Connect with us

Gulf

ജനറല്‍ബോഡി നടത്താന്‍ ആവശ്യപ്പെട്ട് മത്ര കെ എം സി സിയില്‍ ഒപ്പു ശേഖരണം

Published

|

Last Updated

മസ്‌കത്ത്: പ്രശ്‌ന സാധ്യത ചൂണ്ടിക്കാട്ടി നീട്ടിവെച്ച കെ എം സി സി മത്ര ഏരിയാ ജനറല്‍ബോഡി നടത്താന്‍ നേതൃത്വം തയാറാകണമെന്നാവശ്യപ്പെട്ട് ഒപ്പു ശേഖരണം. ജനറല്‍ബോഡി നടത്തുന്നതു സംബന്ധിച്ച് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം അറിയുന്നതിനാണ് ഒപ്പു ശേഖരണം നടത്തുന്നതെന്ന് പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഏരിയാ ഭാരവാഹികളിലൊരാള്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ ജനറല്‍ബോഡി നടത്തി തിരഞ്ഞെടുപ്പു നടത്തണമെന്നാണ് തങ്ങളുടെ ആവശ്യം. ആരു ഭാരവാഹികളായി വരുന്നുവെന്നത് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ബോഡി നീട്ടിക്കൊണ്ടു പോകുന്നത് ഇപ്പോള്‍ നിലവിലുള്ള കമ്മിറ്റിയാണെന്ന് ഒപ്പുശേഖരണവുമായി ഇറങ്ങിത്തിരിച്ചവര്‍ പറയുന്നു. നിലവിലുള്ള പ്രസിഡന്റെ കെ കെ റഫീഖും ജന. സെക്രട്ടറി മുനീറും മത്രയിലുള്ളവരല്ലെന്നും മത്രക്കാര്‍ ഭാരവാഹിത്വത്തില്‍ വരണമെന്നാണ് പൊതു അഭിപ്രായമെന്നും അവര്‍ പറയുന്നു. കേന്ദ്ര കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷത്തെ പിന്തുണക്കുന്നവരാണിവര്‍. മത്ര കെ എം സി സിയിലെ വിഭാഗീയത അനുദിനം വഷളാവുകയാണെന്ന് സംഘടനിലുള്ളവര്‍ തന്നെ സമ്മതിക്കുന്നു. കമ്മിറ്റി പിടിച്ചെടുക്കുന്നതിനും ഭാരവാഹികളാകുന്നതിനും ഇരു പക്ഷത്തും ആളുകള്‍ നിരന്നതോടെ സംഘടനക്കപ്പുറമുള്ള കൂട്ടുകെട്ടുകളും ബലാബലങ്ങളും മത്രയില്‍ വിഷയമാകുന്നുണ്ട്.
എസ് കെ എസ് എസ് എഫ് സെക്രട്ടറി കൂടിയായ പ്രസിഡന്റ് കെ കെ റഫീഖിനെ സ്ഥാനത്തുനിന്നു മാറ്റുന്നതിന് സുന്നി സെന്റര്‍ പ്രതിനിധികളും രംഗത്തുണ്ടത്രെ. ഇവരിലൊരാള്‍ മത്രയില്‍ കെ എം സി സി പ്രസിഡന്റാകുന്നതിനും ശ്രമിക്കുന്നു. എന്‍ ഡി എഫ്, മുജാഹിദ്, ജമാഅത്ത് ബലാബലങ്ങളും ഈ സംഘടനകളോട് അനുഭാവം പുലര്‍ത്തുന്നവരുടെ ഇടപെടലുകളും മത്ര കെ എം സി സി പോരിന് മൂര്‍ച്ച കൂട്ടുന്നു. നേരത്തെ തെറ്റായ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് നടപടിക്കു വിധേയനായ മുന്‍ ഭാരവാഹിക്ക് മെമ്പര്‍ഷിപ്പ് നല്‍കിയതുമായി ബന്ധപ്പെട്ടും വിവാദം നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് 28നു നടക്കേണ്ട ജനറല്‍ബോഡി മാറ്റി വെച്ചത്. തുടര്‍ന്ന് ഈ മാസം ഏഴിനു നടത്താന്‍ കേന്ദ്ര കമ്മിറ്റി പ്രതിനിധികള്‍ ഇടപെട്ടു നടത്തിയ ധാരണയില്‍ തീരുമാനമായെങ്കിലും റൂവിയില്‍ പ്രശ്‌നമുണ്ടായ സാഹചര്യത്തില്‍ വീണ്ടും മാറ്റി വെക്കുകയായിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തുന്ന യു എ ഇ ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റിലിന്റെ സാന്നിധ്യത്തില്‍ റൂവിയിലും മത്രയിലും തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാല്‍ അതിനിടെയാണ് ഔദ്യോഗിക നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ മത്രയില്‍ ഒപ്പുശേഖരണം നടക്കുന്നത്. ഒപ്പുശേഖരണത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷിക്കുമെന്നും ജന. സെക്രട്ടറി പി എ വി അബൂബക്കര്‍ പറഞ്ഞു.