Connect with us

Kerala

സംസ്ഥാനത്ത്‌ 12 താലൂക്കുകള്‍ കൂടി

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ കൂടി അനുവദിച്ചു. ബജറ്റ് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണിയാണ് ഇക്കാര്യം അറിയിച്ചത്. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, കോന്നി, പത്തനാപുരം, വര്‍ക്കല, കാട്ടാക്കട എന്നിവയാണ് പുതുതായി അനുവദിച്ച താലൂക്കുകള്‍. ഇതിനായി 33 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ജില്ലകളില്‍ പുതിയ താലൂക്കുകള്‍. സംസ്ഥാനത്ത് കോളജുകളില്ലാത്ത നിയോജകമണ്ഡലങ്ങളില്‍ കോളജുകള്‍ അനുവദിക്കും. ഇപ്രകാരം 22 പുതിയ കോളജുകളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത്.

ബജറ്റില്‍ പുതുതായി 298.47 കോടിയുടെ അധിക പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ എസ് ആര്‍ ടിസിയുടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 100 കോടി രൂപ കൂടി വകയിരുത്തി. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനായി 50 കോടിയും ജില്ലാ ആശുപത്രികള്‍ വഴി സൗജന്യ മരുന്നു വിതരണത്തിന് 25 കോടിയും വകയിരുത്തി. കാസര്‍കോട് ജില്ലക്കായുള്ള വികസന പദ്ധതികള്‍ക്ക് അധികമായി 15 കോടി രൂപ കൂടി ബജറ്റില്‍ വകകൊള്ളിച്ചു. പഞ്ചായത്ത് സഹകരണത്തോടെ 150 പഞ്ചായത്തുകളില്‍ ജനകീയ ടൂറിസം കൊണ്ടു വരും. ഇതിനായി മൂന്ന് കോടി വകയിരുത്തി. പഞ്ചായത്തുകളില്‍ ഭൂമിയുടെ ഡേറ്റാ ബേങ്ക് സ്ഥാപിക്കുന്നതിന് എട്ട് കോടി രൂപ അനുവദിക്കും. നദികളെ സംരക്ഷിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപവത്കരിക്കും. 2012-13 ബജറ്റില്‍ പ്രഖ്യാപിച്ച കോട്ടയം വേസ്റ്റേണ്‍ ഗാട്ട്‌സ് ക്ലൈമെറ്റ് ചേഞ്ച്് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് അഞ്ച് കോടി രൂപ കൂടി അധികമായി അനുവദിച്ചു.
ഇതുകൂടാതെ ബജറ്റില്‍ പ്രഖ്യാപിക്കാത്ത ക്ഷേമ പെന്‍ഷനുകള്‍ക്കും അധിക തുക വകയിരുത്തി. കശുവണ്ടി, കൈത്തറി, ഈറ്റ-കാട്ടുവള്ളി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പെന്‍ഷന്‍ 400 ല്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തി. വ്യാപാരി വ്യവസായി ക്ഷേമ പെന്‍ഷന്‍ 600ല്‍ നിന്ന് 750 രൂപയായി ഉയര്‍ത്തി. ഭൂമി വാങ്ങിയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ സ്റ്റാമ്പ് ഡ്യൂട്ടിയുടെ ഇരട്ടി തുക ഈടാക്കാന്‍ ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നു. മൂന്ന് മുതല്‍ ആറ് മാസത്തിനിടെ വീണ്ടും ഈ ഭൂമി മറിച്ചു വിറ്റാല്‍ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ഒന്നര ഇരട്ടിയായി വര്‍ധിപ്പിക്കുവാനും വ്യവസ്ഥ ചെയ്തു.
സുകുമാര്‍ അഴീക്കോട് സ്മാരകത്തിന് പത്ത് ലക്ഷം കൂടി അനുവദിച്ചു. ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന് ദേശീയ നൃത്ത മ്യൂസിയം സ്ഥാപിക്കാന്‍ മൂന്ന് കോടി അനുവദിച്ചു. ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരകത്തിന് 50 ലക്ഷം രൂപയും, പാലക്കാട് മണി അയ്യര്‍ ക്ഷേത്രവാദ്യ കലാ മ്യൂസിയത്തിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തി. മൂലൂര്‍ സാസ്‌കാരിക കമ്മിറ്റിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചു. ചങ്ങമ്പുഴ സ്മാരകത്തിന് 30 ലക്ഷവും അനുവദിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിക്കുള്ള വാര്‍ഷിക ഗ്രാന്റ് 50 ലക്ഷമായി ഉയര്‍ത്തി. കൊടുങ്ങല്ലൂരില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പ്രതിമ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു. ഇടപ്പാടി ശ്രീനാരായണ പഠനകേന്ദ്രത്തിന് 15 ലക്ഷം അനുവദിച്ചു. ഇന്റര്‍നാഷണല്‍ ഫോക്‌ലോര്‍ ഫെസ്റ്റിവല്‍ കേരളത്തില്‍ നടത്തുന്നതിനായി 15 ലക്ഷം രൂപ വകയിരുത്തി. പറവൂര്‍ ഒരു നാട്ടാന ചികിത്സാ കേന്ദ്രത്തിനായി 25 ലക്ഷം രൂപ വകയിരുത്തി.
അരീക്കോട്, പള്ളുരുത്തി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെ താലൂക്ക് ആശുപത്രിയായും നെടുമങ്ങാട് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായും ഉയര്‍ത്തും. എറണാകുളം മാര്‍ക്കറ്റിന്റെ നവീകരണവും ബ്രോഡ് വേ പൈതൃക പദ്ധതിയും നടപ്പാക്കുന്നതിന് ജന്റം പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 22.10 കോടി രൂപക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ അധിക ടെന്‍ഡര്‍ തുകയായ 13.85 കോടി രൂപ അനുവദിച്ചു. കേരള പത്രപ്രവര്‍ത്തക ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് 60 ലക്ഷം രൂപ കൂടി അനുവദിച്ചു. എറണാകുളത്ത് സ്മാര്‍ട്ട് സിറ്റി വന്നിരിക്കുന്ന സാഹചര്യത്തില്‍ ജെയ്ക സഹായത്തോടൂകൂടി തുടങ്ങുന്ന ശുദ്ധജല പദ്ധതി ചേറാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലേക്കു കൂടി വ്യാപിപ്പിക്കും.
ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്റര്‍ എം എല്‍ എ ഫണ്ട് കൂടി ഉപയോഗിച്ച് സബ് ഡിപ്പോയായി ഉയര്‍ത്തും. ഇതിനായി ഒരു കോടി വകയിരുത്തി. കട്ടപ്പനയില്‍ കെ എസ് ആര്‍ ടി സിയുടെ ബസ് ടെര്‍മിനല്‍ നിര്‍മിക്കും. ടൂറിസം വകുപ്പിന് കീഴില്‍ ഇടുക്കിയില്‍ ഒരു ഹോട്ടല്‍ സമുച്ചയവും സ്ഥാപിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 75 ലക്ഷം അധികമായി വകയിരുത്തി. സീറോ ലാന്‍ഡ്‌ലെസ് പദ്ധതിക്ക് അഞ്ച് കോടിയും കണ്‍സ്യൂമര്‍ ഫെഡിന് അഞ്ച് കോടിയും രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമി ബില്‍ഡിംഗിന് 25 ലക്ഷവും കടല്‍സുരക്ഷാ പദ്ധതിക്ക് 4.5 കോടി രൂപയും വകയിരുത്തി. കണ്ണൂരിലെ കൈത്തറി മേഖലക്ക് ഉണര്‍വ് പകരാന്‍ രാമ തെരു’എന്ന സ്ഥലത്ത് ഹാന്‍ഡ്‌ലൂം വില്ലേജ് സ്ഥാപിക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി.
കേരള പോലീസിന് ഒരു പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി അനുവദിച്ചു. വിശ്വകര്‍മ വിഭാഗത്തില്‍ പെട്ട 60 വയസ്സ് കഴിഞ്ഞ മറ്റൊരു പെന്‍ഷനും ലഭിക്കാത്ത ബി പി എല്‍ വിഭാഗത്തില്‍ പെട്ട തൊഴിലാളികള്‍ക്ക് 400 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചേര്‍ത്തിരുന്ന കളിമണ്ണ് തൊഴിലാളികള്‍ വിശ്വകര്‍മ വിഭാഗമല്ലാത്തതിനാല്‍ കളിമണ്ണ് തൊഴിലാളിയെന്നത് മൂശാരി എന്ന് തിരുത്തല്‍ വരുത്തി. വിദ്യാഭ്യാസ വായ്പാ പലിശ ഒഴിവാക്കുന്നതിന് വികലാംഗരുടെ വരുമാന പരിധി ഉയര്‍ത്താനും തീരുമാനിച്ചു.

Latest