Connect with us

Kerala

സര്‍ക്കാര്‍ ഓഫീസില്‍ കണ്ടെത്തിയ ആഭരണങ്ങള്‍ തൃശൂര്‍ സ്വദേശിയുടേത്‌

Published

|

Last Updated

തിരുവനന്തപുരം: ഉപേക്ഷിക്കപ്പെട്ട നിലയില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫിസില്‍ ലോക്കറിനുള്ളില്‍ കണ്ടെത്തിയ രത്‌നങ്ങളും ആഭരണങ്ങളും തൃശൂര്‍ സ്വദേശി ഇ ജെ അലക്‌സാണ്ടറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കേരളാ ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് പ്രദര്‍ശനത്തിന് നല്‍കിയവയാണീ ആഭരണങ്ങളെന്ന് ഉടമ അറിയിച്ചു. ഇതിന് പകരമായി സര്‍ക്കാര്‍ 2.40 ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും പ്രദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ തിരികെ നല്‍കുകയും ബാക്കി തുക ജാമ്യക്കാരില്‍ നിന്നും ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രത്‌നങ്ങളും കല്ലുകളും കാണാനില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും ഉടമ പറയുന്നു.
കേരളാ ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലാണ് രേഖയില്‍പ്പെടാതെ രത്‌നങ്ങളും സ്വര്‍ണ ഉരുപ്പടികളുമടങ്ങിയ ലോക്കര്‍ കണ്ടെത്തിയത്. അലമാര ട്രഷറിയില്‍ സൂക്ഷിക്കാന്‍ വ്യവസായമന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് സര്‍ക്കാന്‍ വിജിലന്‍സ് അന്വേഷണം നടത്തും.
കാഡ്‌കോയുടെ വാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് ഹെഡ് ഓഫീസില്‍ പഴയ പെട്ടികളും മറ്റും കിടന്നിടത്ത് ലോക്കര്‍ ശ്രദ്ധയില്‍പ്പെട്ടത്. കാഡ്‌കോ മാനേജിംഗ് ഡയറക്ടറായിരുന്ന പി എന്‍ ഹെന ഇക്കാര്യം വ്യവസായവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ 2012 ജൂണില്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
അന്വേഷണത്തില്‍ ലോക്കര്‍ നിര്‍മിച്ചയാളെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി. പോലീസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ജനുവരി 17നാണ് ലോക്കര്‍ തുറന്ന് പരിശോധിച്ചത്. പവിഴം, മരതകം, ഗോമേതകം ഉള്‍പ്പെടെ വിവിധയിനം കല്ലുകളും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. ഒരു നോട്ട് ബുക്കില്‍ പണം കൈമാറിയതിന്റെ കണക്കുകളും. ഉരുപ്പടികള്‍ ഇ ജെ അലക്‌സാണ്ടറിന്റെ പേരില്‍ ജാമ്യത്തില്‍ വെച്ചതിന്റെ രേഖയുമുണ്ടായിരുന്നു. ഇതോടെയാണ് ഇക്കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറിയത്.