ഇടുക്കിയില്‍ ടൂറിസ്റ്റ്‌ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

Posted on: March 25, 2013 1:10 pm | Last updated: March 26, 2013 at 12:55 pm
SHARE

 

തൊടുപുഴ:ഇടുക്കി-രാജാക്കാട് തേക്കിന്‍കാനത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഏഴ് വിദ്യാര്‍ഥികളടക്കം എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വിദ്യാര്‍ഥിനിയും ബസ് ക്ലീനറുമുണ്ട്. തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ ഉച്ചക്ക് 12.40ഓടെ തേക്കിന്‍കാനത്തിനും മുല്ലക്കാനത്തിനും ഇടയിലാണ് ദുരന്തം.കൊല്ലം ശൂരനാട് ശ്രീഭവനത്തില്‍ ശശിധരന്‍ നമ്പൂതിരിയുടെ മകന്‍ ശ്രീജേഷ് (22), തിരുവനന്തപുരം ജിഷപുരം രവികുമാറിന്റെ മകന്‍ ഹേമന്ദ് (22), കളമശ്ശേരി എ കെ ജി കോളനി കുറ്റാലത്ത് ചന്ദ്രന്റെ മകന്‍ ഷൈജു (23), തിരുവനന്തപുരം കവടിയാര്‍ എസ് എസ് കോവില്‍ ലൈന്‍ ഭഗവതി മന്ദിരം വിഘ്‌നേഷ് രാജു (22), ശാസ്തമംഗലം ആമത്തറയില്‍ ജിതിന്‍ (22), കണ്ണൂര്‍ തളിപ്പറമ്പ് താഴേത്തൊണ്ടിയില്‍ മഞ്ജു ബാലകൃഷ്ണന്‍ (21), കൊച്ചി അമ്പലമേട് കാരിവേലില്‍ ശരത് ചന്ദ്രന്‍ (21), ബസ് ക്ലീനര്‍ തിരുവനന്തപുരം കഴക്കൂട്ടം ചിറ്റുവിളയ്ക്ക് അടുത്ത് രാജപ്പന്റെ മകന്‍ രാജ് കുമാര്‍ (25) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.39 വിദ്യാര്‍ഥികളും രണ്ട് രക്ഷിതാക്കളും രണ്ട് ബസ് ജീവനക്കാരും അടക്കം 43 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. തേക്കിന്‍കാനത്തിനും മുല്ലക്കാനത്തിനും ഇടയിലെ ‘എസ്’ വളവില്‍ വച്ച് നിയന്ത്രണംവിട്ട ബസ് 60 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. താഴെയുളള റോഡിലേക്കാണ് ബസ് പതിച്ചത്. നാല് പേര്‍ ബസിന് അടിയില്‍പ്പെട്ടു. ജെ സി ബി ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തത്. സമീപത്ത് വീടുകള്‍ ഇല്ലാതിരുന്നത് രക്ഷപ്രവര്‍ത്തനം മന്ദഗതിയിലാക്കി. വെളളിയാഴ്ചയാണ് സംഘം തിരുവനന്തപുരത്ത് നിന്ന് തിരിച്ചത്. കൊടൈക്കനാല്‍ സന്ദര്‍ശിച്ച് രാജാക്കാട് വഴി മൂന്നാറിലേക്ക് വരുമ്പോഴാണ് അപകടം. പത്ത് ദിവസത്തെ പഠനാവധിക്കിടയില്‍ നടത്തിയ വിനോദയാത്ര ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

മൂന്ന് പേരുടെ മൃതദേഹങ്ങള്‍ രാജാക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലും നാലുപേരുടെത് അടിമാലി താലൂക്ക് ആശുപത്രിയിലുമാണ് ഉള്ളത്. അപകടത്തില്‍ പരുക്കേറ്റ ആര്യ, ശ്രീജിത്ത്, മീര, ലക്ഷ്മി, സ്റ്റെഫി, ജോബി, അരവിന്ദ്, അജ്മല്‍, അശോക്, പ്രിയേന്ദു, അപര്‍ണ, വിഷ്ണു, അനന്ദു, ആശ, ഷെഫീഖ്, വിഷ്ണു, ജ്യോതി, അഭിഷേക്, വിഷ്ണുപ്രിയ എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ പരുക്കേറ്റ പത്ത് പേര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ കോതമംഗലം, രാജാക്കാട് എന്നിവിടങ്ങളിലെ ആശുപത്രിയിലുമാണ് ഉള്ളത്.
കോട്ടയം പെരുമ്പാവൂര്‍ കോതമംഗലം എന്നിവിടങ്ങളില്‍ നിന്ന് ആരോഗ്യവിദഗ്ധര്‍ അപകടസ്ഥലത്തെത്തി. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ രാത്രി സ്ഥലത്തെത്തി. അടിമാലിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പറുകള്‍- 04864 222145, 9497990054,9 497990060,9497961905,9497932334, 04862232356