Connect with us

Malappuram

മൂത്തേടത്തെ ദുരന്തം വേട്ടയാടുന്നത് രണ്ടാം തവണ

Published

|

Last Updated

നിലമ്പൂര്‍: സഊദിയില്‍ തീപിടിത്തത്തില്‍ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് അഞ്ച് മൂത്തേടം സ്വദേശികള്‍. ദുരന്തം ഇനി ആവര്‍ത്തിക്കരുതെന്ന പ്രാര്‍ഥനയോടെ നാട്ടുകാര്‍.
2011 ല്‍ സഊദിയിലെ ദമാമില്‍ മൂത്തേടം കാരപ്പുറം ചുള്ളിക്കുളവന്‍ കബീര്‍, കരുളായി പുളിയില്‍ സ്വദേശി സുലൈമാന്‍ എന്നിവര്‍ താമസ സ്ഥലത്ത് ഉറങ്ങി കിടക്കുന്നതിനിടെ തീ പൊള്ളലേറ്റ് മരിച്ചിരുന്നു. ഈ ദുരന്തം കുടുംബവും നാട്ടുകാരും മറക്കുന്നതിന് മുമ്പ് തന്നെ, മൂത്തേടത്തെ നടുക്കി മറ്റൊരു ദുരന്തംകൂടി. ഇന്നലെ പുലര്‍ച്ചെ സഊദിയിലെ അല്‍ഹായിലില്‍ സോള്‍ കമ്പനിക്ക് തീപിടിച്ച് മരിച്ച ഏഴ്‌പേരില്‍ മൂന്ന് പേരും മൂത്തേടം സ്വദേശികളാണ്. ഒരാള്‍ തൊട്ടടുത്ത ചുങ്കത്തറ സ്വദേശിയുമാണ്. രണ്ട് ദുരന്തവും തൊഴില്‍ ചെയ്യുന്ന ശാലക്ക് മുകളില്‍ ഉറങ്ങി കൊണ്ടിരിക്കുന്നതിനിടെയായിരുന്നുവെന്ന സമാനതയുമുണ്ട്.
രണ്ട് അപകടത്തിന്റെയും കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗോഡൗണിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍ സാമഗ്രികള്‍ക്ക് തീപിടിക്കുകയും ഉറങ്ങി കിടക്കുന്നവര്‍ പുക ശ്വസിച്ച് മരിക്കുകയുമായിരുന്നു.
12 വര്‍ഷമായി സഊദിയില്‍ ജോലി ചെയ്യുന്ന താളിപ്പാടം അധികാരത്തൊടി സൈതലവിയുടെ മകന്‍ സിദ്ദീഖ് അടുത്തമാസം വരാനിരിക്കുകയായിരുന്നു. 12 വര്‍ഷത്തെ പ്രവാസ ജീവിതം കൊണ്ട് ഒരു വീട് യാഥാര്‍ഥ്യമാക്കാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ല. വീട് നിര്‍മാണം തുടങ്ങിയാണ് കഴിഞ്ഞ തവണ നാട്ടില്‍ നിന്ന് തിരിച്ചത്. അതിനിടെ സിദ്ദീഖിനെ ദുരന്തം വേട്ടയാടുകയായിരുന്നു.
ചെമ്മംതിട്ട വെള്ളൂര്‍ കിഴക്കേതില്‍ പത്മനാഭന്റെ മകന്‍ സത്യകുമാര്‍ എന്ന കുട്ടന്‍ ആദ്യ തവണയാണ് സൗഊദിയില്‍ ജോലിക്കെത്തിയത്. അച്ചന്‍ ചെറുപ്പത്തില്‍ മരിച്ചു പോയതിനാല്‍ അമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന കുട്ടന്‍ കുടുംബത്തെ ദരിദ്ര്യ കയത്തില്‍ നിന്ന് രക്ഷപ്പെടുത്താനാണ് രണ്ട് വര്‍ഷം മുമ്പ് സഊദിയിലെത്തിയത്. അടുത്ത മാസം നാട്ടില്‍ തിരിച്ചുവരാനിരിക്കുകയായിരുന്നു. ചുങ്കത്തറ പുത്തന്‍പീടിക ഹംസയുട മകന്‍ ജയ്‌സലും ആദ്യമായാണ് സഊദിയിലെത്തിയത്. കല്‍കുളം കിഴക്കേ പനമത്താമുറി പാപ്പച്ചന്റെ മകന്‍ ലാലുവിന്റെ ദാരുണ മരണവും കുടുംബത്തെ ഞെട്ടിച്ചു. നാല് മാസം മുമ്പാണ് ചുങ്കത്തറ കാടിച്ചിറ സ്വദേശി ജയ്‌സല്‍ അല്‍ഹായലിലെ സോഫാ കമ്പനിയിലെത്തിയത്.
കിടപ്പാടം വിറ്റാണ് വിദേശത്തേക്ക് പോയത്. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തെ സ്വന്തം വീട്ടിലേക്ക് മാറ്റണമെന്ന മോഹത്തിനിടെ ജയ്‌സലിനെ ദുരന്തം വേട്ടയാടി. ഗര്‍ഭിണിയായ ഭാര്യ റുബീനയെയും ഏക മകന്‍ നാസിലിനേയു തനിച്ചാക്കിയാണ് ജയ്‌സല്‍ യാത്രയായത്. 10 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന ലാലു രണ്ട് വര്‍ഷം മുമ്പാണ് വിസ പുതുക്കി വീണ്ടും സഊദിയിലെത്തിയത്.