Connect with us

Editors Pick

പുരോഗമന ഇസ്‌ലാമും കേളത്തിലെ മുജാഹിദ് പ്രശ്‌നങ്ങളും

Published

|

Last Updated

mujahid copy

കേരള മുസ്‌ലിംകളെ നവീകരിച്ചുനീങ്ങിയ പുരോഗമന ഇസ്‌ലാമിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? “നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്” ആഘോഷിക്കുമ്പോള്‍ എന്തുവലിയ പ്രതിസന്ധിയിലാണ് അവര്‍ ചെന്നുചാടിയിരിക്കുന്നത് എന്നത് പുറത്ത് നിന്ന് നോക്കുമ്പോള്‍ അത്ര പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. ആശയകോലാഹലങ്ങളും തര്‍ക്കകുതര്‍ക്കങ്ങളും ഒപ്പം കൊണ്ടുനടന്ന ഒരു പ്രസ്ഥാനത്തിലുണ്ടായ സ്വാഭാവിക അഭിപ്രായവ്യത്യാസങ്ങളും അതിനെത്തുടര്‍ന്നുള്ള സംഘടനാ നടപടികളുമായി പുതിയ സംഭവങ്ങളെ ചുരുക്കിക്കൂട്ടുന്നത് “മുസ്‌ലിം നവോത്ഥാന”ത്തിന്റെ ഇന്നലകളെ നിഷേധിക്കലായിരിക്കും.

കേരളത്തിലെ മുസ്‌ലിം പുരോഗമനവാദികളുടെ വലിയ സംഭാവനയായി അവര്‍ തന്നെ വിചാരിക്കുന്നതും പൊതുസമൂഹത്തില്‍ ചിലരെയെങ്കിലും ധരിപ്പിച്ചതും, സമുദായത്തില്‍ നിന്ന് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിപാടനം ചെയ്തു എന്നതാണ്. (“അന്ധവിശ്വാസം” എന്ന പദം എത്രത്തോളം മതപരമായി സത്യസന്ധമാണെന്നതും മതമീമാംസയോട് എത്രമാത്രം നീതി പുലര്‍ത്തുന്നു എന്നതും മറ്റൊരു വിഷയം.) മുസ്‌ലിം സമൂഹത്തില്‍ കട്ട പിടിച്ചിരുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ച് എത്രയെത്ര ഉദ്‌ബോധനങ്ങളാണ് നമ്മള്‍, മലയാളികള്‍ കേട്ടത്? സ്‌കൂളിലെ പുരോഗമനേച്ഛുക്കളായ അറബി മുന്‍ഷിമാര്‍ സുന്നി കുട്ടികളെ എത്ര നേരമാണ്, വിലപ്പെട്ട പഠനസമയം ചെലവഴിച്ച് കളിയാക്കിയത്? ഇതിന്റെയൊക്കെ പേരില്‍ പരമ്പരാഗത മുസ്‌ലികള്‍ എത്രയാണ് ചേപ്ര സഹിച്ചത്? സമുദായത്തിന്റെ ഗുണകാംക്ഷ മാത്രം ഉദ്ദേശിച്ചായിരിക്കണം നവോത്ഥാന പ്രവര്‍ത്തകര്‍ ഇതൊക്കെ ചെയ്തിട്ടുണ്ടാകുക. പാവങ്ങള്‍! എന്നാല്‍ തങ്ങള്‍ ഇതുവരെ അന്ധവിശ്വാസമെന്നും അനാചരമെന്നും പ്രചരിപ്പിച്ച് ഉച്ചാടനം ചെയ്യാനിറങ്ങിയ വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കാനാകാതെ ഉഴലുന്ന ഒരു പ്രതിസന്ധിയെയാണ് പുരോഗമന ഇസ്‌ലാമിന്റെ ഒരു ഫ്രാഞ്ചൈസി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
“സിഹിറി(മാരണം/കൂടോത്രം)ന് യാഥാര്‍ഥ്യമില്ലെ”ന്ന വാദമാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഇക്കാലമത്രയും പ്രബോധനം ചെയ്തുപോന്നത്. എന്നുവെച്ചാല്‍, സിഹ്‌റ് നിഷിദ്ധം തന്നെ. എന്നാല്‍ സിഹ്‌റ് കൊണ്ട് ഉപദ്രവമൊന്നുമേല്‍ക്കില്ല. കെ എന്‍ എം മുഖപത്രമായ “അല്‍മനാര്‍” 1982 നവംബര്‍ ലക്കത്തില്‍ ഈ നിലപാട് പറയുന്നുണ്ട്. 2006ല്‍ സാല്‍വേഷന്‍ എക്‌സിബിഷനോടനുബന്ധിച്ചിറക്കിയ ലഘുലേഖയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും അതിനിത്ര തെളിവൊന്നും ആവശ്യമില്ലല്ലോ. നാട്ടിലാര്‍ക്കാണ് അറിഞ്ഞുകൂടാത്തത്, അത്തരം “അന്ധവിശ്വാസങ്ങള്‍”ക്കൊന്നും മുജാഹിദുകളെ കിട്ടില്ലെന്ന്!
ഇതേപോലെ, ജിന്നിനെക്കുറിച്ചും പുരോഗമനവാദികള്‍ ചില നിലപാടുകള്‍ മുന്നോട്ട് വെക്കുകയുണ്ടായി. ജിന്നുകള്‍ എന്നൊരു വര്‍ഗത്തെ അല്ലാഹു പടച്ചിട്ടുണ്ടെന്നും മനുഷ്യരെപ്പോലെ ചിന്തയും ബുദ്ധിയുമുള്ളവരാണെന്നും അവരില്‍ സദ്‌വൃത്തരും പിശാചുക്കളുമുണ്ടെന്നും പറഞ്ഞു നിര്‍ത്തി ഇവരില്‍ ചിലര്‍. എന്നാല്‍, പുരോഗമനം പോരാ എന്ന് തോന്നിയവര്‍ കുറച്ചുകൂടി “ശാസ്ത്രീയമായി” ജിന്നുകളെ സമീപിച്ചു. അത് ഒരു തരം സൂക്ഷ്മജീവികളാണെന്ന് അവര്‍ കണ്ടെത്തി. അങ്ങനെയാണ് “ആണ്‍ പിശാചുക്കളില്‍ നിന്നും പെണ്‍ പിശാചുക്കളില്‍ നിന്നും കാക്കണേ” എന്ന പ്രാര്‍ഥന “ആണ്‍ ബാക്ടീരിയകളില്‍ നിന്നും പെണ്‍ ബാക്ടീറിയകളില്‍ നിന്നും കാക്കണേ” എന്നാണെന്ന് കേരളത്തിലെ പരിഷ്‌കാരികളായ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിച്ചത്. “”ആധുനിക കാലത്ത് മൈക്രോസ്‌കോപ്പിലൂടെ കണ്ടെത്തിയിട്ടുള്ള അണുക്കള്‍ ഒരു തരം നിഗൂഢ ജീവികള്‍(ജിന്നുകള്‍) ആണ്”” എന്ന് തഫ്‌സീറുല്‍ മനാറില്‍ റശീദ് റിള എഴുതുന്നുണ്ട്. പുരോഗമനവാദികളെ വല്ലാതെ ആവേശം കൊള്ളിച്ച ഒരു വ്യാഖ്യാനമായിരുന്നു ഇത്.
പിശാചും ജിന്നും മനുഷ്യന്റെ ബോധമണ്ഡലത്തെ കീഴടക്കുകയും ശരീരത്തിന്റെയു മനസ്സിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുമെന്നത് പുരോഗമനവാദികള്‍ പൊതുവെ നിഷേധിച്ചു. ഇരുപക്ഷവും ജിന്ന് ബാധ, പിശാച് ബാധ തുടങ്ങിയവക്ക് “ഹിസ്റ്റീരിയ” എന്ന പേരില്‍ വ്യാഖ്യാനം നല്‍കി. “മനുഷ്യര്‍ക്ക് ജിന്നുബാധയും പിശാച്ബാധയുമൊക്കെയുണ്ടാകുമെന്ന ചില ദജ്ജാലുകളുടെ വാദം വ്യാജമാണ്. അത് മനുഷ്യപ്പിശാചുക്കളുടെ കുതന്ത്രം മാത്രമാണ്” എന്ന റശീദ് റിളയുടെ വാക്കുകള്‍ മതപരിഷ്‌കരണവാദികളുടെ സ്റ്റേജുകളില്‍ വ്യാപകമായി കേട്ടിരുന്നു.
ഇങ്ങനെ ബാക്ടീരിയയും മൈക്രോസ്‌കോപ്പും വൈറസുമായി, യുക്തിവാദികളെയും പരിഷത്തുകാരെയും തോല്‍പ്പിക്കുന്ന പുരോഗമനവുമായി നവോത്ഥാനം മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടനയില്‍, ചില “വ്യതിചലിച്ച” വാദങ്ങള്‍ തല പൊക്കാന്‍ തുടങ്ങിയത്. “കൊച്ചു മൗലവിമാരി”ല്‍ ചിലരും സംഘടനയിലേക്ക് മറ്റു വിഭാഗങ്ങളില്‍ നിന്ന് ചേക്കേറിയവരും ഒരു അലോപ്പതി ഡോക്ടറുമൊക്കെയാണീ വാദങ്ങള്‍ ഉന്നയിച്ചത് എന്നാണ് മറുപക്ഷം പറയുന്നത്. അങ്ങനെ മെല്ലെ മെല്ലെ സംഘടനയുടെ മുഖ്യപ്രബോധന വിഷയങ്ങള്‍ തന്നെ ജിന്നുബാധയും സിഹ്‌റ് ബാധയുമൊക്കെയായിത്തീര്‍ന്നു. ജിന്ന് ബാധയെക്കുറിച്ചുള്ള ക്ലാസുകള്‍, പേടിപ്പെടുത്തുന്ന കഥകള്‍, രക്ഷ ചെയ്യേണ്ട മാര്‍ഗങ്ങള്‍ തുടങ്ങിയവക്കായി പഠന ക്ലാസുകളില്‍ പ്രാമുഖ്യം. എന്തിന് എടവണ്ണ പോലുള്ള പുരോഗമന ഇസ്‌ലാമിന്റെ “മോസ്‌കോ”കളില്‍ പോലും സംഘടനയിലും അനുഭാവികളിലും ജിന്നുബാധയേറ്റു. പിശാച് ബാധയേറ്റ ഒരു യുവതിയെ “അടി” ചികിത്സക്ക് വിധേയയാക്കിയത് വലിയ വിവാദമായി. ഇതെക്കുറിച്ച് ഒരു മുഖ്യധാരാ വാരിക കവര്‍‌സ്റ്റോറി പ്രസിദ്ധീകരിച്ചു. ചെറുവാടിയിലെ മുജാഹിദ് നേതാവിന്റെ വീട്ടില്‍ കൗണ്‍സലിംഗിനെന്ന് പറഞ്ഞ് കൊണ്ടുപോകുകയും അടി ചികിത്സ നടത്തിയതായും മടവൂര്‍ വിഭാഗം മുജാഹിദുകള്‍ പ്രചരിപ്പിച്ചു. വന്നുവന്ന്, പിശാചിനെയും സിഹ്‌റിനെയും പേടിച്ചരണ്ടാണ് പല പുരോഗമനവാദികളും ഇപ്പോള്‍ ജീവിക്കുന്നത് എന്നിടത്തെത്തി കാര്യങ്ങള്‍. “മുത്തഖിയായ” ജിന്ന് കസ്റ്റഡിയിലുള്ള പല യുവ പണ്ഡിതന്മാരും അതിനെ ഉപയോഗിച്ച് ചികിത്സ നടത്തുകയും കാര്യങ്ങള്‍ നേടുകയും ചെയ്യുന്നു.
ഈ സങ്കീര്‍ണ സാഹചര്യമാണ് സകരിയ്യ സലാഹി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. സിഹ്‌റ് ബാധ “ഏല്‍ക്കും” എന്ന വാദം ഉയര്‍ത്തിയതിന്റെ പേരിലാണ് നടപടി എന്നാണ് പറയുന്നത്. അതേസമയം, അബ്ദുര്‍റഹ്മാന്‍ ഇരിവേറ്റിയെന്ന എഴുത്തകാരനെ പുറത്താക്കുന്നത് സിഹ്‌റ് ബാധ ഏല്‍ക്കില്ല എന്ന “പരമ്പരാഗത”വാദം ഉന്നയിച്ചതിന്റെ പേരിലും. ഇരിവേറ്റി പറയുന്നത് കൃത്യമായ നിലപാടെടുക്കാന്‍, നേതൃത്വത്തിന് കഴിയുന്നില്ല എന്നാണ്. ഒളിച്ചുകളിയുടെ ഭാഗമാണ് നടപടി എന്നും അദ്ദേഹം ആരോപിക്കുന്നു. സിഹ്‌റ്/ ജിന്ന് വാദക്കാരായ യുവാക്കളെ തിരിച്ചുകൊണ്ടുവരാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. ധൈര്യമില്ല. ജിന്ന് വാദത്തിന്റെ പേരില്‍ സകരിയ്യ സലാഹിയെ പുറത്താക്കിയത് കണ്ണില്‍ പൊടിയിടാനാണ് എന്നും ഇരിവേറ്റി ആരോപിക്കുന്നു.
ഇതിന് തെളിവായി അദ്ദേഹം പറയുന്നത് കെ എന്‍ എമ്മിന്റെ പണ്ഡിത സംഘടനയായ കെ ജെ യു (കേരള ജംഇയ്യത്തുല്‍ ഉലമ) ഈയിടെ പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണ്. അതില്‍ പറയുന്നത് സിഹ്‌റിന് യാഥാര്‍ഥ്യമുണ്ട് എന്നാണ്. അതേസമയം, ഇക്കാലമത്രയും പ്രബോധനം ചെയ്തുപോന്ന “സിഹ്‌റിന് യാഥാര്‍ഥ്യമില്ല” എന്ന വാദം പിന്‍വലിക്കുകയോ തെറ്റായ ഒരു കാര്യം പ്രബോധനം ചെയ്തുപോയതിന് മാപ്പ് പറയുകയോ ചെയ്തിട്ടുമില്ല. സംഘടനയിലെ ജിന്ന് വാദികളുടെ എതിര്‍പ്പോടെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ കെ എന്‍ എം നേതൃത്വം ഒളിച്ചുകളി നടത്തുന്നു എന്നാണ് വിയോജിപ്പുള്ള വിഭാഗം പറയുന്നത്.
വിചിത്രമായ മെയ്‌വഴക്കമാണ് ഇപ്പോള്‍ പുരോഗമനവാദികള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജിന്ന്/സിഹ്‌റ് ബാധയെ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഒരേ സമയം പുറത്താക്കുന്നു. അതേസമയം, ജിന്ന് ബാധയേല്‍ക്കുമെന്ന വിശ്വാസത്തെ രഹസ്യമായി അനുകൂലിക്കുകയും ചെയ്യുന്നു. കാരണം, യുവനിരയിലെ വലിയൊരു വിഭാഗത്തെ പഴയ നിലപാടിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ല. മാത്രമല്ല, സാമ്പത്തിക പ്രഭവകേന്ദ്രമായ ഗള്‍ഫ് സലഫികള്‍ ജിന്ന്/സിഹ്‌റ് തുടങ്ങിയ വിശ്വാസങ്ങളില്‍ കേരളത്തിലെ ജിന്ന് അനുകൂലികളേക്കാള്‍ കടുത്ത നിലപാടുള്ളവരുമാണ്. അതേസമയം അത് തുറന്നു പറയാനുള്ള ആര്‍ജവം അവര്‍ കാണിക്കുന്നുമില്ല. ജിന്ന് കൂടുമെന്നോ ബാധയകറ്റാമെന്നോ നവോത്ഥാന പ്രസ്ഥാനം എങ്ങനെ പുറത്തുപറയുമെന്ന് അവര്‍ക്ക് തിട്ടമില്ല. ഇക്കാലമത്രയും പരിഹസിച്ചതാണ് ഇത്തരം “അന്ധവിശ്വാസ”ങ്ങളെ. ജിന്നും സിഹ്‌റും ശൈത്താനുമടക്കമുള്ള കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ആളുകളുടെ ബുദ്ധിക്കനുസരിച്ചുള്ളത് മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നുമായിരുന്നു സംഘടന ആദ്യം നല്‍കിയ നിര്‍ദേശമെന്ന് സകരിയ്യ സലാഹി പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ എന്നും മഞ്ചേരിയില്‍ നടന്ന വിശദീകരണ യോഗത്തില്‍ അദ്ദേഹം ആരോപിക്കുന്നു. സംഘടനയിലെ “ജിന്ന് വിരോധി”കളും ഈ കാര്യം മറ്റൊരു തരത്തില്‍ പറയുന്നുണ്ട്. സംഘടനയുടെ മുഖ്യപ്രബോധന വിഷയങ്ങള്‍ തന്നെ ഇപ്പോള്‍ ജിന്ന് പ്രചാരണമായെന്ന് അവര്‍ പരിതപിക്കുന്നു.
യഥാര്‍ഥത്തില്‍ ഇത് അനിവാര്യമായൊരു പ്രതിസന്ധി തന്നെയാണ്. പൊതുസമൂഹത്തിന്റെ കൈയടിയില്‍ ആവേശഭരിതരായി കേവല യുക്തിയെ അകമഴിഞ്ഞ് ആവേശിച്ചതിന് പിഴയൊടുക്കുകയാണ് പരിഷ്‌കരണവാദികള്‍. ഈ പ്രതിസന്ധിയെ ഇന്നല്ലെങ്കില്‍ നാളെ മടവൂര്‍ വിഭാഗം മുജാഹിദുകള്‍ക്കും ജമാഅത്തുകാര്‍ക്കും അഭിമുഖീകരിക്കേണ്ടിവരും.
അതിശയമൊന്നുമില്ല; ആധുനികതയോടും പരിഷ്‌കരണത്തോടും അകമഴിഞ്ഞ് സന്ധി ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നസങ്കീര്‍ണതകളാണിവ. പൊതു സമൂഹത്തിന്റെ സമ്മതി ലഭിക്കാന്‍ വിശ്വാസകാര്യങ്ങളില്‍ പരിഷ്‌കരണം നടത്തിയപ്പോഴുണ്ടായ പ്രതിസന്ധി. വിശ്വാസപരമായി പരമ്പരാഗത മുസ്‌ലികളുടെത് യാഥാസ്ഥിതിക ഇസ്‌ലാം ആണെന്നും തങ്ങളുടെത് പുരോഗമന ഇസ്‌ലാം ആണെന്നും വരുത്താന്‍ നടത്തിയ ശ്രമങ്ങളുടെ ദുരന്തപര്യവസാനം. താത്വികമായി മതദര്‍ശനത്തെ അടിസ്ഥാനമാക്കുന്നു എന്ന് പറയുമ്പോഴും ആദര്‍ശപരമായി മുസ്‌ലിം പുരോഗമനവാദം യുക്തിവാദ/പുരോഗമന ആഭിമുഖ്യം പുലര്‍ത്തുന്നു എന്നതാണ് ഈ പ്രശ്‌നത്തിന്റെ കാതല്‍. “ഇതൊക്കെ” പുറത്തു പറഞ്ഞാല്‍ യുക്തിവാദികളും ഭൗതികവാദികളും നമ്മെക്കുറിച്ചെന്ത് കരുതും എന്നൊരു ചിന്ത. വിശ്വാസത്തിന്റെ ലോകം മറ്റൊന്നാണ് എന്ന് തുറന്നുപറയുന്നതിന് പകരം “അന്ധവിശ്വാസികള്‍ മറ്റേ കൂട്ടരാണ്; ഞങ്ങള്‍ പുരോഗമനവാദികളാണ്” എന്നാണ് മുജാഹിദുകള്‍ വാദിച്ചിരുന്നത്. ഇതിന്റെ പേരില്‍ പൊതുസമൂഹത്തില്‍ നല്ല പരിലാളന അവര്‍ സംഘടിപ്പിച്ചിരുന്നു.
വിസ്മയകരമായി തോന്നുന്ന കാര്യം ഇതാണ്; താരതമ്യേന പുരോഗമനവാഞ്ഛയുണ്ടാകാറുള്ള യുവാക്കളും വിദ്യാര്‍ഥികളുമാണ്, ഒരു നൂറ്റാണ്ട് കാലം എതിരെ പോരാടിയ “അന്ധവിശ്വാസ”ത്തെയും “യുക്തിരാഹിത്യത്തെയും” പുല്‍കിയിരിക്കുന്നത്. പരമ്പരാഗത മുസ്‌ലിംകളെ മുഴുവന്‍ അന്ധവിശ്വാസികളും “അനാചാരികളും” ആക്കി മുസ്‌ലിം പ്രദേശങ്ങളെക്കുറിച്ച് പൊതു സമൂഹത്തില്‍ തെറ്റായ പ്രചാരണം നടത്തി മേനി നടിച്ചവരുടെ സ്വന്തം യുവനിരയാണിപ്പോള്‍ ജിന്ന്‌വാഹകരായിരിക്കുന്നത്.
നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷിക്കുന്ന അസുലഭ മുഹൂര്‍ത്തത്തില്‍ തന്നെ തങ്ങള്‍ “കനത്ത വില” നല്‍കി നടന്നുവന്ന വഴികളെ പ്രസ്ഥാനം തള്ളിപ്പറയുകയാണോ? അതോ അപാരമായ മെയ്‌വഴക്കത്തോടെ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണോ? ഏതായാലും പുരോഗന ഇസ്‌ലാമിന്റെ അനുയായികള്‍ മാത്രമല്ല, അതില്‍ പ്രതീക്ഷയര്‍പ്പിച്ചവരും അഭ്യുദയകാംക്ഷികളും വലിയ നിരാശയിലാണ്. എന്തുചെയ്യാന്‍?

abdurahmanpkm@gmail.com