National
പെണ്‍ ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനം

ന്യൂഡല്‍ഹി:പെണ്‍ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി. ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് പഞ്ചാബിലെ വൊളണ്ടറി ഹെല്‍ത്ത് അസോസിയേഷന്‍ നല്‍കിയ ഹരജി തീര്‍പ്പാക്കുമ്പോളാണ് സുപ്രീംകോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്. അള്‍ട്രാസോണോഗ്രാഫി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളും ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങിയ ബഞ്ച് പുറപ്പെടുവിച്ചു. ഭ്രൂണഹത്യ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ അള്‍ട്രാ സോണോഗ്രാഫി ക്ലിനിക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മൂന്ന് മാസത്തിനകം ശേഖരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നതുമായി ബന്ധപ്പെട്ട 1994 ലെ പ്രിനാറ്റല്‍ ഡയഗനോസ്റ്റിക്ക് ടെക്‌നിക്‌സ് ആക്ട് (പി എന്‍ ആന്‍ഡ് പി എന്‍ ഡി ടി ആക്ട്) ലംഘിക്കുന്ന കേസുകള്‍ ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി കീഴ്‌ക്കോടതികളോട് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ നാഗരികത സ്ത്രീകളോടുള്ള നിലപാടില്‍ തെളിയുമെന്നും രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ വിദ്യാഭ്യാസമുള്ള മധ്യവര്‍ഗവും നടത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനമാണ് പെണ്‍കുട്ടികള്‍ക്കെതിരെ പ്രധാന വിവേചനത്തിന് കാരണമെന്നും കുട്ടികളുടെ നിഷ്‌കളങ്കതയേയും സ്ത്രീകളുടെ ശേഷിയേയും പാര്‍ശ്വവത്കരിക്കരുതെന്നും ഉത്തരവില്‍ കോടതി പറഞ്ഞു. രാജ്യത്ത് കൂണു പോലെ മുളച്ചു പൊങ്ങുന്ന സോണോഗ്രാഫി സെന്ററുകളും അള്‍ട്രാസോണിക് സെന്ററുകളും മറ്റും യാതൊരു നിയമങ്ങളും പാലിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
കേന്ദ്ര-സംസ്ഥാന സൂപ്പര്‍വൈസറി ബോര്‍ഡുകള്‍ ആറ് മാസത്തില്‍ യോഗം ചേര്‍ന്ന് നിയമം നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കണം, സംസ്ഥാന-ജില്ലാ ഉപദേശക സമിതികള്‍ നിയമ ലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണം, കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം, നിയമപ്രകാരമുള്ള രേഖകള്‍ സ്ഥാപനങ്ങള്‍ ജില്ലാ അതോറിറ്റികള്‍ക്ക് നല്‍കണം, അള്‍ട്രാ സോണോഗ്രാഫി യന്ത്ര നിര്‍മാതാക്കള്‍ യന്ത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് ഉപദേശക സമിതികള്‍ ഉറപ്പ് വരുത്തണം, നിയമത്തിലെ വ്യവസ്ഥകള്‍ പഠിപ്പിക്കാന്‍ സംസ്ഥാന-ജില്ലാ തലത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തണം തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
രാജ്യത്ത് കുട്ടികളില്‍ ആണ്‍-പെണ്‍ അനുപാതം ഗണ്യമായി കുറയുന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആറ് വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. 2001 ലെ സെന്‍സസ് അനുസരിച്ച് ആയിരം ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികളാണുണ്ടായിരുന്നതെങ്കില്‍ 2011 ആയപ്പോള്‍ ഇത് 914 ആയി കുറഞ്ഞതായി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.