Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ലീഗ് തയ്യാറെടുക്കുന്നു

Published

|

Last Updated

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്‌ലിം ലീഗ് ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം രൂപം നല്‍കിയിട്ടുള്ളത്. ഇന്നലെ മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാര്‍ട്ടി നിയമസഭാ കക്ഷി നേതാക്കളുടെയും സംസ്ഥാന, ജില്ലാ ഭാരവാഹികളുടെയും യോഗം ചേര്‍ന്ന് പരിപാടികള്‍ മണിക്കൂറുകളോളം ചര്‍ച്ച ചെയ്തു. വോട്ടര്‍മാരുടെ മനസ്സറിയാന്‍ മണ്ഡലങ്ങളില്‍ അഭിപ്രായ സര്‍വേ നടത്താനുള്ള തീരുമാനമാണ് ഇതില്‍ ഏറ്റവും പ്രധാനം.

പാര്‍ട്ടി നേതൃത്വം നേരിട്ടായിരിക്കും അഭിപ്രായ സര്‍വേ നടത്തുക. ഏപ്രില്‍ പതിനഞ്ചോടെ സര്‍വേയും മറ്റ് പ്രചാരണ പരിപാടികളും ആരംഭിക്കാനാണ് യോഗത്തില്‍ തീരുമാനമായത്. കൂടാതെ, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പദയാത്രകള്‍ നടത്തുകയും കുടുംബ യോഗങ്ങളും ഗൃഹ സന്ദര്‍ശനങ്ങളും സജീവമാക്കുകയും ചെയ്യും. കീഴ്ഘടകങ്ങളെ ഉപയോഗിച്ച് പരമാവധി നേരത്തെ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നാണ് തീരുമാനം.
പാരിസ്ഥിതിക വിഷയങ്ങളില്‍ ലീഗ് കൂടുതലായി ഇടപെടലുകള്‍ നടത്തും. ഇതിന്റെ ഭാഗമായി ഏപ്രില്‍ 11ന് കുറ്റിപ്പുറം ഭാരതപ്പുഴയുടെ തീരത്ത് പരിസ്ഥിതി സംഗമം നടത്തും. 19ന് സീതി സാഹിബ് അനുസ്മരണം തലശ്ശേരിയില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള രണ്ട് പാര്‍ലിമെന്റ് സീറ്റുകളിലും ലീഗിന് പൂര്‍ണമായ വിജയ പ്രതീക്ഷയാണുള്ളതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതിനെ കുറിച്ച് ആലോചനയില്ല. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സഊദി സര്‍ക്കാറിന്റെ സ്വദേശിവത്കരണത്തെ തുടര്‍ന്ന് മലയാളികള്‍ക്കുണ്ടായേക്കാകുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സര്‍ക്കാറിന്റെ നിലവിലുള്ള പ്രകടനം മികച്ചതാണെങ്കിലും യു ഡി എഫിനകത്തെ വിവാദങ്ങള്‍ ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി യു ഡി എഫിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. വിലക്കയറ്റമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെ കുറിച്ച് മികച്ച പ്രതികരണമാണ് ജനങ്ങള്‍ക്കുള്ളതെന്നും വിവാദങ്ങള്‍ ഒഴിവാക്കി അച്ചടക്കം പാലിച്ച് മുന്നണിക്ക് കളങ്കമുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു.
സഊദിയിലെ നിതാഖാത് പ്രശ്‌നം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ വിദേശത്ത് വലിയ ചര്‍ച്ചയാകുകയും അനാവശ്യ ഭീതിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ പറയുന്നയത്ര പ്രശ്‌നം ഇപ്പോഴില്ല. അതുകൊണ്ട് തന്നെ കൂട്ടത്തോടെയുള്ള തിരിച്ചുവരവിന് സാധ്യതയില്ല. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ മിതത്വം പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പ്രവാസികള്‍ക്കുള്ള പുനരധിവാസം അര്‍ഥപൂര്‍ണമായി നടപ്പിലാക്കണം. അവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്നും മന്ത്രിസഭ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മന്ത്രിമാരായ എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, വി കെ ഇബ്‌റാഹഹിംകുഞ്ഞ്, എം എല്‍ എമാര്‍ പങ്കെടുത്തു.