ആലപ്പുഴ ജില്ലാപഞ്ചായത്തിന് 26 കോടിയുടെ മിച്ച ബജറ്റ്‌

Posted on: March 28, 2013 6:00 am | Last updated: March 28, 2013 at 12:13 am

ആലപ്പുഴ: കാര്‍ഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം നല്‍കി 73,08,27,847 രൂപ വരവും 72,82,47,847 രൂപ ചെലവും 25,80,000 രൂപ നീക്കിയിരിക്കും പ്രതീക്ഷിക്കുന്ന 2013-14 ലെ ജില്ലാപഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ അവതരിപ്പിച്ചു. പൊതുവിഭാഗത്തില്‍ 25.32 കോടിയും പ്രത്യേക ഘടകപദ്ധതിയില്‍ 9.79 കോടിയും പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 17.36 ലക്ഷവും ഉള്‍പ്പെടെ ആകെ 35.29 കോടിയാണ് വികസന ഫണ്ടായി നീക്കിവെച്ചിട്ടുള്ളത്. ഉല്‍പ്പാകന-സേവന മേഖലക്ക് 30 ശതമാനവും പശ്ചാത്തല മേഖലക്ക് 40 ശതമാനവും തുക വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ തമ്പി മേട്ടുതറ പറഞ്ഞു. കൂടാതെ മെയിന്റനന്‍സ് ഗ്രാന്റായി റോഡ് വിഭാഗത്തില്‍ 4.53 കോടിയും നോണ്‍ റോഡ് വിഭാഗത്തില്‍ നാല് കോടിയും ജനറല്‍ പര്‍പ്പസ് ഫണ്ടായി 1.84 കോടിയും വകയിരുത്തിയിട്ടുണ്ട്.
കൃഷി വികസനത്തിനായി നാല് കോടി രൂപ വകയിരുത്തി. മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തില്‍ ഹൈടെക് ഡയറിഫാം, പുല്‍കൃഷി വ്യാപനം, തരിശുനിലം കൃഷിയോഗ്യമാക്കല്‍, പച്ചക്കറി കൃഷി വികസനം, വിത്തുല്‍പ്പാദന പദ്ധതി എന്നിവ നടപ്പാക്കും. മൃഗസംരക്ഷണ മേഖലക്കായി 20 ലക്ഷവും മത്സ്യബന്ധനമേഖലക്കായി 30 ലക്ഷവും ക്ഷീരവികസനത്തിനായി 50 ലക്ഷവും വകയിരുത്തി. കയര്‍മേഖലയില്‍ വനിതാ ഗ്രൂപ്പുകള്‍ക്ക് ഡീഫൈബറിംഗ് യൂനിറ്റ് സ്ഥാപിക്കാന്‍ 1.65 കോടി വകയിരുത്തി.
സേവന മേഖലയില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക-കായിക പദ്ധതികള്‍ക്കായി 1.75 കോടി വകയിരുത്തി. ഹൈടെക് സാംസ്‌കാരികകേന്ദ്രം, കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്ട് കിറ്റ് വിതരണം, സാംസ്‌കാരിക കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, ഇന്റര്‍നെറ്റ് കഫേ, കാവാലം, കാവാലം അയ്യപ്പപണിക്കര്‍ സ്മാരകം, ചെട്ടികുളങ്ങര കെട്ടുകാഴ്ചക്ക് ധനസഹായം, പ്രാദേശിക ജലോത്സവങ്ങള്‍ക്ക് ഗ്രാന്റ്, സ്റ്റേഡിയം നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും.
ബയോഗ്യാസ് പ്ലാന്റ് നിര്‍മാണ പദ്ധതിക്ക് 30 ലക്ഷവും ആരോഗ്യ മേഖലക്ക് 50 ലക്ഷവും വകയിരുത്തി. മാവേലിക്കര ജില്ലാ ആശുപത്രി മാതൃകാ ആശുപത്രി ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കുടിവെള്ള വിതരണത്തിന് ഒരു കോടിയും ഇ എം എസ് ഭവനപദ്ധതി പൂര്‍ത്തീകരണത്തിന് 50 ലക്ഷവും എ ഐ വൈ ഭവനനിര്‍മാണ പദ്ധതിക്ക് 2.5 കോടിയും ആശ്രയ പദ്ധതിക്ക് 30 ലക്ഷവും വകയിരുത്തി.
വികലാംഗര്‍ക്ക് സ്‌കൂട്ടര്‍ വിതരണം, വികലാംഗര്‍ക്ക് ഉപകരണങ്ങള്‍, നിയോഗം, കരുണ എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ മേഖലക്കായി ഒരു കോടിരൂപ വകയിരുത്തി. ജില്ലാപഞ്ചായത്ത് റോഡുകളില്‍ ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി സൗരോര്‍ജലൈറ്റുകള്‍ സ്ഥാപിക്കും. മാവേലിക്കര ജില്ലാ ആശുപത്രി, ജില്ലാപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കും.
പ്രത്യേക ഘടകപദ്ധതിയില്‍ ഉള്‍പ്പാദന സേവന മേഖലകളില്‍ കൃഷി വികസനത്തിന് 85 ലക്ഷവും മൃഗസംരക്ഷണത്തിനും സാമൂഹിക ക്ഷേമപദ്ധതികള്‍ക്കും ഒരു കോടിവീതം വകയിരുത്തി. പശ്ചാത്തല മേഖലയില്‍ റോഡ് വികസനത്തിന് നാല് കോടി വകകൊള്ളിച്ചു. വ്യവസായ വികസനം-50 ലക്ഷം, വിദ്യാഭ്യാസ-സാംസ്‌കാരിക, കായികമേഖല-40 ലക്ഷം, കുടിവെള്ള വിതരണം-75 ലക്ഷം, വൈദ്യുതി വ്യാപനം-25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് പദ്ധതികള്‍ക്കായി തുക നീക്കിവെച്ചിട്ടുള്ളത്.
സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവക്ക് 1.50 കോടി, സ്‌കൂളുകള്‍ക്ക് ഫര്‍ണീച്ചര്‍ വാങ്ങി നല്‍കാന്‍ ഒരു കോടി, മാവേലിക്കര ജില്ലാ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനും മരുന്ന് വാങ്ങലിനുമായി 1.70 കോടിയും കൃഷി ഫാമുകളുടെ വികസനത്തിന് 50 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.
കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം കാര്‍ഷിക മേഖലയിലെ പ്രോജക്ടുകളുമായി സംയോജിപ്പിച്ച് ജില്ലയില്‍ കൃഷി വികസനത്തിനുള്ള നൂതന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കും. ഏഴ് കോടി രൂപയാണിതിനായി വകകൊള്ളിച്ചിട്ടുള്ളത്. ജില്ലയിലെ അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ നബാര്‍ഡിന്റെ 1.40 കോടി രൂപ വിനിയോഗിക്കും.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 124 കോടിയിലധികം തുക ചെലവഴിക്കുകയും 74.53 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായി വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ജില്ലയില്‍ സാധ്യമായിടത്തെല്ലാം കൃഷി എന്നതാണ് ജില്ലാപഞ്ചായത്തിന്റെ നയമെന്ന് ആമുഖ പ്രസംഗം നടത്തിയ പ്രസിഡന്റ് പ്രതിഭാഹരി പറഞ്ഞു. സ്ത്രീകളുടെ ക്ഷേമത്തിനായി പദ്ധതി വിഹിതത്തിന്റെ 10 ശതമാനം തുക വിനിയോഗിച്ചു നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അവര്‍ പറഞ്ഞ