Connect with us

Kerala

എസ് എസ് എഫ് സംസ്ഥാന സമ്മേളനം രിസാല സ്‌ക്വയറില്‍

Published

|

Last Updated

മലപ്പുറം: സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 26, 27, 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനം “രിസാല സ്‌ക്വയര്‍” എന്ന് നാമകരണം ചെയ്ത നഗരിയില്‍ നടക്കും. കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തില്‍ ധാര്‍മികതയിലൂന്നിയ ഉണര്‍വും ഊര്‍ജവും നല്‍കിയ എസ് എസ് എഫ് കര്‍മഭൂമിയില്‍ നാല്പതിറ്റാണ്ട് പൂര്‍ത്തീകരിച്ചു കൊണ്ടാണ് സംസ്ഥാന സമ്മേളനം നടത്തുന്നത്. നാല്‍പ്പതിന്റെ കരുത്തും ഗാംഭീര്യവും വിളംബരം ചെയ്യുന്ന സമ്മേളനം മൂല്യം ചോര്‍ന്നുപോയ സമൂഹത്തിന് ജീവിതത്തിന്റെ പൊരുള്‍ പകര്‍ന്ന് നല്‍കുകയാണ്. പ്രവാചക ശ്രേഷ്ഠര്‍ മുഹമ്മദ് നബിയുടെ രിസാലത്തിനെയാണ് രിസാല സ്‌ക്വയര്‍ സ്മരിക്കുന്നത്. അറിവും, അച്ചടക്കവും, വിശ്വസ്തതയും കൈമുതലാക്കി അറേബ്യന്‍ സമൂഹത്തില്‍ വേറിട്ട ജീവിതം നയിച്ച് മുഹമ്മദ് നബിയുടെ രിസാലത്ത് ജീവിത വഴിയില്‍ നാലു പതിറ്റാണ്ട് പൂര്‍ത്തീകരിച്ചപ്പോഴായിരുന്നു. സത്യത്തിനുവേണ്ടി കരുതിവെച്ച ചുവടുവെപ്പുകളായിരുന്നു പ്രവാചകന്റെ ജീവിതം. നന്മയുടെ പൊന്‍പ്രഭ പരത്തിയ പുണ്യജീവിതം സകല മനുഷ്യര്‍ക്കും ഉള്‍കരുത്തുള്ള സന്ദേശമാണ് നല്‍കിയത്.
മുഹമ്മദ് നബിയുടെ പ്രവാചകത്വ നിയോഗം സകല മനുഷ്യര്‍ക്കും അനുഗ്രഹമാണെന്ന് കാലം തെളിയിക്കുകയും ചെയ്തു. പ്രവാചക കാല്‍പാടുകള്‍ പിന്തുടര്‍ന്നുള്ള എസ് എസ് എഫിന്റെ നാലു പതിറ്റാണ്ട് സമൂഹത്തിന് പുത്തനുണര്‍വ്വ് നല്‍കിയിട്ടുണ്ട്.
സംഘടനയുടെ കരുത്ത് തെളിയിക്കുന്ന സംസ്ഥാന സമ്മേളനം രിസാല സ്‌ക്വയറില്‍ നടക്കുന്നതോടെ ധാര്‍മിക കേരളത്തിന് പുതിയ ഊര്‍ജം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നീചമായ വ്യവസ്ഥകളോടും, നടപ്പുശീലങ്ങളോടും കരുതലോടെ പൊരുതിയ പ്രവാചക പ്രഭു നയിച്ച സ്‌നേഹത്തിലൂന്നിയ ധാര്‍മിക സമരം ഏറ്റെടുത്തുകൊണ്ടാണ് എസ് എസ് എഫ് സമ്മേളനം നടത്തുന്നത്.