അങ്ങനെ ഇറ്റലി വാക്ക് പാലിച്ചിരിക്കുന്നു

Posted on: March 14, 2013 9:32 am | Last updated: March 14, 2013 at 9:32 am
SHARE

italian-marinesഒട്ടോവിയോ ക്വത്‌റോച്ചിയെ നമ്മളറിയും. ഇറ്റാലിയന്‍ കമ്പനിയാ സ്‌നാം പ്രഗ്രഗറ്റിയുടെ പ്രതിനിധിയായി 30 വര്‍ഷത്തോളം അദ്ദേഹം ഇന്ത്യയിലുണ്ടായിരുന്നു. പക്ഷേ, ഈ കമ്പനിയുടെ മേല്‍വിലാസത്തിലല്ല ക്വത്‌റോച്ചിയെ ഇന്ത്യക്കാരറിയുന്നത്. കുപ്രസിദ്ധമായ ബൊഫോഴ്‌സ് കേസിലെ പ്രതിയെന്ന നിലയിലാണ്. 1986 മാര്‍ച്ച് 14നാണ് ബൊഫോഴ്‌സ് തോക്കുകള്‍ക്കായി ബ്രിട്ടന്‍ കേന്ദ്രമായുള്ള എ ഇ സര്‍വീസസ് ലിമിറ്റഡുമായി ഇന്ത്യ കരാറിലേര്‍പ്പെടുന്നത്. ഫ്രഞ്ച് കമ്പനിയായ സോഫ്മ തോക്കുകളായിരുന്നു ഇന്ത്യന്‍ കരസേന നിര്‍ദേശിച്ചത്. അത് മറികടന്നാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരം സ്വീഡീഷ് കമ്പനിയായ ബൊഫോഴ്‌സില്‍ നിന്ന് തോക്കുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ കരാര്‍ സമ്പാദനത്തിന് പിന്നില്‍ കളിച്ചത് രാജീവ് സോണിയമാരുടെ സുഹൃത്തായ ക്വത്‌റോച്ചിയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കണക്കുകള്‍ വായിച്ചാല്‍ സംഗതി ബോധ്യമാകും.
കരാര്‍ പ്രകാരം ഇന്ത്യ നല്‍കേണ്ട ആകെ തുകയുടെ 20 ശതമാനം 287.17 കോടി രൂപ 1986 മെയ് രണ്ടിന് ബൊഫോഴ്‌സിന് കൈമാറുന്നു. ഇതില്‍ നിന്ന് 73.44 അമേരിക്കന്‍ ഡോളര്‍ സെപ്തംബര്‍ മൂന്നിന് എ ഇ സര്‍വീസസിന്റെ അക്കൗണ്ടിലേക്ക് ബൊഫോഴ്‌സ് നിക്ഷേപിക്കുന്നു. അതേ മാസം 16-ാം തീയതി ഈ അക്കൗണ്ടില്‍ നിന്ന് എഴുതപത് ലക്ഷം യു എസ് ഡോളര്‍ ജനീവയിലെ യൂനിയന്‍ ബേങ്ക് ഓഫ്‌സ്വിറ്റ്‌സര്‍ലാന്‍ഡിലെ കോല്‍ബാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുന്നു. സെപ്തംബര്‍ 29ന് ഒരു ലക്ഷത്തി ഇരുപത്തിമൂന്നായിരത്തില്‍ നിന്ന് തൊള്ളായിരം യു എസ് ഡോളര്‍ കൂടി എ ഇ സര്‍വീസസ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്ന് ഈ അക്കൗണ്ടിലേക്കെത്തുന്നു. ഈ അക്കൗണ്ടില്‍ നേരത്തെയുണ്ടായിരുന്ന പണമുള്‍പ്പെടെ 79,43,000 ഡോളര്‍ അതേ ബേങ്കിലെ വെറ്റല്‍സന്‍ ഓവര്‍സീസ് അക്കൗണ്ടിലേക്കും മാറ്റുന്നു.
ഈ രണ്ട് അക്കൗണ്ടുകളുടെയും ഉടമകള്‍ ഒട്ടോവിയ ക്വത്‌റോച്ചിയും ഭാര്യ മരിയ ക്വത്‌റോച്ചിയും ആണെന്നറിയുമ്പോള്‍ ചിത്രം വ്യക്തമാകും. ബൊഫോഴ്‌സിനായി ഇന്ത്യ നല്‍കിയ കോടികള്‍ ഒടുക്കം ലാഭമായി ചെന്നുചേര്‍ന്നത് ക്വത്‌റോച്ചിയിലേക്കാണെന്ന് ചുരുക്കം. വ്യക്തമായി പറഞ്ഞാല്‍, ബൊഫോഴ്‌സ് കരാറിന്റെ യഥാര്‍ഥ ഗുണഭോക്താവ് രാജീവിന്റെ കുടുംബ സുഹൃത്തായ ഇറ്റലിക്കാരന്‍ ക്വത്‌റോച്ചിയായിരുന്നു. തെളിവുകള്‍ ശക്തമായിരുന്നു. അയാളെ കുരുക്കാന്‍ നിയമത്തിന് കഴിയുമായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. 1993 ജൂലൈ 30ന് ക്വത്‌റോച്ചി ഇന്ത്യ വിട്ടു. ക്വത്‌റോച്ചിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന് പിന്നീട് ഇടക്കിടെ വാര്‍ത്തകളുണ്ടായതല്ലാതെ മറ്റൊന്നുമുണ്ടായില്ല. ആരായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍? ആരാണ് അയാള്‍ക്ക് നാട് വിടാന്‍ സൗകര്യം ചെയ്തുകൊടുത്തത്? ക്വത്‌റോച്ചി രക്ഷപ്പെടേണ്ടത് ആരുടെ ആവശ്യമായിരുന്നു? ചോദ്യങ്ങള്‍ ചെന്നുതറിക്കുന്നത് ഡല്‍ഹിയിലെ നമ്പര്‍ 10 ജന്‍പഥിന്റെ ഭിത്തികളിലാണ്. കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരില്ലെന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് ബി ജെ പി വക്താവ് രാജീവ് പ്രതാപ് റൂഡി, കുറ്റവാളികള്‍ ഇറ്റലിക്കാരെങ്കില്‍ എളുപ്പം രക്ഷപ്പെട്ടുപോകാമെന്ന് പറഞ്ഞത് മുന വെച്ചുതന്നെയാണ്.
2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികളായ ജലസ്റ്റിന്‍, അജീഷ് എന്നിവര്‍ മരിച്ചത്. യാതൊരു പ്രകോപനമവുമില്ലാതെ കപ്പലിലെ സുരക്ഷാ ചുമതലയുള്ള സാല്‍ത്തോറ ജിറോണും ലസ്‌തോറെ മിലിയാനോയും മത്സ്യബന്ധന ബോട്ടിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വലിയ ജനരോഷത്തെ തുടര്‍ന്ന് കൊലയാളികളെ അറസ്റ്റ് ചെയ്യുകയും എന്റിക്ക ലെക്‌സി കൊച്ചി തുറമുഖത്ത് പിടിച്ചിടുകയും ചെയ്തു. കേരള സര്‍ക്കാര്‍ അക്രമികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്.
അന്നും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിന് കേസെടുക്കാവുന്ന പരിധിയിലാണോ വെടിവെപ്പ് നടന്നത് എന്ന സാങ്കേതികത്വം വലിച്ചിട്ടാണ് കേസിന്റെ വഴി മുടക്കാന്‍ ശ്രമിച്ചത്. അതിനിടെ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി ഇറ്റാലിയന്‍ അധികൃതരും പുരോഹിതരുമെത്തി. മരിച്ചവരുടെ ബന്ധുക്കള്‍ വഴങ്ങാത്തതിനാല്‍ വിഫലമായി. ഒടുക്കം കേന്ദ്ര സര്‍ക്കാറിന്റെയും ഇറ്റലിയുടെയും നിലപാട് സുപ്രീം കോടതി അംഗീകരിച്ചതോടെ പ്രതികളെ ഡല്‍ഹിയിലേക്ക് മാറ്റി. കേരളത്തിന് ഇതിലെന്ത് കാര്യമെന്ന് ചോദിച്ച പരമോന്നത കോടതി സംസ്ഥാന സര്‍ക്കാറിനെ നിരായുധമാക്കി. ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട് മുഖവിലക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാറും തയ്യാറായില്ല. എങ്ങനെയെങ്കിലും ഇറ്റാലിയന്‍ നാവികരെ രക്ഷിച്ചെടുക്കാനുള്ള ചിലരുടെ ശ്രമം ഇവിടെ വിജയം കണ്ടുതുടങ്ങി.
ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന അപേക്ഷയിന്മേല്‍ സുപ്രീം കോടതി അനുകൂല തീരുമാനമെടുത്തു. കടുത്ത ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അനുവദിച്ച സമയപരിധിക്ക് മുമ്പ് തന്നെ തിരിച്ചെത്തി നാവികര്‍ ‘വാക്ക് പാലിച്ചു’. അത് ഗൂഢാലോചനയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസമാര്‍ജിക്കാനുള്ള കൗശലം. ഇറ്റലിയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനാണ് രണ്ടാം ഘട്ടത്തില്‍ നാവികര്‍ ജാമ്യത്തിനപേക്ഷിച്ചത്. നിയമകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ഉപദേശം നല്‍കാന്‍ നിയുക്തനായ അറ്റോണി ജനറലിനോട് പോലും ആലോചിക്കാതെയാണ് കടല്‍ക്കൊലയാളികളുടെ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഡല്‍ഹിയിലെ ഇറ്റാലിയന്‍ സ്ഥാനപതിയുടെ ഉറപ്പിന്മേലാണ് തിരിച്ചെത്തുമെന്ന വ്യവസ്ഥയില്‍ സുപ്രീം കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. ആ വാക്കാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.
കടല്‍ക്കൊലക്കേസ് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അന്താരാഷ്ട്ര പ്രശ്‌നമാകയാല്‍ ഇന്ത്യയിലെ വിചാരണ നടപടികള്‍ക്കായി നാവികരെ തിരിച്ചെത്തിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ഇറ്റലി ഇന്ത്യക്ക് നല്‍കിയ കത്തില്‍ പറയുന്നത്. ഈ വിഷയത്തില്‍ അനുരഞ്ജനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് ഇന്ത്യക്ക് ഇറ്റലി കത്തെഴുതിയിരുന്നു. ഇറ്റലി ഇപ്പോഴും പഴയ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണെന്നതിനാല്‍ ഇന്ത്യയിലെ നിയമനടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന പഴയ നിലപാടില്‍ തന്നെയാണവര്‍. എന്നാല്‍ ഇത്തരമൊരു നിലപാടിലേക്ക് വീണ്ടുമെത്താന്‍ ആ രാജ്യത്തെ ധൃഷ്ടമാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. കേസ് വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം അവഗണിച്ചു. ഇറ്റാലിയന്‍ സ്ഥാനപതിയുടെ വാക്കുറപ്പിന്മേല്‍ ജാമ്യം നല്‍കാമെന്ന നിലപാടെടുത്തു. ക്രിസ്മസ് ആഘോഷിക്കാന്‍ വിടുന്നത് പ്രതികള്‍ കോടികള്‍ കെട്ടിവെച്ചതിനു ശേഷമാണെങ്കില്‍ വോട്ട് ചെയ്യാന്‍ പോകുന്നത് ഇത്തരം നിബന്ധനകളൊന്നുമില്ലാതെയായിരുന്നു. ഇത്ര വിശ്വസിക്കാന്‍ മാത്രം ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥയോട് പ്രതിബദ്ധതയുണ്ടെന്ന് ചിന്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ച ഘടകം എന്താണ്?
പ്രതികളെ തിരിച്ചയക്കില്ലെന്ന് ഇറ്റലി നിലപാടെടുത്ത ശേഷവും കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം നനുത്തതായിരുന്നു. നാവികര്‍ക്ക് ജാമ്യം ലഭിച്ചതിലും ഇറ്റലിയുടെ നിലപാട് മാറ്റത്തിലും ഗൂഢാലോചനയുണ്ടെന്ന, കൊല്ലപ്പെട്ട ജലസ്റ്റിന്റെ വിധവ സോറയുടെ ആരോപണം പ്രസക്തമാകുന്നത് ഇവിടെയാണ്. കേരളത്തിലെ ഇടതു എം പിമാരോട് ഇറ്റലിയുടെ നിലപാട് ‘അസ്വീകാര്യം’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇക്കാര്യം എം പിമാര്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളിലടക്കം അസ്വീകാര്യ വാര്‍ത്ത പ്രാധാന്യപൂര്‍വം വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തിരുത്തി. അസ്വീകാര്യം എന്ന പദം പ്രധാനമന്ത്രി പ്രയോഗിച്ചിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചത്. ഇന്നലെ പാര്‍ലിമെന്റില്‍ സംസാരിക്കുമ്പോള്‍, നാവികര്‍ തിരിച്ചെത്തിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇറ്റലിയുടെ നിലപാട് അസ്വീകാര്യമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്‍മോഹന്‍ സിംഗ് നേരത്തെ പറയുകയുണ്ടായി. അങ്ങനെയെങ്കില്‍ ചില സംശയങ്ങളുയരുന്നുണ്ട്.
എം പിമാരുമായുള്ള സംസാരത്തില്‍ അസ്വീകാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെന്ന് എന്തിന് പി എം ഒ കളവ് പറഞ്ഞു? പ്രധാനമന്ത്രിയുടെ ഓഫീസിനെ പോലും നിയന്ത്രിക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമേ ഡല്‍ഹിയിലുള്ളൂ. അവിടെ നിന്നുള്ള ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായോ? അതൊന്നുമില്ലെങ്കില്‍, പ്രധാനമന്ത്രി ‘അസ്വീകാര്യം’ വാക്ക് പ്രയോഗിച്ചില്ലെന്ന ഓഫീസ് തിരുത്തിന്റെ താത്പര്യമെന്ത്? ആര്‍ക്ക് വേണ്ടായാണ് പി എം ഒ അത് ചെയ്തത്? മറീനുകള്‍ തിരിച്ചെത്തിയില്ലെങ്കില്‍ എന്ത് നടപടി സ്വീകരിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്?
ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചത് മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗഴ നിന്നുണ്ടായ ഒരേയൊരു നീക്കം. ഇറ്റലിക്കാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വവും ഗവണ്‍മെന്റും എന്തുകൊണ്ട് നിരായുധരും നിസ്സഹായരുമായി പോകുന്നു? രാജ്യത്തെ പൗരന്മാരുടെ ജീവനേക്കാള്‍ പ്രധാനം കൊലക്കേസ് പ്രതികളുടെ ക്രിസ്മസ് ആഘോഷവും വോട്ടെടുപ്പില്‍ പങ്കെടുക്കലുമാണെന്ന് വരുന്നത് കഷ്ടമാണ്. ജാമ്യാപേക്ഷ പരിഗണിക്കവെ, ഇറ്റലിയില്‍ പോസ്റ്റല്‍ വോട്ട് സമ്പ്രദായമില്ലെന്ന പ്രതിഭാഗം അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ അഭിപ്രായത്തില്‍ അന്വേഷണം നടത്താനുള്ള സാവകാശം പോലും സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടില്ല. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് പോയ്‌ക്കോട്ടെ എന്നായിരുന്നു കടല്‍ക്കൊലയാളികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് എന്ന് തീര്‍ച്ചപ്പെടുത്താനുതകുന്ന ചിലതെങ്കിലും ഈ വ്യവഹാരത്തിനിടയില്‍ വായിച്ചെടുക്കാനാകുന്നുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധിക്കണം.