Connect with us

Ongoing News

നാടോടി പെണ്‍കുട്ടിക്ക് വേണ്ടി നാടോടാത്തതെന്ത്?

Published

|

Last Updated

malabar

ഇന്നലെ ഒരാത്മഹത്യയുടെ വാര്‍ത്ത ചാനലുകളില്‍ മിന്നിമറഞ്ഞു. അമേരിക്കന്‍ ഭരണകൂടമടക്കം ധീരയായ പെണ്‍കുട്ടിയെന്ന് വിശേഷിപ്പിച്ച പേരുപറയാന്‍ അനുവാദമില്ലാത്ത ഡല്‍ഹി പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ രാംസിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരിക്കുന്നു. ഇന്നലെ പുലര്‍ച്ചെയാണ് രാംസിംഗ് ജീവനൊടുക്കിയത്. എന്റെ മകനെ കൊന്നതാണെന്ന് പറഞ്ഞ് രാംസിംഗിന്റെ അച്ഛന്‍ രംഗത്തെത്തിയിരിക്കുന്നു. നമ്മുടെ ചാനലുകാര്‍ക്ക് ഇന്നലത്തെ വൈകുന്നേരവും കുശാലായി.
അഞ്ച് ദിവസം മുമ്പാണ് തിരൂരില്‍ മൂന്ന് വയസ്സുകാരിയായ തമിഴ് നാടോടി ബാലികയെ ഒരു കാപാലികന്‍ എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. ആ കുട്ടിയുടെ ആന്തരാവയവങ്ങള്‍ തകര്‍ന്നുതരിപ്പണമായിരിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മടിയിലിരുത്തി കളിപ്പിക്കേണ്ട പ്രായത്തില്‍ കാമത്തിന്റെ കണ്ണും കാതും തുറന്നുവെച്ച് മൃഗതൃഷ്ണയോടെ പെണ്‍കുട്ടികള്‍ക്ക് നേരെ ചീറിയടുക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. പത്രങ്ങളുടെ ചരമകോളങ്ങളില്‍ സ്വന്തം കുഞ്ഞിന്റെ പ്രായമുള്ള കുട്ടിയുടെ മരണവാര്‍ത്ത വായിക്കുമ്പോള്‍ ഏതൊരു പെണ്ണിനും ഹൃദയത്തിലൂടെ ഈര്‍ച്ചവാള്‍ കടന്നുപോകുന്ന അനുഭവമാണുണ്ടാകുന്നത്. നമ്മുടെ നാട്ടില്‍ ഈര്‍ച്ചവാള്‍ കൊണ്ട് ഹൃദയം മുറിഞ്ഞുപോകാത്ത പെണ്ണുങ്ങള്‍ കുറഞ്ഞുവരുന്നു. പീഡനവാര്‍ത്തകളാണ് നമ്മുടെ സ്ത്രീകളുടെ ഹൃദയം മുറിക്കുന്നത്.
ന്യൂഡല്‍ഹി മുനീര്‍ക്ക ബസ് സ്റ്റാന്‍ഡിനടുത്ത തിയേറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങിയ പെണ്‍കുട്ടിയും സുഹൃത്തും അതു വഴിയെത്തിയ ബസിലാണ് തിരിച്ചുകയറിയത്. മദ്യപിച്ചു പരിസരം മറന്ന ബസ് ജീവനക്കാര്‍ ആദ്യം നോട്ടം കൊണ്ടും പിന്നെ വാക്ക് കൊണ്ടും അവസാനം ശരീരം കൊണ്ടും ആ പെണ്‍കുട്ടിയെ വ്യഭിചരിച്ചു. മുഖത്തു മുറിവേല്‍പ്പിക്കുകയും മാറില്‍ ഷൂസിട്ട് ചവിട്ടുകയും ജനനേന്ദ്രിയത്തിലൂടെ ഇരുമ്പു വടി കയറ്റുകയും ചെയ്തു. ക്രൂരമായ പീഡനത്തിനൊടുവില്‍ ബോധരഹിതയായ പെണ്‍കുട്ടിയെ പുറത്തേക്ക് തൂക്കിയെറിഞ്ഞു. ഡല്‍ഹി പെണ്‍കുട്ടിയെന്ന് വിളിച്ച ഈ ഉത്തരാഖണ്ഡ് സ്വദേശിനി ന്യൂഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലും പിന്നീട് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളില്‍ അതേ ദിവസം തന്നെ മറ്റൊരു വാര്‍ത്തയുമുണ്ടായിരുന്നു. ബംഗാളിലെ സിലിഗുരിക്കടുത്തുള്ള രാമജോത്താ ഗ്രാമത്തിലെ 24 കാരിയായ യുവതിയെ അയല്‍ക്കാരനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് തീ ക്കൊളുത്തിയ സംഭവം. പീഡനത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഡല്‍ഹിക്ക് മുമ്പും മറ്റൊരു പീഡനമുണ്ടായി. ഛത്തീസ്ഗഢിലെ ദന്തേവാദയില്‍ നിന്നും നക്‌സലൈറ്റെന്ന് ആരോപിച്ച് പോലീസ് പിടികൂടിയതായിരുന്നു അധ്യാപികയായ ആദിവാസി യുവതി സോണി സൂരിയെ. ചോദ്യം ചെയ്യലിന്റെയും മാനസികവും ശാരീരികവുമായ പീഡനത്തിന്റെയും നീണ്ട മണിക്കൂറുകള്‍ക്കൊടുവില്‍ കാക്കിധാരികള്‍ അവളുടെ മാനവും കവര്‍ന്നു. ഒടുവില്‍ ജനനേന്ദ്രിയത്തില്‍ കല്ല് അടിച്ചുകയറ്റി അവര്‍ രസിച്ചു. അങ്ങനെ പോലീസ് വലയത്തിനുള്ളില്‍ പിച്ചിച്ചീന്തിയെറിയപ്പെട്ടു ആ പാവം യുവതി.

മൂന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങള്‍. പക്ഷേ ഈ മൂന്നില്‍ ഡല്‍ഹി പീഡനം മാത്രം നാമറിഞ്ഞു. ആ പെണ്‍കുട്ടിക്ക് വേണ്ടി മാത്രം പ്രാര്‍ഥിച്ചു, പ്രതിഷേധിച്ചു. ഡല്‍ഹിക്കു മുമ്പും ശേഷവും നടന്ന ബംഗാളിലെ 24 കാരിയോ സോണി സൂരിയോ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടതേയില്ല. ഡല്‍ഹി പെണ്‍കുട്ടിക്കായി ദിവസങ്ങളോളം കേരളവും പ്രതിഷേധത്തിലായിരുന്നു. ഇന്ദപ്രസ്ഥത്തിലെ നാണക്കേടെന്ന നിലയില്‍ വലിയ വാര്‍ത്തയായതിനാല്‍ ഡല്‍ഹി പെണ്‍കുട്ടി കേരളത്തിലും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സ്വാഭാവികം. ബംഗാളിലെ 24 കാരിയും സോണി സൂരിയും അത്ര തന്നെ ചര്‍ച്ചയാകാത്തതിനാല്‍ മലയാളികള്‍ അറിയാതെ പോയതും സ്വാഭാവികമാകാം. പക്ഷേ അടുത്തിടെ മറ്റൊന്ന് നടന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഒന്നുമറിയാതെ ബോധരഹിതയായി കിടന്ന മൂന്ന് വയസ്സുകാരിക്കരികില്‍ മുഷിഞ്ഞ വസ്ത്രത്തിന്റെ തുമ്പ് കൊണ്ട് കണ്ണീര്‍ തുടച്ചു നാല് മാസം ഗര്‍ഭിണിയായ യുവതി തേങ്ങി. “ഇപ്പോള്‍ എന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞ് ഒരിക്കലും പെണ്‍കുട്ടിയാകരുതേ എന്നാണെന്റെ പ്രാര്‍ഥന, ഇനിയും എനിക്ക് സഹിക്കാനാകില്ല”. തിരൂരില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്നതിനിടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മയുടെ തേങ്ങലാണിത്. വെയില്‍ കത്തിനിന്ന പകലിന്റെയും വിശപ്പിന്റെയും കാഠിന്യത്തില്‍ അമ്മയുടെ മാറോടൊട്ടി അന്തിയുറങ്ങിയ നാടോടി ബാലിക പീഡിപ്പിക്കപ്പെട്ടത് മലയാളി അറിഞ്ഞു കാണുമല്ലോ…? പക്ഷേ എന്നിട്ടും ഈ തേങ്ങലിനൊപ്പം നില്‍ക്കാന്‍ ആരുമുണ്ടായില്ല. തിരൂരില്‍ മാത്രം ഒതുങ്ങിനിന്നു പ്രതിഷേധങ്ങളെല്ലാം. ഡല്‍ഹി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ രാജ്യം ഒന്നിച്ചുനിന്നു പ്രതിഷേധിച്ചു. രാഷ്ട്രപതി”ഭവനും പാര്‍ലിമെന്റും ഇന്ത്യാ ഗേറ്റും മാത്രമല്ല കേരളത്തിന്റെ തെരുവുകളിലും ആ പെണ്‍കുട്ടിക്കായി പെണ്‍ ശബ്ദങ്ങളുയര്‍ന്നു. പ്രതിഷേധ പ്രകടനങ്ങള്‍, പുഷ്പാര്‍ച്ചന, സംഗീതാര്‍ച്ചന, പന്തം കൊളുത്തി പ്രകടനം….. കൂടാതെ എത്രയെത്ര മെഴുകുതിരികളാണ് കത്തിത്തീര്‍ന്നത്?! മഹിളാ സംഘടനകള്‍ക്കും സ്ത്രീ വാദികള്‍ക്കും വനിതാ കോളജുകളിലെ വിദ്യാര്‍ഥി്‌നികള്‍ക്കുമൊക്കെ എന്തൊരു ആവേശമായിരുന്നു സമരം നയിക്കാന്‍. സമരപരമ്പരകളും പ്രതിഷേധങ്ങളുമായി അന്നവര്‍ മത്സരിക്കുകയായിരുന്നു. കേരളത്തിന്റെ പ്രബുദ്ധതയും ഉയര്‍ന്ന സാംസ്‌കാരിക ബോധവുമൊക്കെയായിരുന്നു ഈ പ്രതിഷേധ കൊടുങ്കാറ്റിന്റെ കാരണമായി പറയപ്പെട്ടിരുന്നത്. പക്ഷേ ഈ സാംസ്‌കാരിക ബോധവും പ്രതികരണ മനോഭാവവും തിരൂരില്‍ പിഞ്ചുകുഞ്ഞ് പീഡിപ്പിക്കപ്പെട്ടപ്പോള്‍ എവിടെയും കണ്ടില്ല. മഹിളാ സംഘടനകള്‍ തെരുവിലിറങ്ങിയില്ല, സ്ത്രീവാദികള്‍ സംരക്ഷകരായി രംഗത്തെത്തിയതുമില്ല, കുമാരിമാര്‍ മെഴുകുതിരികള്‍ കത്തിച്ചു തീര്‍ത്തതുമില്ല. സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയുയര്‍ന്നില്ല. എന്തേ തിരൂരിലെ ഈ മൂന്ന് വയസ്സുകാരി സ്ത്രീവര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്നില്ലേ? പീഡിപ്പിക്കപ്പെട്ടവളുടെ, ഇരയുടെ അന്തസ്സ് നോക്കി, മാന്യത നോക്കി പ്രതികരിക്കുന്നവരായി മാറിയിരിക്കുന്നു പ്രതിഷേധക്കാരെല്ലാം. ഉന്നതകുലത്തിലുള്ളവള്‍, വെളുത്തവള്‍, വിദ്യാഭ്യാസമുള്ളവള്‍, ടൗണിലെ അതിസമ്പന്നതയില്‍ ജീവിക്കുന്നവള്‍…. ഇവര്‍ക്കൊക്കെ വേണ്ടി വാദിക്കാനും തെരുവിലിറങ്ങാനും ഈ സ്ത്രീ പക്ഷക്കാരൊക്കെ രംഗത്തുവരും. എന്നാല്‍ തെരുവിലുറങ്ങുന്നവള്‍, കറുത്തവള്‍, വിദ്യാഭ്യാസമില്ലാത്തവള്‍, നാടോടി, ഗ്രാമീണ ഇവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമില്ല. മഹിളാ സംഘടനകളും സ്ത്രീ സംരക്ഷകരും തന്നെ സ്ത്രീ സമൂഹത്തിനിടയില്‍ വേര്‍തിരിവുകള്‍ സൃഷ്ടിച്ചിരിക്കുന്നു. തുല്യതയും സംരക്ഷണവും അതിലേറെ സഹാനുഭൂതിയും ഭരണഘടനയും നിയമങ്ങളും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമുള്ളതായി മാറിയിരിക്കുന്നു. തിരൂരിന്റെ തെരുവില്‍ ജനിച്ചുവളര്‍ന്ന ഈ മൂന്ന് വയസ്സുകാരിയുടെ മാതാപിതാക്കള്‍ തമിഴരാണ്. റെയില്‍വേ സ്റ്റേഷനിലും കടവരാന്തയിലും ആളൊഴിഞ്ഞ പറമ്പുകളിലും ചിലപ്പോള്‍ പാലങ്ങള്‍ക്കടിയിലുമാണ് അവളുടെ അന്തിയുറക്കം. ഇതൊക്കെ സ്ത്രീവര്‍ഗത്തിന്റെ പ്രതിനിധിയാകാന്‍ കുട്ടിക്കുള്ള തടസ്സങ്ങളായിരിക്കാം. അതുകൊണ്ടായിരിക്കാം ഇവരാരും മെഴുകുതിരി കത്തിച്ചു തെരുവിലിറങ്ങാതിരുന്നത്. ഡല്‍ഹി സംഭവത്തിന് ശേഷം കൊണ്ടുവന്ന പ്രത്യേക നിയമത്തിന് ഡല്‍ഹി പെണ്‍കുട്ടിയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഒരു കേന്ദ്രമന്ത്രിയാണ്. ഡല്‍ഹിയിലെ റോഡുകള്‍ക്കും പാര്‍ക്കുകള്‍ക്കും ഈ കുട്ടിയുടെ പേര് നല്‍കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ സ്ത്രീ എന്ത്, പുരുഷനെന്ത് എന്നറിയാത്ത മൂന്ന് വയസ്സുകാരി തെരുവില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷന് ഈ കുട്ടിയുടെ പേര് നല്‍കണമെന്ന് ആരും ആവശ്യപ്പെടണമെന്നില്ല, മറിച്ച്, ഒന്നുച്ചത്തില്‍ പ്രതിഷേധിക്കാനെങ്കിലും ഇവരൊക്കെ രംഗത്തുവരേണ്ടതായിരുന്നു. തെരുവില്‍ പിറന്ന് അവിടെ തന്നെ അന്തിയുറങ്ങുന്ന ഈ കുരുന്നിന് മേല്‍വിലാസമില്ലാത്തതിനാല്‍ അന്ന് കണ്ണീര്‍ വാര്‍ത്ത് അലഞ്ഞ സംഘടനകളുടെ ശബ്ദം ഇവിടെ പൊങ്ങിക്കേട്ടതേയില്ല. മാനാഞ്ചിറയിലും കോഴിക്കോട് ബീച്ചിലും ഇവരാരും വട്ടംകൂടി നിന്നതുമില്ല.
ഇരുപതുകാരിയായ അമ്മ അനാശാസ്യത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഈ കുഞ്ഞ് ബലിയാടായത്. പട്ടിണി കിടക്കുമ്പോഴും തെരുവിലുറങ്ങുമ്പോഴും തന്റെ മാനം വില്‍ക്കാന്‍ തയ്യാറാകാതിരുന്ന ഈ ഇരുപതുകാരി നാടോടി തന്നെയാണ് നമ്മുടെ നാട്ടിലെ സ്ത്രീവാദികളേക്കാള്‍ വലിയ വിപ്ലവകാരി. ബംഗാളിലെ 24കാരി താഴ്ന്ന ജാതിക്കാരിയും ഗ്രാമീണയും സോണി സൂരി ആദിവാസിയും തിരൂരിലെ ബാലിക നാടോടിയും… ഇവര്‍ക്കു മുദ്രാവാക്യം വിളിക്കാന്‍ നമ്മുടെ നാട്ടിലെ സംഘടനകളെ കിട്ടില്ല. അവര്‍ ആദ്യം ഇരയുടെ ജാതിയും കുലവും അന്തസ്സും നോക്കും. എന്നിട്ടേ പെണ്ണാണെന്ന് പോലും നോക്കൂ. മേല്‍വിലാസവും ആള്‍ബലവുമുള്ളവരോടേ രാഷ്ട്രീയക്കാര്‍ക്കും താത്പര്യമുള്ളൂ. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് പുതിയ നിയമങ്ങള്‍ കൊണ്ടുവരികയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത ഭരണപക്ഷവും സര്‍ക്കാറിനെതിരായ വികാരം ഇളക്കിവിട്ട് മുതലെടുപ്പിന് ശ്രമിച്ച പ്രതിപക്ഷവും ഇരയെയല്ല നോക്കുന്നത്. ഇരയുടെ അന്തസ്സാണ്. രാഷ്ട്രീയക്കാരും പൊതുസമൂഹവും സ്ത്രീവാദികളും മാത്രമല്ല പോലീസും പ്രകടമാക്കുന്നുണ്ട് ഈ വേര്‍തിരിവ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ട നാടോടികളുടെ എണ്ണം ഇരുനൂറിലേറെയാണ്. ഇതില്‍ 51 ല്‍ മാത്രമേ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടുള്ളൂ. തെരുവില്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയുന്നതിനായി നിരവധി നിയമങ്ങളാണ് നാട്ടില്‍ നിലവിലുള്ളത്. 2000ത്തില്‍ നിലവില്‍ വന്ന ബാലനീതി നിയമത്തില്‍ ഇത്തരത്തിലുള്ള നിരവധി വ്യവസ്ഥകളാണുള്ളത്. തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്കായി പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ തിരൂരിലെ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (ജുവനൈല്‍ ജസ്റ്റിസ്) ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത് പറഞ്ഞു.