ജില്ലകളില്‍ ബാലവേല വ്യാപകമാകുന്നു

Posted on: March 4, 2013 3:50 pm | Last updated: March 30, 2013 at 7:32 am
SHARE

കണ്ണൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവിനൊപ്പം വിവിധ ജില്ലകളില്‍ ബാലവേലയും വ്യാപകമായി. തൊഴിലാളികള്‍ക്കൊപ്പം നാട്ടിലെത്തുന്ന കുട്ടികളെയാണ് ഏറെയും പലയിടങ്ങളിലും ജോലിക്കായി കൊണ്ടു പോകുന്നത്.
നഗരഗ്രാമ പ്രദേശങ്ങളിലെ ഹോട്ടലുകളിലും കെട്ടിടനിര്‍മാണ മേഖലയിലും നിര്‍മാണ കമ്പനികളിലും 18 വയസ്സിന് താഴെയുള്ളവര്‍ പണിയെടുക്കുന്നതു വ്യാപകമാണ്. മണല്‍വാരല്‍ ജോലിയില്‍ പോലും കുട്ടികളുടെ സാന്നിധ്യമുണ്ടെന്നാണുവിവരം. ഇതിനു പുറമെ, വീട്ടുവേലയ്ക്കായി ജില്ലയിലെത്തുന്ന അന്യസംസ്ഥാന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണ്. കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും വിരളമല്ല. വിവിധ മേഖലകളില്‍ തൊഴിലാളിക്ഷാമം രൂക്ഷമായതോടെയാണു കുട്ടികളെ ജോലിക്കെടുക്കുന്നതെന്നാണു തൊഴില്‍ദാതാക്കളുടെ ന്യായീകരണം.
എന്നാല്‍ കുട്ടികള്‍ക്കു കുറഞ്ഞ വേതനം നല്‍കുന്നതിലൂടെ കൂടുതല്‍ ലാഭമുണ്ടാക്കാനാവും എന്നതാണു ഇതിന് പിന്നിലെ തന്ത്രം. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണു ബാലവേലക്കാരായി ജില്ലയിലുള്ളത്. ദരിദ്രകുടുംബ പശ്ചാത്തലം മുതലെടുത്താണു കുട്ടികളെ ഏജന്റുമാര്‍ എത്തിക്കുന്നത്. ജില്ലയിലെ വിവിധ മേഖലകളിലായി ആയിരത്തിലധികം കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ടെന്നാണു രേഖകളില്ലാത്ത കണക്ക്. എന്നാല്‍ ജില്ലാ അധികൃതരുടെ കൈയില്‍ ഇതുസംബന്ധിച്ച് തെളിവില്ല. കുറഞ്ഞ വേതനത്തിന് പണിയെടുപ്പിക്കുന്നതിനൊപ്പം കടുത്ത ചൂഷണത്തിനും ഇവര്‍ വിധേയരാവുന്നതായുള്ള വിവിധ സംഘടനകളുടെ പഠന റിപോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക നിയമപരിരക്ഷ ഉള്ളതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തി ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ ക്രമേണ ക്രിമിനല്‍, മോഷണം ഉള്‍പ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
മുന്‍കാലങ്ങളില്‍ പോലിസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേകം സ്‌ക്വാഡ് രൂപവത്കരിച്ച് ബാലവേലയ്‌ക്കെതിരെ പരിശോധനകള്‍ നടത്താറുണ്ടെങ്കിലും ഇപ്പോള്‍ നടപടികള്‍ മിക്കയിടത്തും നിലച്ചിരിക്കുകയാണ്. ബാലഭിക്ഷാടനം ഉള്‍പ്പെടെയുള്ളവ തടയാന്‍ എ ഡി എം ചെയര്‍മാനായും ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ കണ്‍വീനറായും കമ്മിറ്റിയുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമല്ല.