ഗ്രാമസഭകള്‍ ലക്ഷ്യത്തിലെത്താത്തത് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഗൗരവത്തോടെ കാണണം: മുഖ്യമന്ത്രി

Posted on: March 9, 2013 1:35 am | Last updated: March 9, 2013 at 1:35 am
SHARE

കണ്ണൂര്‍: ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അകലം കുറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ത്രിതല പഞ്ചായത്തുകള്‍ക്ക് ഭരണഘടനാപരമായ പദവിയും അധികാരങ്ങളും സാമ്പത്തിക സൗകര്യവും ചെയ്യുമ്പോള്‍ അതിന് പിന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യം ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള അകലം കുറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ 2012-13 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട ജില്ലാ വികസന കേന്ദ്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലക്ഷ്യം പരാജയപ്പെട്ടാല്‍ അത് വ്യവസ്ഥിതിയെ തന്നെ ദോഷകരമായി ബാധിക്കും. എന്നാല്‍ ഗ്രാമസഭകള്‍ അതിന്റെ ഉദ്ദേശതലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പരിശോധിക്കണം. കൂട്ടുകുടുംബങ്ങളും ഇല്ലാതാവുകയും അയല്‍വാസികള്‍ തമ്മിലുള്ള അകലം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗ്രാമസഭകള്‍ പഴയ സംസ്‌കാരം നിലനിര്‍ത്താനുള്ള ഉപാധിയായിരുന്നു. പൊതുവായ പ്രശ്‌നങ്ങള്‍ക്കൊപ്പം വ്യക്തിപരമായ വിഷയങ്ങളും ഗ്രാമസഭകള്‍ കൈകാര്യം ചെയ്യും. അതുകൊണ്ട് തന്നെ ഗ്രാമസഭകള്‍ക്ക് വലിയ അര്‍ഥവും വ്യാപ്തിയുമുണ്ട്. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ ഇനിയും ഗ്രാമസഭകള്‍ക്കായിട്ടില്ലെന്നത് ഗൗരവത്തോടെ എടുക്കണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
അഞ്ച് നിലകളിലായി നിര്‍മിക്കുന്ന അത്യാധുനിക കെട്ടിട സമുച്ഛയത്തിന്റെ നിര്‍മാണ കരാര്‍ നിര്‍മ്മിതി കേന്ദ്രത്തിന് വേണ്ടി അസി. കലക്ടര്‍ അമിത് മീണ, കെ സുധാകരന്‍ എം പിയില്‍ നിന്ന് ഏറ്റുവാങ്ങി. അടുത്ത വര്‍ഷം രണ്ട് നിലകളാണ് നിര്‍മിക്കുക. 1,60,00,000 രൂപയാണ് ഇതിനായി നീക്കിവെച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ എ പി അബ്ദുല്ലകുട്ടി, ജെയിംസ് മാത്യു, കെ കെ നാരായണന്‍, വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍, സെക്രട്ടറി എം കെ ശ്രീജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മുണ്ടേരി ഗംഗാധരന്‍, എന്‍ ചന്ദ്രന്‍, കല്ലേന്‍ ദാമോദരന്‍, ജോയ് കൊമ്പാക്കല്‍, വി വി കുഞ്ഞികൃഷ്ണന്‍, കെ കെ ബാലകൃഷ്ണന്‍, ഇല്ലിക്കല്‍ അഗസ്തി, കെ കെ ജയപ്രകാശ്, വി രാജേഷ് പ്രേം, എം ജയലക്ഷ്മി പ്രസംഗിച്ചു.