ബയേണിനെതിരെ ആഴ്‌സണലിന് അഗ്നിപരീക്ഷണം

Posted on: March 13, 2013 1:09 am | Last updated: March 13, 2013 at 1:09 am
SHARE

europa-leagueബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ അട്ടിമറി ജയം ലക്ഷ്യമിട്ട് ആഴ്‌സണല്‍ ഇന്ന് ബയേണ്‍ മ്യൂണിക്കിന്റെ തട്ടകത്തില്‍. ജര്‍മനിയിലെ ചാമ്പ്യന്‍ ടീമിനോട് ഹോംഗ്രൗണ്ടിലെ ആദ്യപാദം 3-1ന് ആഴ്‌സണല്‍ തോറ്റിരുന്നു. ക്വാര്‍ട്ടര്‍ ബെര്‍ത് നേടണമെങ്കില്‍ ആര്‍സെന്‍ വെംഗറുടെ ഇംഗ്ലീഷ് ക്ലബ്ബിന് മൂന്ന് ഗോള്‍ വ്യത്യാസത്തിന് ജയിക്കേണ്ടതുണ്ട്. നോക്കൗട്ട് റൗണ്ടില്‍ ഹോംഗ്രൗണ്ടിലെ ആദ്യപാദം തോറ്റ ടീമുകള്‍ തിരിച്ചുവരവ് നടത്തിയ ചരിത്രം ചാമ്പ്യന്‍സ് ലീഗില്‍ കുറവാണ്. 1995-96 ല്‍ അയാക്‌സ് ആംസ്റ്റര്‍ഡാം പനതിനായികോസിനെതിരെയും 2010-11 സീസണില്‍ ഇന്റര്‍മിലാന്‍ ബയേണ്‍ മ്യൂണിക്കിനെതിരെയും ആദ്യ പാദത്തിലെ പരാജയത്തിന് രണ്ടാം പാദത്തില്‍ മറുപടി കൊടുത്തിരുന്നു. രണ്ട് സീസണ്‍ മുമ്പ് ഇന്റര്‍മിലാനോടേറ്റ ഞെട്ടിക്കുന്ന തോല്‍വി ബയേണിനെ വേട്ടയാടുന്നുണ്ട്. മിലാനില്‍ 1-0ന് ജയിച്ച ശേഷം ഹോംഗ്രൗണ്ടില്‍ 2-3ന് ബയേണ്‍ തോറ്റു.
ജര്‍മന്‍ താരം പെര്‍ മെര്‍റ്റെസാക്കറും മുന്‍ ബയേണ്‍ താരം ലുകാസ് പൊഡോള്‍സ്‌കിയും ആഴ്‌സണല്‍ നിരയിലുണ്ടാകും. അതേ സമയം, പരുക്ക് ഭേദമാകാത്ത ഡിഫന്‍ഡര്‍ ബഗാരി സാഗ്ന ഇന്നും ആഴ്‌സണല്‍ നിരയിലുണ്ടാകില്ല. ഇംഗ്ലീഷ് ക്ലബ്ബില്‍ നിന്ന് വെല്ലുവിളി പ്രതീക്ഷിച്ചിരിക്കണം. ചെറിയ പിഴവിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ബയേണ്‍ മ്യൂണിക് ക്ലബ്ബിന്റെ സി ഇ ഒ കാള്‍ ഹെയിന്‍സ് റുമിനിഗെ മുന്നറിയിപ്പ് നല്‍കി. ബയേണ്‍ നിരയില്‍ ഇന്ന് ഫ്രാങ്ക് റിബറി, ജെറോം ബോട്ടെംഗ്, ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍ ഉണ്ടായിരിക്കില്ല.
മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് മലാഗ പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടോയെ നേരിടും. ഹോംഗ്രൗണ്ടിലെ ആദ്യ പാദം പോര്‍ട്ടോ 1-0ന് ജയിച്ചിരുന്നു.