നിവര്‍ക്കാണ് സമന്‍സ് നല്‍കിയത്.
സമയവും സ്‌കോറും റിസല്‍ട്ടും കാണിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ അനധികൃതമായി സ്വിസ് ടൈമിംഗിന് കരാര്‍ നല്‍കിയത് വഴി 95 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കല്‍മാഡിയും സ്വിസ് ഉദ്യോഗസ്ഥരും കൂടാതെ മറ്റു ഒമ്പത് പേരും കേസില്‍ കുറ്റാരോപിതരാണ്. കേസില്‍ പ്രഥമദൃഷ്ട്യാ സ്വിസ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയതായി കോടതി വ്യക്തമാക്കിയിരുന്നു.

 

Latest