Connect with us

Kozhikode

നോര്‍ത്ത് കാരശ്ശേരിയില്‍ കരമണല്‍ ഖനനം മൂലം നിരവധി കുടുംബങ്ങള്‍ പ്രയാസപ്പെടുന്നു

Published

|

Last Updated

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് കാരശ്ശേരിയില്‍ കരമണല്‍ ഖനനം മൂലം നിരവധി കുടുംബങ്ങള്‍ പ്രയാസപ്പെടുന്നതായി പരാതി. നോര്‍ത്ത് കാരശ്ശേരിക്കും ആനയാംകുന്നിനുമിടയിലെ ആറ്റുപുറത്താണ് വന്‍തോതില്‍ കരമണല്‍ ഖനനം നടക്കുന്നത്. ആയിരക്കണക്കിന് ലോഡ് മട്ടിപ്പാറയാണ് ഇടിച്ച് ഇവിടെ നിന്നും കൊണ്ടുപോയത്. വീടു നിര്‍മാണത്തിനെന്നും മുക്കം കടവ് പാലത്തിന്റെ പൈലിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണെന്നും പറഞ്ഞ് പരിസര വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഖനനം നടക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കൊളോറമ്മല്‍, ആറ്റുപുറം, പള്ളിക്കുന്ന് പ്രദേശങ്ങള്‍ സമീപമാണ് ഇപ്പോള്‍ ഖനനം നടക്കുന്നത്. ഫിറ്റാച്ചി ഉപയോഗിച്ചുള്ള ഖനനം മൂലം പരിസരങ്ങളിലെ കിണറുകളില്‍ ജലവിതാനം കുറയുന്നതായും പരിസര വാസികള്‍ പറയുന്നു. കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിക്കുന്നുണ്ട്. കക്കാട് വില്ലേജ് ഓഫീസിന്റെയും കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന്റേയും പരിസരത്താണ് ഖനനം നടക്കുന്നത്. മാസങ്ങളായി ഖനനം നടന്നു വന്നിട്ട് ഒരു നടപടികളും ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.
ചില വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചതായും അയല്‍വാസികള്‍ പറയുന്നു. പരിസര പഞ്ചായത്തുകളെല്ലാം ഇത്തരം മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഗ്രാമഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രശ്‌നം അറിഞ്ഞില്ലെന്ന് നടിക്കുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധമായി ആര്‍ ഡി ഒ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കക്കാട് വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് ഒരു പരിസരവാസി പരാതി നല്‍കിയിട്ടുണ്ട്. നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പരിസ്ഥിതി സ്‌നേഹികളുടെയും പരിസര വാസികളുടെ കൂട്ടായ്മ രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഒരു പരിസരവാസി പറഞ്ഞു.