Connect with us

Articles

കര്‍ണാടകയില്‍ ഇനി പരീക്ഷണത്തിന്റെ നാളുകള്‍

Published

|

Last Updated

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംസ്ഥാനത്ത് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം മുഖ്യരാഷ്ട്രീയ കക്ഷികള്‍ക്കെല്ലാം ഒരു ചൂണ്ടുപലകയാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് നഗര തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാനായെന്ന് നിസ്സംശയം പറയാമെങ്കിലും ബി ജെ പിക്കകത്തുണ്ടായിരുന്നവരുടെ പടലപ്പിണക്കമാണ് ഇതിന് വഴിയൊരുക്കിയതെന്ന് എല്ലാവരും സമ്മതിക്കും. ഭരണകക്ഷിയായ ബി ജെ പിക്കേറ്റ പ്രഹരത്തിന് കാരണക്കാര്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പയും, ശ്രീരാമുലുവുമാണ്. ബി ജെ പി വിട്ടശേഷം യഡിയൂരപ്പ രൂപവത്കരിച്ച കര്‍ണാടക ജനതാ പാര്‍ട്ടി (കെ ജെ പി)ക്കും, ബി ജെ പിയോട് വിടപറഞ്ഞ് ശ്രീരാമുലു രൂപവത്കരിച്ച ബി എസ് ആര്‍ കോണ്‍ഗ്രസിനും ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായിരുന്നുവെങ്കിലും ജനം അവരെ മുഖവിലക്കെടുക്കാന്‍ തയ്യാറായില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. അവര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത് മുഖ്യ ശത്രുവായ ബി ജെ പിയുടെ മുന്നേറ്റം തടയാന്‍ ഇവരുടെ സാന്നിധ്യം സഹായകമായെന്നതിലാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം ജനതാ ദള്‍- എസിനാണ്.
207 നഗര തദ്ദേശ സമിതികളിലേക്ക് മാര്‍ച്ച് 7നാണ് വോട്ടെടുപ്പ് നടന്നത്. മംഗലാപുരം, ദാവന്‍ഗരെ, ബെല്ലാരി എന്നീ മൂന്ന് സിറ്റി കോര്‍പറേഷനുകളടക്കം 71 സമിതികളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചു. ബി ജെ പിയുടെ നിയന്ത്രണത്തിലായിരുന്ന മംഗലാപുരത്ത്് അറുപതില്‍ 35 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി ജെ പിക്ക് 20 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൈസൂര്‍, ഗുല്‍ബര്‍ഗ സിറ്റി കോര്‍പറേഷനുകളില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ജനതാദള്‍-എസ് 24ഉം, ബി ജെ പി 19ഉം, കെ ജെ പി അഞ്ചും സമിതികളുടെ നിയന്ത്രണം കൈയടക്കി. 75ഓളം സമിതികളില്‍ ഒരു കക്ഷിക്കും തനിച്ച് ഭൂരിപക്ഷമില്ല. 12 സമിതികളില്‍ സ്വതന്ത്രന്മാര്‍ ഭരണം നടത്തും. ഫലം അറിവായ 4952 സീറ്റുകളില്‍ കോണ്‍ഗ്രസ് 1960ഉം ബി ജെ പിയും, ജനതാദളും 906സീറ്റുകള്‍ വീതവും നേടിയപ്പോള്‍ യഡിയൂരപ്പയുടെ കെ ജെ പി 274ഉം, ബി എസ് ആര്‍ കോണ്‍ഗ്രസ് 86ഉം, സ്വതന്ത്രന്മാര്‍ 776ഉം സീറ്റുകള്‍ നേടിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആത്മസിശ്വാസം ഉത്തേജിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബി ജെ പി മനസ്‌കരായവരുടെ വോട്ടുകള്‍ ശിഥിലമായതാണ് വിജയത്തിന് കളമൊരുക്കിയതെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കുന്നുണ്ട്. ഇപ്പോള്‍ ലഭിച്ച ജനപിന്തുണ നിലനിര്‍ത്താനാകുകയെന്നതാണ് പ്രധാനം. കെ ജെ പിയുമായി പരസ്യമായി ബന്ധപ്പെടുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും. യഡിയൂരപ്പക്കെതിരെ നിലനില്‍ക്കുന്ന അഴിമതി ആരോപണങ്ങള്‍ തന്നെയാണ് കാരണം.
കര്‍ണാടകയില്‍ ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന കടലോര മേഖലയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി, കാര്‍വാര്‍ ജില്ലകളിലെ 22 നഗര തദ്ദേശ സമിതികളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ബി ജെ പിക്ക് വിജയിക്കാനായുള്ളു. ഉഡുപ്പി സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം 32 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി് ബി ജെ പിക്ക് നഷ്ടമായി.
“എന്നെ പിന്നില്‍നിന്നും കുത്തിയവരെ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തകര്‍ക്കുക എന്നതായിരുന്നു എന്റെ ആദ്യ ലക്ഷ്യം. ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യം”- ദക്ഷിണേന്ത്യയിലെ പ്രഥമ ബി ജെ പി മുഖ്യമന്ത്രി എന്ന് ഏറെ ഘോഷിക്കപ്പെട്ട ബി എസ് യഡിയൂരപ്പ താനാണ് ബി ജെ പിയുടെ സൃഷ്ടാവും സംഹാരകനുമെന്നു പറയാതെ പറഞ്ഞുവെക്കുകയാണ്. സംഹാരശേഷിയുടെ രണ്ടാം ഘട്ടം അടുത്ത മെയ് മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണാമെന്ന മുന്നറിയിപ്പും യഡിയൂരപ്പ മുന്‍വെക്കുന്നു. ബി ജെ പിയെ കര്‍ണാടകയില്‍ കരുത്തുറ്റ ശക്തിയാക്കുന്നതിലുള്ള തന്റെ പങ്ക് പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിരിക്കുമെന്ന കുത്തുവാക്കുപറയാനും ഇപ്പോള്‍ കര്‍ണാടക ജനതാ പാര്‍ട്ടി(കെ ജെ പി) യുടെ സര്‍വസ്വവുമായ യഡിയൂരപ്പ മറന്നിട്ടില്ല. യഡിയൂരപ്പയെ നേരത്തെതന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടിയിരുന്നുവെന്ന് എല്‍ കെ അഡ്വാനി പ്രസ്താവിച്ചതിനുള്ള മറുപടികൂടിയാണ് ഈ കുത്തുവാക്ക്.
താനില്ലാത്ത ബി ജെ പി സംസ്ഥാനത്ത് വലിയ പൂജ്യമാണ്. ഏതാണ്ട് എല്ലാ ജില്ലകളിലും പാര്‍ട്ടി തോറ്റു. ബി ജെ പി ശക്തികേന്ദ്രങ്ങളായിരുന്ന ഉഡുപ്പി, പുത്തൂര്‍ നഗര തദ്ദേശസ്ഥാപനങ്ങളില്‍ പോലും അവര്‍ തോറ്റു – യഡിയൂരപ്പ പറയുന്നു.
തന്റെ പാര്‍ട്ടിയായ കെ ജെ പിക്ക് 208 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 4976 വാര്‍ഡുകളില്‍ 300ല്‍ താഴെ വാര്‍ഡുകളിലേ വിജയിക്കാനായുള്ളുവെങ്കിലും അത് വലിയ നേട്ടമായാണ് യഡിയൂരപ്പ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മാസം മുമ്പ്മാത്രം പിറന്ന ഒരു പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊരു നേട്ടം തന്നെയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാക്കില്ല. 224 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമെന്നതില്‍ അദ്ദേഹത്തിന് സംശയമില്ല.
നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷത്തിലോ, പരോക്ഷമായോ കെ ജെ പി കോണ്‍ഗ്രസിനെ സഹായിച്ചിട്ടില്ലെന്ന് യഡിയൂരപ്പ ആണയിടുമ്പോഴും അത് അപ്പടി വിശ്വസിക്കാന്‍ സംസ്ഥാന ജനത തയ്യാറാകുന്നില്ല. “ശത്രുവിന്റെ ശത്രു മിത്ര”മെന്ന നിലയില്‍ സ്വന്തം സ്ഥാനാര്‍ഥികളില്ലാത്തിടങ്ങളില്‍ കെ ജെ പി പരസ്യമായിതന്നെ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. ഈ അടവുനയം ജനതാദള്‍-എസിനും ദോഷകരമായി ഭവിച്ചിട്ടുണ്ട്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനല്‍ എന്ന് വി്‌ശേഷിപ്പിക്കപ്പെട്ട നഗരതദ്ദേശ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞടുപ്പ് പ്രധാന കക്ഷികള്‍ക്കെല്ലാം ഒരു പാഠമാണ്. പ്രത്യേകിച്ചും ബി ജെ പിക്ക്. നഗ്നമായ അഴിമതി, ദുര്‍ഭരണം, സ്വജനപക്ഷപാതം, സംസ്ഥാന രാഷ്ട്രീയത്തിലെ അരാജകാവസ്ഥ ഇവയെല്ലാമാണ് അവരുടെ ജനപ്രീതി ചോര്‍ത്തിക്കളഞ്ഞത്. ഈ വസ്തുത പാര്‍ട്ടി കേന്ദ്രനേതൃത്വം അംഗീകരിക്കുന്നുണ്ട്. നഗര തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അമ്പരപ്പിക്കുന്നതാണെന്ന് പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചത് വെറുതെയല്ല. യഡിയൂരപ്പ ഫാക്ടര്‍ ഇത്രവലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബി ജെ പി കേന്ദ്രനേതൃത്വം മനസ്സില്‍ പോലും കരുതിയിരുന്നില്ല.
“ആത്മപരിശോധന നടത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കും. വിജയിക്കുകയും ചെയ്യും”- ഷാനവാസ് ഹുസൈന്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പിലേക്കാണ് ഇനിയുള്ള ഓരോ നീക്കവും. വരാനിരിക്കുന്ന നാളുകള്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ ചുക്കാന്‍ പിടിക്കുന്ന മുന്‍ മുഖ്യമന്ത്രിമാരായ ജനതാ ദളിലെ എച്ച് ഡി കുമാരസ്വാമി, ബി എസ് യഡിയൂരപ്പ, നിലവിലുള്ള മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ എന്നിവര്‍ക്ക് പരീക്ഷണ കാലമാണ്.