വാഹന വേഗത അറിയിക്കുന്ന റഡാറുമായി ഖാബൂസ് വിദ്യാര്‍ഥികള്‍

Posted on: March 29, 2013 7:31 am | Last updated: March 29, 2013 at 7:31 am

qaboosമസ്‌കത്ത് : രാജ്യത്ത് വാഹനാപകടങ്ങളും അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരും പരുക്കേല്‍ക്കുന്നവരും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ഡ്രൈവര്‍മാരെയും വാഹന ഉടമയെയം പോലീസിനെയും സഹായിക്കുന്ന പദ്ധതിയുമായി രംഗത്ത്. മൊബൈല്‍ റഡാര്‍ ഉള്‍പെടെയുള്ള അഞ്ച് ആശയങ്ങളുമായാണ് ഒമാന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ‘കോമക്‌സി’ല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ എത്തിയിരിക്കുന്നത്.
വാഹനത്തിന്റെ വേഗത പരിധി വിടുമ്പോള്‍ ഡ്രൈവറെ അറിയിക്കുകയും വേഗത കുറക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന ഉപകരണമാണ് മൊബൈല്‍ റഡാര്‍. രാജ്യത്ത് അപകടങ്ങള്‍ പ്രധാന സാമൂഹിക പ്രശ്‌നമായി വളര്‍ന്നതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഈ ആശയം അവതരിപ്പിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അസി. പ്രൊഫസര്‍ ഡോ. ജമീല്‍ ദാര്‍വീശ് അല്‍ ശഖ്‌സി പറഞ്ഞു. വേഗത പരിധി ലംഘിച്ച് 15 സെക്കന്‍ഡിനു ശേഷം ഡ്രൈവറെ റഡാര്‍ ഉണര്‍ത്തിക്കൊണ്ടിരിക്കും. വേഗത കുറക്കാന്‍ ഡ്രൈവര്‍ തയാറായില്ലെങ്കില്‍ ഉപകരണം പോലീസിന് എസ് എം എസ് എയക്കും. ഇതേ എസ് എം എസ് വാഹത്തിന്റെ ഉടമക്കും അയക്കും. ഡ്രൈവര്‍മാര്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നത് ഒരേ സമയം പോലീസിനെയും വാഹന ഉടമയെയും അറിയിക്കുന്ന സാങ്കേതിക വിദ്യ കോമക്‌സ് സന്ദര്‍ശകരെയും അധികൃതരെയും ആകര്‍ഷിച്ചു വരികയാണ്. ഈ ഉപകരണം അടുത്ത മാസം ആര്‍ ഒ പി ഉള്‍പെടെയുള്ള അധികൃതര്‍ക്ക് ഔദ്യോഗികമായി സമര്‍പ്പിക്കുമെന്നും ദാര്‍വീശ് പറഞ്ഞു.
കമ്പ്യൂട്ടറില്‍ വിദ്യാര്‍ഥികള്‍ ചെയ്തു വെക്കുന്ന പ്രജക്ട് വര്‍ക്കുകള്‍ മറ്റുള്ളവര്‍ കോപി ചെയ്‌തെടുക്കുന്നതു തടയുകയും കോപി ചെയ്യപ്പെട്ടതിനെക്കുറിച്ച് കൃത്യമായ വിവരം നല്‍കുകയും ചെയ്യുന്ന ആശയമാണ് യൂനിവേഴിസിറ്റിയിലെ മറ്റൊരു സംഘം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്നത്. കുട്ടികളെ പഠിപ്പിക്കുന്നത് എളുപ്പമാക്കുന്ന വൈറ്റ് ബോര്‍ഡാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പവലിയനില്‍ അവതരിപ്പിക്കുന്നത്. കമ്പ്യൂട്ടറുമായി ഘടപ്പിച്ചിട്ടുള്ള ബോര്‍ഡില്‍ ഇലക്‌ട്രോണിക് പേന കൊണ്ട് എഴുതുമ്പോള്‍ അതിലെ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പെട്ടെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന  വിവരങ്ങളും ചിത്രങ്ങളും നല്‍കുന്നതാണ് ഈ ബോര്‍ഡ്.
കമ്പ്യൂട്ടറുകളുടെയും ടാബ്‌ലറ്റുകളുടെയും ലോകത്തിനു ശേഷം സാങ്കേതിക മേഖലയില്‍ സജീവമാകാന്‍ പോകുന്ന റോബോട്ടുകളുമായാണ് ഇബ്ര അല്‍ മുതനബി സ്‌കൂള്‍ കോമക്‌സിലെത്തിയിരിക്കുന്നത്. വിവിധ ജോലികള്‍ ചെയ്യുകയും ഫുട്‌ബോള്‍ കളിക്കുകയും ചെയ്യുന്ന റോബോട്ടുകളുടെ പ്രവര്‍ത്തനം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മേളയില്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പവലിയന്‍കൂടിയാണിത്.