പ്രാരാബ്ധങ്ങള്‍ക്കിടയിലും എഴുത്തിനെ സ്‌നേഹിച്ച് ജെസ്സി

Posted on: March 11, 2013 10:03 am | Last updated: March 11, 2013 at 10:03 am
SHARE

JESSIതൃശൂര്‍: ലോക വനിതാ ദിനം ഒരിക്കല്‍ കൂടി കടന്നുപോയിട്ടും ശ്രദ്ധിക്കപ്പെടാത്തവരുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി. ജെസ്സി എന്ന എഴുത്തുകാരി. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും എഴുത്തിനെയും വായനയെയും കൈവിടാതെ, സാഹിത്യലോകത്തിന് വേണ്ടി സമയം ചെലവഴിച്ച ഇവരിന്ന് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനൊപ്പം കൂട്ടായി ആശുപത്രിയിലാണ്.
തൃശൂര്‍ ഒല്ലൂരിനടുത്തുള്ള ക്രിസ്റ്റഫര്‍ കോളനിയിലാണ് ജെസ്സിയും കുടുംബവും താമസം. പുസ്തകങ്ങള്‍ എഴുതി ജെസ്സി സ്വന്തം ചെലവില്‍ വില്‍പ്പന നടത്തുകയാണ് പതിവ്. കടം വാങ്ങിയും വായ്പയെടുത്തുമാണ് ഇതുവരെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് തോമസാണ് എഴുതുന്നതിനും പുസ്തകങ്ങള്‍ വിറ്റഴിക്കുന്നതിനും സഹായിക്കാറുള്ളത്. എന്നാല്‍, അടുത്തയിടെ ഭര്‍ത്താവിനെ രോഗങ്ങള്‍ പിടികൂടിയിരിക്കുന്നു. വിദഗ്ധ ചികിത്സക്കു വേണ്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഭര്‍ത്താവിനെ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. അനേകം പരിശോധനകള്‍ക്കൊടുവില്‍ കവിളില്‍ അര്‍ബുദബാധയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇപ്പോള്‍ അസുഖം കൂടുതലായി തീവ്രപരിചരണവിഭാഗത്തിലാണ്. നോവലും ചെറുകഥയുമായി അനേകം പുസ്തകങ്ങളെഴുതിയ ജെസ്സി മുന്നോട്ടു പോകാന്‍ നിവൃത്തിയില്ലാതെ കഴിയുകയാണ്.
എഴുത്തിന്റെ വഴികളില്‍ ജീവിതം തീര്‍ക്കുന്ന ജെസ്സി ഒമ്പതാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ചെറുപ്പം മുതല്‍ എഴുതാന്‍ തുടങ്ങിയ ഇവരുടെ ആദ്യ കൃതി പതിമൂന്നാം വയസ്സിലാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ അമ്പത് വയസ്സിനോടടുത്ത് പ്രായമുള്ള ഇവരുടെ സ്വദേശം കുരിയച്ചിറയാണ്.
നാല് നോവലുകളും നാല് ചെറുകഥാ സമാഹാരങ്ങളുമുള്‍പ്പെടെ പതിനേഴോളം പുസ്തകങ്ങള്‍ ജെസ്സി എഴുതിയിട്ടുണ്ട്. ഭാരം, നീ ഒരുവന്‍, ഒരു ബസ് യാത്ര, ഗള്‍ഫ് എന്നിവ നോവലുകളും എനിക്ക് ചുറ്റും, അനുഭവം, ഒരു ദിവസം തുടങ്ങിയവ ചെറുകഥാമാഹാരങ്ങളും ജനം, ദേവിസ്തുതികള്‍, അമ്മക്കു മുമ്പില്‍ സ്വന്തം മകള്‍, തൊപ്പിക്കിളി, ഗവേഷണം, ജീവന്റെ വിളക്ക് തുടങ്ങിയവ മറ്റു കൃതികളുമാണ്.
വായിച്ചുകഴിഞ്ഞാല്‍ തന്റെ പുസ്തകങ്ങളെക്കുറിച്ച് വിലയിരുത്തി വിളിക്കുന്നവരാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് ജെസ്സി പറയുന്നു. ഒരു സാധാരണവീട്ടമ്മയായ ജെസ്സി തോമസ്സ് ഭര്‍ത്താവിന്റെ ചികിത്സക്കുവേണ്ടി അലയുകയാണ്. കിട്ടാവുന്നിടത്തുന്നു നിന്നെല്ലാം കടം വാങ്ങിയും മറ്റും ഇതുവരെ കഴിഞ്ഞു പോന്നു. മുന്നോട്ട് പോകാന്‍ ഒരു വഴിയും കാണാതെ ജീവിതപ്രതിസന്ധിയില്‍ പകച്ചുനില്‍ക്കുകയാണവര്‍.