ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണം: ജെ എസ് എസ്

Posted on: March 17, 2013 12:10 pm | Last updated: March 18, 2013 at 9:04 am
SHARE

gauri amma

ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മയെ അപമാനിച്ച പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു നീക്കണമെന്ന് ജെ എസ് എസ.് ഇത് സംബന്ധിച്ച പ്രമേയം ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.
ഗൗരിയമ്മ അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കുകയായിരുന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിക്കും നല്‍കും.
ജോര്‍ജിനെ പുറത്താക്കണമെന്ന ആവശ്യം ഏപ്രില്‍ രണ്ടിന് നടക്കുന്ന യു ഡി എഫ് യോഗം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി യു ഡി എഫില്‍ നിന്നു വിട്ടുപോകുന്ന കാര്യം തീരുമാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനത്ത് പി സി ജോര്‍ജ് തുടരുന്ന പക്ഷം രണ്ടിലെ യു ഡി എഫ് യോഗത്തില്‍ ജെ എസ് എസ് പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നും അവര്‍ പറഞ്ഞു.
ഗൗരിയമ്മക്കെതിരെ പി സി ജോര്‍ജ് ഇത്രയും മോശമായി സംസാരിച്ചിട്ടും മുഖ്യമന്ത്രി ഗൗരവത്തോടെ പ്രതികരിക്കാത്തതില്‍ ഇന്നലെ ചേര്‍ന്ന ജെ എസ് എസ് സംസ്ഥാന കമ്മിറ്റി യോഗം അമര്‍ഷം രേഖപ്പെടുത്തി. യു ഡി എഫിനെ തകര്‍ക്കാന്‍ പി സി ജോര്‍ജിനു പിന്നില്‍ മാഫിയാ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
ജീവിതത്തിലിതുവരെ ആരും തന്റെ മുഖത്തു നോക്കി ഇത്രയും ചീത്ത പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ഗൗരിയമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു നിമിഷം വിങ്ങിപ്പൊട്ടി. പെട്ടെന്ന് തന്നെ ഗദ്ഗദം അടക്കി അവര്‍ ചോദ്യങ്ങളോട് പ്രതികരിച്ചു.
ഇതുകൊണ്ടൊന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നു തന്നെ തടയാന്‍ കഴിയില്ലെന്നും മരിക്കുന്നതു വരെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. പി സി ജോര്‍ജിനെപ്പറ്റി നേരത്തെ പറഞ്ഞതൊന്നും ആരോപണമല്ലെന്നും വസ്തുതകള്‍ മാത്രമാണെന്നും ഗൗരിയമ്മ പറഞ്ഞു.
ജോര്‍ജിന്റെ വാക്കുകളോട് അതേ ഭാഷയില്‍ പ്രതികരിക്കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ഗൗരിയമ്മക്കെതിരെ ജോര്‍ജ് പലതവണ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി.
പലതവണ പരാതികള്‍ നല്‍കിയിട്ടും മുഖ്യമന്ത്രിയും യു ഡി എഫ് നേതൃത്വവും നടപടിയെടുക്കുന്നില്ലെന്ന് ഇന്നലെ ചേര്‍ന്ന ജെ എസ് എസ് യോഗത്തില്‍ നേതാക്കള്‍ പരാതിപ്പെട്ടു.