മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍

Posted on: March 9, 2013 12:14 am | Last updated: March 9, 2013 at 12:14 am
SHARE

മഞ്ചേരി: തിരൂരില്‍ കടത്തിണ്ണയില്‍ മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസുള്ള നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ചിറമംഗലം കാഞ്ഞിരക്കണ്ടി മുഹമ്മദ് ജാസി(22)മിനെ മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി പി കെ ഹനീഫ ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 373 (തട്ടിക്കൊണ്ടു പോകല്‍), 376 (ബലാല്‍സംഗം), ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23, സെക്ഷന്‍ 3 ആന്‍ഡ് 4, ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ് ആക്ട് 2012 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ മഞ്ചേരി സബ്ജയിലിലേക്കയച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. രാവിലെ പത്ത് മണി മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കാത്തു നിന്നെങ്കിലും വൈകീട്ട് നാല് മണി കഴിഞ്ഞാണ് പ്രതിയെ കനത്ത പോലീസ് കാവലില്‍ കോടതിയിലെത്തിച്ചത്. പ്രകോപിതരായ ജനങ്ങള്‍ പ്രതിയെ അക്രമിക്കുമെന്ന് ഭയന്ന് മഫ്ടിയിലും കോടതി പരിസരത്ത് പോലീസിനെ വിന്യസിച്ചിരുന്നു. നാട്ടുകാര്‍ പ്രതിയെ കൂവി വിളിച്ച് പ്രതിഷേധമറിയിച്ചു.