Connect with us

Ongoing News

ദേശീയ പാത വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് കേരളം

Published

|

Last Updated

തിരുവനന്തപുരം:ദേശീയപാത വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും അറ്റകുറ്റപ്പണികളുടെ പേരില്‍ സ്വകാര്യ കമ്പനികള്‍ക്ക് ടോള്‍ പിരിക്കാന്‍ അവസരമൊരുക്കുന്നതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സി പി ജോഷിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
ദേശീയപാത നാലാം ഘട്ട വികസനത്തിന്റെ ഭാഗമായി ബോഡിമേട്ട്- കുണ്ടന്നൂര്‍, കൊല്ലം- കടുത്തുരുത്തി, കോഴിക്കോട്- മുത്തങ്ങ, കോഴിക്കോട്- പാലക്കാട്, കൊല്ലം- തേനി എന്നീ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട് കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി കത്തയച്ചത്. ദേശീയ പാതയുടെ വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചാല്‍ മതിയെന്നും റോഡിന്റെ വികസനം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന പൊതുമരാമത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
ദേശീയപാത വികസനത്തില്‍ വീഴ്ച പറ്റിയെന്ന കേന്ദ്ര റിപ്പോര്‍ട്ട് പൂര്‍ണമായും നിഷേധിക്കുന്നില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കാലതാമസമുണ്ടായി. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ എതിര്‍പ്പ് കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സര്‍ക്കാറിന് മുന്നോട്ടു പോകാനാകില്ല. മാര്‍ച്ച് 31 കഴിഞ്ഞാലും ദേശീയപാത വികസനത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള സഹായം നഷ്ടമാകില്ല. വീഴ്ച പറ്റാതിരിക്കാന്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചു. സ്ഥലമേറ്റെടുപ്പിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.